തിരുവനന്തപുരം: ഐഎസ്ആർഒയിലെ ക്രയോജനിക് എഞ്ചിൻ വികസനം അടക്കമുള്ള നമ്പി നാരായണന്റെ അവകാശവാദങ്ങൾ വെറും തള്ളുമാത്രമെന്ന് അദ്ദേഹത്തോടൊപ്പം ചാരക്കേസിൽ പ്രതിയാക്കപ്പെട്ട ശശികുമാർ. നടൻ മാധവൻ നായകനായി 'റോക്കട്രി ദ നമ്പി ഇഫക്ട്' എന്ന സിനിമയിൽ ഐഎസ്ആർഒയിലെ മുഖ്യ ശാസ്ത്രജ്ഞൻ താനാണെന്ന് തരത്തിൽ പ്രചരിപ്പിക്കുന്നത് നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശശികുമാർ, നമ്പിക്ക് എതിരെ ആഞ്ഞടിക്കുന്നത്.

ഐ.എസ്.ആർ.ഒയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ എന്ന് പചരിപ്പിക്കുന്നത് വളരെ കഷ്ടമാണെന്ന് പറഞ്ഞാൽ പോരെന്നും അത് ക്രൂരവും രാജ്യദ്രോഹമാണെന്നാണ് ശശികുമാർ പറയുന്നത്. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ അപമാനിക്കുകയാണ്. നമ്മുടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ്. നമ്പിയേക്കാൾ നൂറിരട്ടി സേവനം ഐ.എസ്.ആർ.ഒയ്ക്കുവേണ്ടി ചെയ്ത ഉന്നത ശാസ്ത്രജ്ഞർ ഇത് നിസ്സഹായരായി കേൾക്കുകയാണ്. സിനിമയുടെ വിജയത്തിനു വേണ്ടി മസാലകൾ ചേർക്കുന്നത് മനസിലാക്കാം. പക്ഷെ, അത് വസ്തുതകൾക്ക് വിരുദ്ധമാവാൻ പാടില്ല. കേൾക്കുന്ന ആളുകൾ വിഡ്ഢികളാണെന്ന് തോന്നിയാൽ അവരെ എന്തും പറഞ്ഞ് വിശ്വസിപ്പിക്കാൻ നമ്പി നാരായണൻ വളരെ വിദഗ്ധനാണ്. ഐ.എസ്.ആർ.ഒയിലെ ഒരാളു പോലും നമ്പിയുടെ ഈ അവകാശവാദം അംഗീകരിക്കില്ലെന്ന് മാത്രമല്ല, പുച്ഛിച്ച് തള്ളുകയും ചെയ്യും. ശുദ്ധമായ മലയാളത്തിൽ പറഞ്ഞാൽ പോക്രിത്തരമാണ് നമ്പി കാട്ടുന്നതെന്നും ശശികുമാർ പറയുന്നു.

നമ്പി നാരായണന് പത്മഭൂഷൺ കിട്ടിയത് അനർഹമായാണെന്നും, അദ്ദേഹം പറയുന്ന ബഡായികൾ വിശ്വസിക്കുന്ന പത്രക്കാരാണ് അദ്ദേഹത്തെ ഉയർത്തി കൊണ്ടുവരുന്നതെന്നും ശശി കുമാർ വിമർശിച്ചു. നമ്പിക്ക് പത്മഭൂഷൻ കൊടുക്കാൻ ഐ.എസ്.ആർ.ഒയിൽനിന്ന് ഒരു ശുപാർശയും പോയിട്ടില്ല. ഐ.എസ്.ആർ.ഒയിൽ നിന്ന് വെളിയിൽ പോയി 15 വർഷം കഴിഞ്ഞ് കിട്ടിയ പത്മഭൂഷൻ ഐഎസ്ആർഒയുടെ അക്കൗണ്ടിൽ പെടുത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

റോക്കട്രി സിനിമയിൽ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിച്ചെന്നും 90ശതമാനം അവാസ്തവമായ കാര്യങ്ങളാണ് സിനിമയിൽ കാണിച്ചതെന്നും ശശികുമാർ വിലയിരുത്തി. ഐഎസ്ആർഒ എന്ന വലിയ സ്ഥാപനത്തെപ്പറ്റി തെറ്റായ കാര്യങ്ങളാണ് സിനിമ പ്രചരിപ്പിക്കുന്നത്. സിനിമയിൽ എ പി ജെ അബ്ദുൾ കലാമിനെ തിരുത്തുന്നതായി കാണിച്ചിരിക്കുന്ന സംഭവവും നുണയാണ്. കലാമിന്റെ കൂടെ നമ്പി ഒരു പ്രോജക്റ്റിലും ഒന്നിച്ചുജോലി ചെയ്തിട്ടില്ല. നമ്പി ആരാണെന്ന് ഐ.എസ്.ആർ.ഒയിലുള്ള എല്ലാവർക്കും അറിയാം. ഒക്കെ അദ്ദേഹത്തിന്റെ നാട്യങ്ങളാണ്. സൂക്ഷ്മമായി അന്വേഷിക്കാത്തതുകൊണ്ടാണ് നമ്പിയെ കുറിച്ച് കൃത്യമായി അറിഞ്ഞുകൂടാത്തതെന്നും ശശികുമാർ പറഞ്ഞു.

