ബെംഗളൂരു: അണ്ണാ ഡിഎംകെ (അമ്മ) ജനറൽ സെക്രട്ടറി ശശികലയ്ക്ക് ജയിലിൽ സുഖജീവിതം. ചിന്നമ്മയുടെ ആഡംബര ജീവിതത്തിന് തെളിവായി വിഡിയോ പുറത്തു വന്നു. ജയിലിൽ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ശശികല സ്വതന്ത്ര്യയായി വിഹരിക്കുന്ന രംഗമാണ് ഒരു കന്നട ചാനൽ പുറത്തുവിട്ടത്.

പട്ടുടുത്ത്, പൊട്ടുതൊട്ടാണ് ശശികല ജയിലിൽ കഴിയുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ജയിൽ വസ്ത്രം ശശികലയ്ക്ക് നിർബന്ധമല്ല. ഉല്ലാസവതിയായി, പൊലീസ് ഉദ്യോഗസ്ഥരോടു കുശലം പറഞ്ഞ് തന്റെ പ്രത്യേക ഭക്ഷണപാത്രവുമായി സെല്ലിലേക്ക് പതുക്കെ ശശികല നടന്നുപോകുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. ശശികലയുടെ ആവശ്യത്തിനായി അവരെ പാർപ്പിച്ചിരിക്കുന്ന ബാരക്കിലെ അഞ്ച് സെല്ലുകൾ ഒഴിപ്പിച്ചു തുറന്നിട്ടിരിക്കുകയാണെന്നു സ്ഥലംമാറ്റപ്പെട്ട ഡിഐജി ഡി. രൂപ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.

പ്രത്യേകം പാത്രങ്ങളിലാണു ശശികലയ്ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. നിരവധി സൗകര്യങ്ങൾക്കൊപ്പം പ്രത്യേക കിടക്കയുൾപ്പെടെയുള്ളവയും ശശികലയ്ക്കു ജയിലിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ശശികലയ്ക്കു പ്രത്യേക മുറിയാണ് നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ സന്ദർശകരോടു സംസാരിക്കുന്നുണ്ട്. പ്രത്യേക പരിഗണനയ്ക്കായി ശശികല ജയിൽ ഡിജിപി ഉൾപ്പെടെയുള്ളവർക്കായി രണ്ടുകോടി രൂപ കൈക്കൂലി നൽകിയതായി ഡി. രൂപ ആരോപിച്ചിരുന്നു.

ശശികലയ്ക്കു നൽകിയ പ്രത്യേക സൗകര്യങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയെങ്കിലും ഇവ മനപ്പൂർവം മായ്ച്ചുകളഞ്ഞതായും അവർ പിന്നീടു വ്യക്തമാക്കി. സർക്കാരിനു നൽകിയ റിപ്പോർട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയ്ക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച അവരെ ഗതാഗത വകുപ്പിലേക്കു സ്ഥലംമാറ്റിയിരുന്നു.