തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ആരു നടത്തുമെന്നകാര്യം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രൻ രാജിവച്ചത് ധാർമികതയുടെ അടിസ്ഥാനത്തിലാണെന്നും കുറ്റമേറ്റല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമായിരുന്നു ശശീന്ദ്രൻ രാജിവെയ്‌ക്കേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ശശീന്ദ്രൻ നൽകിയ രാജികത്ത് ഗവർണർക്ക് കൈമാറി. കുറ്റം ഏറ്റെടുത്തല്ല അദ്ദേഹം രാജിവെച്ചത്. ധാർമികവശം കണക്കാക്കിയാണ് ഇങ്ങനെ തീരുമാനിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരുന്നു രാജി തീരുമാനിക്കേണ്ടിയിരുന്നത്. എന്നാൽ രാജി വെയ്ക്കുന്നുവെന്ന് അദ്ദേഹം തീരുമാനിച്ചപ്പോൾ തിരുത്താനും പോയില്ല. പൊതുസമൂഹം ശശീന്ദ്രന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടു.

ശശീന്ദ്രന്റേതെന്ന പേരിൽ മംഗളം ചാനൽ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണം നടത്താൻ സി.പി.എം നേതൃത്വത്തിൽനിന്നുതന്നെ ആവശ്യം ഉയർന്നിരുന്നു. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചു. ഇതിനു പിന്നാലെ ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ് ബഹ്റയുമായും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുമായും നടത്തിയ കൂടിക്കാഴ്ച നടത്തി. എ.കെ. ശശീന്ദ്രനും രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതേത്തുടർന്നാണ് അന്വേഷണത്തിന് തീരുമാനം ആയത്.

ധാർമികതയുടെ പേരിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും ഫോൺവിളി സംബന്ധിച്ച് അന്വേഷണം വേണമെന്ന് ശശീന്ദ്രനും ഗൗരവമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അനിൽ അക്കര എംഎൽഎ പരാതിയും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സംഭാഷണത്തെ കുറിച്ച് ഗൗരവത്തോടെ അന്വേഷണം നടത്താനാണ് സർക്കാരിന്റെ തീരുമാനം.

പുറത്തുവന്ന വിവാദ ഫോൺസംഭാഷണം ശശീന്ദ്രന്റേതാണോ എന്ന പരിശോധനയാണ് ആദ്യം നടക്കുക. സ്ത്രീകളെ അപമാനിച്ചതിന്റെ പേരിൽ ഉന്നതർക്കെതിരെ മുമ്പുണ്ടായിട്ടുള്ള ആരോപണങ്ങളിലെല്ലാം പരാതിക്കാർ രംഗത്തുവന്നിരുന്നു. എന്നാൽ ഇവിടെ പരാതിക്കാരി ഇല്ല. ആരാണ് മന്ത്രിയോട് ഫോണിൽ സംസാരിച്ചതെന്ന് പോലും വ്യക്തമല്ല. ശശീന്ദ്രനെതിരായ ആരോപണത്തിൽ പരാതിക്കാരാരും രംഗത്തുവന്നിട്ടില്ല. ഞായറാഴ്ച വൈകുംവരെ പൊലീസിനെയോ സർക്കാരിനെയോ പരാതിയുമായി ആരും സമീപിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ഫോൺ വിവാദത്തിൽ പരാതിക്കാർ ഇല്ലാതെ വന്നാൽ ഫോൺ ചോർത്തൽ, പെൺകെണി സാധ്യതകൾ പരിശോധിക്കും. ഗൂഢലക്ഷ്യങ്ങളോടെ സ്ത്രീകളെ ഉപയോഗിച്ച് ഒരു വ്യക്തിയെ കുടുക്കുന്ന രീതിയാണ് പെൺകെണി അഥവാ ഹണി ട്രാപ്പ്. ശശീന്ദ്രൻ സംഭവത്തിൽ ഈ രണ്ടു സാധ്യതകളും പരിശോധിക്കും. മംഗളം ടിവിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്. പുറത്തുവന്ന വിവാദ ശബ്ദരേഖയിൽ സ്ത്രീശബ്ദം ഒഴിവാക്കിയ നിലയിലാണ്. സ്ത്രീയെ അപമാനിക്കുകയായിരുന്നോ എന്നത് സ്ഥിരീകരിക്കുന്നതിന് ഒഴിവാക്കപ്പെട്ട സ്ത്രീശബ്ദം വീണ്ടെടുക്കണം. സ്ത്രീ വിളിച്ചതിനു പുരുഷൻ മറുപടിനൽകുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ.