നമ്പി നാരായണനെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചു എന്നുപറയുന്നതിലും കഥയില്ല. താൻ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ കിടന്നപ്പോൾ നമ്പി രണ്ടോ മൂന്നോ ദിവസം മാത്രമാണ് കിടന്നത്. തനിക്ക് മർദ്ദനമൊന്നും ഏറ്റില്ലെന്നും, ഐ.ബി. ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വളരെ മാന്യമായാണ് ചോദ്യം ചെയ്തതെന്നും ശശികുമാർ പറഞ്ഞു. നമ്പിയെ അറസ്റ്റ് ചെയ്യുമ്പോഴേക്കും സിബിഐക്ക് കൈമാറാനുള്ള ഉത്തരവിറങ്ങിയതുകൊണ്ട് പൊലീസ് കസ്റ്റഡിയിലും അധികം ചോദ്യം ചെയ്തില്ലെന്നും വലിയ പീഡനം ഉണ്ടായി എന്നത് നമ്പിയുടെ കുപ്രചാരണം ആണെന്നും ശശികുമാർ തുറന്നടിച്ചു. ചാരക്കേസിൽ പ്രതിയാക്കപ്പെട്ട് അന്യായമായി പീഡിപ്പിക്കപ്പെട്ടു എന്ന പേരിൽ എല്ലാവരെയും വഞ്ചിച്ചുകൊണ്ടാണ് നമ്പി ഒരുകോടി 91 ലക്ഷം നഷ്ടപരിഹാരം വാങ്ങിയതെന്നും ശശികുമാർ വിമർശിച്ചു

ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്നതിൽ നമ്പിയുടെ യഥാർഥ കോൺട്രിബൂഷൻ ഒന്നുമില്ലെന്നും ശശികുമാർ പറഞ്ഞു. 1994-ൽ നമ്പി ക്രയോസിസ്റ്റം പ്രോജക്ടിന്റെ ഡയറക്ടറായി ചാർജെടുത്തപ്പോൾ റഷ്യയിൽനിന്ന് ടെക്‌നോളജി കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്പിയെ അറസ്റ്റ് ചെയ്തതു കൊണ്ട് ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാൻ വൈകി എന്നുപറയുന്നതിലും വസ്തുതയില്ല. വൈക്കിങ് എഞ്ചിന്റെ ടെകനോളജി ട്രാൻസ്ഫറിന് വേണ്ടി ഇന്ത്യ ഫ്രാൻസിലേക്കയച്ച 53 അംഗസംഘത്തിന്റെ ലീഡർ നമ്പി ആയിരുന്നു. പക്ഷെ, നയിച്ചു എന്നൊക്കെപ്പറയുന്നത് തന്നെ ശരിയല്ലെന്നും, ഇവിടെ നിന്നയച്ച സംഘത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തിയത് നമ്പിയെ ആണെന്നും ശശികുമാർ അഭിമുഖത്തിൽ പറഞ്ഞു. സ്‌കോട്ലണ്ടിൽനിന്ന് കോടിക്കണക്കിന് രൂപ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് സൗജന്യമായി ലഭ്യമാക്കാൻ നമ്പിയാണ് കാരണമായതെന്ന് സിനിമയിൽ പറയുന്നത് മസാലയാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച സിബിഐ. ഓഫീസർമാർക്ക് നമ്പി ഭൂമി നൽകിയതിനെ കുറിച്ച് തനിക്കറിയില്ലെന്നും എന്നാൽ, തമിഴ്‌നാട്ടിൽ നമ്പിക്ക് ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്നും അഭിമുഖത്തിൽ പറയുന്നു. ചാരക്കേസിൽ തന്നെ ഉൾപ്പെടുത്തിയതിൽ കേസെടുത്ത വിജയനോ അന്വേഷണ സംഘത്തലവൻ സിബി മാത്യുവിനോ തന്നോട് പൂർവ വിരോധം ഒന്നുമില്ലെന്നും ശശികുമാർ വ്യക്തമാക്കുന്നുണ്ട്.

താൻ ജനിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് എന്തോ സംഭവിക്കുമായിരുന്നു എന്ന രീതിൽ നമ്പി പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും എല്ലാവരും വിഡ്ഢികളാണെന്ന് ധരിക്കാൻ പാടുണ്ടോ എന്നും ശശികുമാർ ചോദിച്ചു. ഒരു സ്‌പേസ് പ്രോഗ്രാം ഒരാളോ രണ്ടാളോ നൂറാളോ വിചാരിച്ചാൽ നടക്കുന്നതാണോ എന്നും ഐഎസ്ആർഒയെ അപമാനിക്കലാണ് ഇതെന്നും ശശികുമാർ അഭിമുഖത്തിൽ പറഞ്ഞു.

ശശികുമാർ ഐഎസ്ആർഒ ഫാബ്രിക്കേഷൻ ആൻഡ് ടെകനോളജി ഡിവിഷനിലെ സീനിയർ ശാസ്ത്രജ്ഞനായിരുന്നു. വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് ശശികുമാർ ജോലി ചെയ്തിരുന്നത്. 1986 മുതൽ 89 വരെ വി എസ്.എസ്.സിയിൽ ഇൻഡസ്ട്രിയൽ ലെയ്സൺ പ്ലാനിങ് ഡിവിഷന്റെ തലവനായിരുന്നു. 1990 മെയ് മുതൽ ഫോട്ടോ ഫാബ്രിക്കേഷൻ ആൻഡ് ടെക്‌നോളജി ഡിവിഷനിൽ ജനറൽ മാനേജരായി.