ലണ്ടൻ: ഇംഗ്ലണ്ടിലെ ക്രോയ്‌ഡോണിൽ മെയ് രണ്ടിന് നടക്കേണ്ടിയിരുന്ന ഹിന്ദുമത കൺവെൻഷനിൽ പ്രസംഗിക്കാനായി വീസയ്ക്ക് അപേക്ഷിച്ചിരുന്ന ശശികല ടീച്ചർക്കും എൻ.ഗോപാലകൃഷ്ണനും ഒടുവിൽ ബ്രിട്ടീഷ് എംബസ്സി വിസ നൽകി. ഇരുവരും എത്താതിരുന്നതിനെത്തുടർന്ന് മാറ്റിവെയ്ക്കപ്പെട്ട കൺവെൻഷൻ പുതിയ തീയതിയിൽ നടത്താൻ ഒരുങ്ങുകയാണ് സംഘാടകർ.

തീവ്ര ഹിന്ദു നിലപാടുകൾ പ്രസംഗിക്കുന്നതിലൂടെ വിവാദനായികയായി മാറിയ ശശികല ടീച്ചർക്കും എൻ.ഗോപാലകൃഷ്ണനും ജനുവരി 29 മുതൽ ആറുമാസത്തേയ്ക്കാണ് വീസയെന്നാണ് അറിയുന്നത്. വീസ അനുവദിച്ചിരുന്നെങ്കിലും ചില കേന്ദ്രങ്ങളിൽനിന്ന് പരാതിയുയർന്നതിനെത്തുടർന്ന് എംബസ്സി പാസ്‌പോർട്ട് പിടിച്ചുവെയ്ക്കുകയായിരുന്നു.

ഇരുവരെയും കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കുന്നതിനുള്ള കാലതാമസം കൊണ്ടാണ് പാസ്‌പോർട്ട് തിരികെ നൽകാതിരുന്നതാണെന്നാണ് റിപ്പോർട്ട്. ശശികലയും ഗോപാലകൃഷ്ണനും ബ്രിട്ടനിൽ എത്തി പ്രസംഗിക്കുന്നതിനെതിരെ ചില സംഘടനകൾ ബ്രിട്ടീഷ് എംബസ്സിക്കും ഹോം ഓഫീസിനും പരാതിനൽകുകയായിരുന്നു. ഇവർ വരുന്നത് സാമുദായിക സ്പർധ വളർത്തുമെന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്.

ഇരുവർക്കും വീസ നിഷേധിച്ചുവെന്ന റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നിരുന്നു. ഇത് പ്രതിഷേധത്തിനുമിടയാക്കി. എന്നാൽ, വീസ നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് എംബസ്സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. പരിശോധനകൾ പൂർത്തിയാകുംവരെ പാസ്‌പോർട്ട് പിടിച്ചുവെയ്ക്കുക മാത്രമാണ് ഉണ്ടായത്. വീസ അനുവദിച്ചതോടെ, ശശികല ടീച്ചറും ഗോപാലകൃഷ്ണനും ഹിന്ദു മത കൺവെൻഷനായി ബ്രിട്ടനിലേക്ക് പോകും. കൺവെൻഷന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ബ്രിട്ടണിലെ ആദ്യ ഹിന്ദുമത പരിക്ഷത്തിന് ശശികല ടീച്ചറെ എത്തിക്കാനായിരുന്നു ബ്രിട്ടണിലെ ഹിന്ദു ഐക്യവേദിയുടെ ശ്രമം. ശശികല ടീച്ചറിന് മാത്രമല്ല, പരിപാടിയിൽ പങ്കെടുക്കാൻ ഇരുന്ന സർവ്വസമ്മതനായ ഹിന്ദുമത പ്രഭാഷകൻ ഗോപാലകൃഷ്ണനും വിസ ലഭിച്ചില്ല. ശശികല ടീച്ചറെ ക്ഷണിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനെതിരെ ഹിന്ദു സമുദായത്തിൽ തന്നെ ഭിന്നത രൂക്ഷമായിരുന്നു. ആദ്യ ഘട്ടത്തിൽ അതിശക്തമായി വളർന്ന ഹിന്ദു സമാജത്തിനും ഈ നീക്കം തിരിച്ചടി ആയിരുന്നു. വിസ നിഷേധിച്ചതാവട്ടെ ബ്രിട്ടീഷ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള അനേകം പേർക്ക് യുകെയിൽ നിന്നും തന്നെ നിരവധി പരാതികൾ പ്രവഹിച്ചതോടെയാണ്. എന്നാൽ ഉന്നത ഇടപെടലുകളിലൂടെ ശശികല ടീച്ചറിന് അനുകൂലമായ തീരുമാനം എടുപ്പിക്കാൻ ഹിന്ദു മതപരിഷത്തിനായി.

