ചേർത്തല: ദേശീയപാതയിൽ സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ പരാക്രമം. ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്ന വേളയിൽ ബൈക്കിലെത്തി തന്റെ ഫോട്ടോയെടുക്കാൻ രണ്ട് യുവാക്കൾ ശ്രമിച്ചെന്ന് ആരോപിച്ചാണ് സരിത വീണ്ടും വാർത്ത സൃഷ്ടിച്ചത്. ചേർത്തല ദേശീയ പാതയിൽ വച്ചായിരുന്നു സംഭവം. ചേർത്തല പൊലീസ് സ്‌റ്റേഷന് സമീപത്തു വച്ചു തന്നെയായിരുന്നു സരിത നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.

എറണാകുളത്തേക്ക് കാറിൽ പോവുകയായിരുന്നു സരിത. പിന്നാലെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് യുവാക്കൾ. ആലപ്പുഴ സ്വദേശികളായ യുവാക്കൾ തന്റെ ചിത്രം ഫോണിൽ പകർത്തിയെന്നാണ് സരിത ആരോപിച്ചത്. തുടർന്ന് സരിതയും ഒപ്പമുള്ളവരും ചേർന്ന് ബൈക്ക് യാത്രക്കാരെ മറികടന്ന് തടഞ്ഞു നിർത്തുകയായിരുന്നു.

കാറിൽ നിന്നിറങ്ങിയ സരിത മൊബൈൽ ഫോൺ ബലംപ്രയോഗിച്ച് പിടിച്ചു വാങ്ങുകയും ചെയ്തു. ഉടൻ തന്നെ പൊലീസിനെയും മാദ്ധ്യമങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്തു. സരിതയാണ് താരമെന്ന് അറിഞ്ഞതോടെ പൊലീസും ഊർജ്ജിതമായി നടപടികൾ കൈക്കൊണ്ടു. യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചേർത്തല സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ സരിതയും കൂട്ടരും സ്‌റ്റേഷനിൽ എത്തി. സ്റ്റേഷനിൽ എത്തിയിട്ടും സരിത യുവാക്കൾ ഫോട്ടോ എടുത്തുവെന്നാണ് ആരോപിച്ചത്. എന്നാൽ ഫോട്ടോ കാണാത്തതിനാൽ ചില പൊലീസുകാർ ഇത് വിശ്വസിക്കാൻ തയ്യാറായില്ല. പിന്നീട് യുവാക്കളെ പൊലീസ് വിട്ടയക്കുകയും ചെയ്തു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും നേതക്കളുമായും ഇപ്പോഴും നല്ല ബന്ധം പുലർത്തുന്ന സരിത നിസ്സാര കാര്യങ്ങൾക്ക് പോലും ഇങ്ങനെ വഷളാക്കാറുണ്ട്. ഇത്തരം സംഭവങ്ങൽ അപ്പോൾ തന്നെ വിളിച്ച് പത്രക്കാരെ അറിയിക്കാനും മറക്കാറില്ല. ഇങ്ങനെ അനീതിക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ധീര വനിതയാണ് എന്ന പേരുണ്ടാക്കുകയാണ് സരിതയുടെ ലക്ഷ്യം. മുൻപ് ടിപ്പർ ലോറി ഡ്രൈവറെയും സരിതയുടെ കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത സംഭവമുണ്ടായി. അന്ന് താൻ നിരപരാധിയാണെന്ന് ടിപ്പർഡ്രൈവർ ആവർത്തിച്ച് പറയുകയുണ്ടായി. എന്നാൽ അന്നും സരിതയുടെ പക്ഷം ചേർന്നാണ് പൊലീസ് പ്രവർത്തിച്ചത്.

ഇടക്കിടെ വാർത്തയിൽ നിറഞ്ഞു നിൽക്കാനും വിമർശകരെ പേടിപ്പിക്കാനും ഇത്തരം നടപടികൾ സഹായകമാണെന്ന് സരിതയ്ക്ക് അറിയാം. ഉന്നതരുമായി മാത്രമല്ല സംസ്ഥാനത്തെ അനേകം പത്രപ്രവർത്തകരുമായി സരിതക്ക് അടുത്തബന്ധം ഉണ്ട്. അപ്പോൾ തന്നെ ഇത്തരം വാർത്തകൾ പൊടിപ്പും തൊങ്ങലും വച്ച് അവർ പ്രസിദ്ധീകരിക്കും. ഇതിന്റെ ഭാഗമാണ് സരിത ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുമൊക്കെ. ചെറിയൊരു ഷോർട്ട് ഫിലിം എടുത്ത യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടും സരിത സിനിമയിൽ അഭിനയിച്ചു എന്ന വാർത്ത സൃഷ്ടിച്ചവരാണ് ഈ പത്രക്കാർ. ഇതിന്റെയൊക്കെ തുടർച്ചയായി വേണം ഇന്നലെ നാഷണൽ ഹൈവേയിൽ നടന്ന ഈ നാടകം കാണാൻ. സരിത ഫോട്ടോ എടുത്തെന്ന് ആരോപിക്കുന്ന  ഈ യുവാക്കളെ കണ്ടെത്തി അവരുടെ ഭാഗം നൽകാൻ മറുനാടൻ മലയാളി ശ്രമിക്കുന്നുണ്ട്.