ബോധപൂർവമായി ആരെങ്കിലും ഫോൺവിവാദം സൃഷ്ടിച്ചതാണെങ്കിൽ കടുത്ത നടപടിയുണ്ടാകും. എല്ലാ തരത്തിലുമുള്ള പരിശോധനയും നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാം. എൻസിപിയിലെ ചിലർ ഇതിന് പിന്നിൽ പ്രവർത്തിച്ചതായി സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 27 പേരുടെ ഫോണുകൾ ചോർത്തുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അനിൽ അക്കര എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം പൊലീസ് പരസ്യമായി നിഷേധിച്ചുവെങ്കിലും പലരുടെയും ഫോണുകൾ ചോർത്തുന്നുണ്ടെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങൾ സമ്മതിക്കുന്നു. ഈ സാധ്യതയും പരിശോധിക്കും.

മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരേ കർശന നടപടി

മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കയ്യേറ്റങ്ങൾ വച്ചുപൊറുപ്പിക്കില്ല. കയ്യേറ്റങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റുന്ന കാര്യം ചർച്ച ചെയ്തില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. എസ്. രാജേന്ദ്രൻ എംഎൽഎയുടെ വീട് പട്ടയഭൂമിയിലാണെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ നേരത്തേതന്നെയുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഭൂപ്രശ്‌നങ്ങൾക്കൊപ്പം കർഷകരുടെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി കണ്ടു നടപടിയെടുക്കില്ല. മൂന്നാറിൽ ഭൂപ്രകൃതി കണക്കാക്കിയുള്ള നിർമ്മാണങ്ങളാണ് വേണ്ടത്. മൂന്നാറിൽ റിസോർട്ടുകൾക്കു നിയന്ത്രണം കൊണ്ടുവരും. അവിടെ താമസിക്കാൻ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള റിസോർട്ടുകൾ മതിയാകും. അങ്ങനെ നിർമ്മിക്കുന്നവ പരിസ്ഥിതിക്ക് ഇണങ്ങുന്നവ ആയിരിക്കണം.

മൂന്നാറിലെ പരിസ്ഥിതിക്ക് കോട്ടം തട്ടരുതെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട്. അതിനൊപ്പം തന്നെയാണ് ഇടുക്കിയിലെ ജനങ്ങളും. ഭൂപ്രകൃതി സംരക്ഷിക്കുക എന്നതിനൊപ്പം ജനങ്ങളെയും പരിഗണിക്കുക എന്നാണ് സർക്കാർ നയം. കർഷകർക്ക് പട്ടയം ലഭിച്ചു. തുടർന്ന് മരം വച്ചുപിടിപ്പിച്ചെങ്കിലും മരം മുറിക്കാൻ അനുമതി ലഭിക്കുന്നില്ല എന്നൊരു പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ മുറിക്കാവുന്ന 28 മരങ്ങൾ നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ട്. അതിനെ എതിർക്കേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്.

മറ്റൊരു പ്രശ്‌നം വീടുവയ്ക്കുന്നതാണ്. വീടുവയ്ക്കുന്നതിന് ഹൈക്കോടതി പറഞ്ഞത് റവന്യൂ അധികൃതർ അനുമതി നൽകണമെന്നാണ്. സബ് കലക്ടർ ആണ് ഇപ്പോൾ അനുമതി നൽകുന്നത്. പലപ്പോഴും സബ് കലക്ടർക്ക് ഇത്രയും വലിയ പ്രദേശം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നാണ് പരിശോധിക്കുന്നത്. റവന്യൂവകുപ്പ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, എസ്. രാജേന്ദ്രൻ എംഎൽഎ ഭൂമി കയ്യേറിയെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. എംഎൽഎ ഭൂമി കയ്യേറി എന്നു പറയുന്നത് കേവലം ആരോപണം മാത്രമാണ്. രാജേന്ദ്രൻ വീട് നിർമ്മിച്ചത് പട്ടയഭൂമിയിൽ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന് സി.പി.എം പ്രാദേശിക നേതൃത്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സബ് കളക്ടറെ മാറ്റില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ഭരണകക്ഷിയിൽപ്പെട്ട നേതാക്കൾ മൂന്നാർ ടൗണിലെ 10 ഏക്കർ സർക്കാർ ഭൂമി കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്നാണ് ആരോപണം. പ്രദേശത്തു പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ നേരിടാൻ ഇവർ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചു.

മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സർക്കാർ ഭൂമി പാർട്ടിക്കാർ കയ്യേറി പാർട്ടി ഗ്രാമമാക്കി മാറ്റിയെന്നാണ് ആരോപണം. മുൻ ഏരിയാ സെക്രട്ടറിയാണ് സർക്കാർ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും ഒടുവിൽ എസ്. രാജേന്ദ്രൻ എംഎൽഎയും സർക്കാർ ഭൂമിയുടെ അവകാശികളായെന്നും ആരോപിക്കപ്പെടുന്നു.