ശശികലക്ക് ആദ്യം വിസ അനുവദിച്ച ശേഷം പിന്നീടു ചെന്നൈയിലെ എംബസി അധികൃതർ തിരിച്ചെടുക്കുക ആയിരുന്നു. ശശികല വരുന്നത് സംബന്ധിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അവരെ ഒഴിവാക്കി പരിപാടി നടത്തുന്നത് സംബന്ധിച്ച് ചില ചർച്ചകൾ ഉയർന്നിരുന്നെങ്കിലും സംഘാടകർ അതിന് തയ്യാറായില്ല. വിസ അനുവദിക്കപ്പെടതോടെ പരിപാടിക്ക് ശശികല ടീച്ചറെത്തുമെന്നും ഉറപ്പായി. തുടങ്ങിയപ്പോൾ സമൂഹം ഒന്നായി പിന്തുണച്ചിരുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദി പിന്നീട് വർഗ്ഗീയ ചേരിതിരിവിന്റെ സ്വരം ഉയർത്തിയതോടെ ഹൈന്ദവ സമൂഹത്തിൽ നിന്ന് തന്നെ പ്രതിഷേധം ഏറ്റുവാങ്ങുക ആയിരുന്നു. ഇതിനിടയിൽ ആദ്യ ഹിന്ദു പരിഷത്തിൽ കേരളത്തിലെ ഹിന്ദു മത പ്രചാരക ശശികല ടീച്ചറെ മുഖ്യ അതിഥി ആക്കാനുള്ള തീരുമാനം വ്യാപക എതിർപ്പ് ക്ഷണിച്ചു വരുത്തുക ആയിരുന്നു.

സോഷ്യൽ മീഡിയ അടക്കം ശക്തമായി എതിർപ്പ് ഉയർത്തിയെങ്കിലും സംഘാടകർ പ്രഖ്യാപിച്ച പരിപാടിയുമായി മുന്നോട്ടു നീങ്ങുക ആയിരുന്നു. എന്നാൽ ശശികലയെ എത്തിക്കാനുള്ള നീക്കം സംഘാടകർ ഉപേക്ഷിക്കുന്നില്ലെന്നു വ്യക്തമാക്കിയപ്പോൾ ക്രോയിഡോൺ കേന്ദ്രീകരിച്ചു ഒരു സംഘം ആളുകൾ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ഹോം സെക്രട്ടറി തെരേസ മേ, ഹോം ഓഫീസ്, ബോർഡർ ഏജൻസി, പരിപാടി നടക്കാനിരുന്ന ക്രോയിഡോൺ ലങ്ഗ് ഫ്രാക് സ്‌കൂൾ അധികൃതർ, ലണ്ടനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകി. ഇത് വലിയ ചർച്ചകളും ആയി. യൂടുബിൽ വിമർശനവുമായി ഗോപാലകൃഷ്ണനും അതിന് മറുപടിയുമായി ജയ്പ്രകാശ് പണിക്കറുമെത്തി. ഇതിനിടെ ഹിന്ദുമത പരിഷത്ത് ചരട് വലികളുമായി സജീവവുമായി. ഇതിന്റെ വിജയമാണ് വിസ നൽകൽ.