തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാർ ഉണ്ട ചോറിന് നന്ദിയില്ലാത്ത വർഗ്ഗം! പറയുന്നത് മറ്റാരുമല്ല, ഒരിക്കൽ പാലോളി മുഹമ്മദ് കൂട്ടി മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശശികുമാര വർമ്മയാണ്. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ആഞ്ഞടിച്ചു അദ്ദേഹം രംഗത്തുവന്നത് ശബരിമല വിഷയത്തിൽ പന്തളം രാജകൊട്ടാരവുമായി കൊമ്പു കോർത്തതു കൊണ്ടാണ്. കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവുകാലത്ത് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി തന്റെ സമുദായത്തോട് ഇപ്പോൾ കാണിക്കുന്നില്ലെന്നാണ് പന്തളം രാജകുടുംബാംഗം ശശികുമാര വർമ പറഞ്ഞു. അഖില കേരള തന്ത്രി മണ്ഡലത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സർക്കാരിൽനിന്നു ശമ്പളം വാങ്ങിയ താൻ, കഴിച്ച ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്നാണ് സർക്കാർ പറയുന്നത്. പി.എസ്.സി. പരീക്ഷ ജയിച്ചാണ് സെക്രട്ടേറിയറ്റിൽ ജോലിക്കു പോയത്. അല്ലാതെ പന്തളം കൊട്ടാരം പ്രതിനിധിയായിട്ടല്ല. ഒളിവുകാലത്ത് കമ്യൂണിസ്റ്റ് നേതാക്കളെ പൊലീസിൽനിന്നു രക്ഷിച്ചതുകൊട്ടാരത്തിലെ അറയാണ്. അന്ന് കഴിച്ച ചോറിന്റെ നന്ദി കാണിക്കാൻ സർക്കാർ തയ്യാറാകണം. സ്ത്രീകൾക്കു പ്രസംഗങ്ങളിൽ നൽകുന്ന പ്രാധാന്യം രാഷ്ട്രീയക്കാർ പ്രവൃത്തിയിൽ നൽകുന്നില്ല. ഭരണഘടന ഭേദഗതിവന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സീറ്റും സംവരണവും നൽകാൻ അവർ നിർബന്ധിതരായത്. സ്ത്രീകൾക്കു സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ഹൈന്ദവ സമുദായമാണ്.

തന്ത്രി എന്ന വാക്കിന്റെ 'ത' മാറ്റി 'മ' ആക്കുമ്പോൾ വലിയ ആളാകാമെന്ന് കരുതുന്നവർ തന്ത്രി എന്ന വാക്കിനെ അശ്ലീലവാക്കായാണ് ഇപ്പോൾ കാണുന്നത്. അർഹതയില്ലാത്ത നേതാക്കൾ ഉന്നതസ്ഥാനങ്ങളിൽ എത്തുമ്പോഴാണ് മോശം പരാമർശങ്ങൾ നടത്തുന്നത്. ഏതൊരു വിഷയത്തെയും രാഷ്ട്രീയമായി തമ്മിലടിപ്പിക്കരുത്. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളിൽ മാറ്റംവരുത്താൻ ചില ചിട്ടവട്ടങ്ങളുണ്ട്. ജനങ്ങളുടെ മനസ്സിൽ മാറ്റത്തിനെ ഉൾക്കൊള്ളാനുള്ള അനുകൂല അന്തരീക്ഷം ഒരുക്കിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ സമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനാവുമെന്ന് ഈ പ്രതിസന്ധി കൊണ്ടു തെളിയിക്കാനായെന്നു തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതീബായി പറഞ്ഞു. മതത്തിന്റെ മറ്റു കോട്ടങ്ങൾ കൂടി ഇതിനൊപ്പം പരിഹരിക്കണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ്. വിഷ്ണു നമ്പൂതിരി, സംസ്ഥാന പ്രസിഡന്റ് നീലമന വി.ആർ. നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണൻ പോറ്റി, കെഡിആർബി ചെയർമാൻ എൻ. രാജഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം രാജകൊട്ടാരവും ദേവസ്വം ബോർഡും തമ്മിൽ കടുത്ത ഭിന്നതയയിലായിരുന്നു. ഈ ഭിന്നത മൂർച്ഛിച്ച് ശരിക്കും വഷളാകുകയും ചെയ്തു. ഇതിനിടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട ആശങ്കകളും ഉയർന്നത്. മകരസംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താൻ കൊണ്ടുവരുന്ന തിരുവാഭരണം മടക്കി കിട്ടുമോ എന്ന ആശങ്ക പന്തളം കൊട്ടാരം ഉന്നയിച്ചു. ഇതിന് കാരണം സർക്കാറും ദേവസ്വം ബോർഡുമായുള്ള മോശം ബന്ധമായിരുന്നു. ശബരിമല ക്ഷേത്രത്തിന് മേൽ അവകാശ തർക്കം അടക്കം ഉണ്ടായ സാഹചര്യത്തിലായിരുന്നു ആശങ്ക. ഇതോടെ ദേവസ്വം പ്രതിനിധികൾ കൊട്ടാരത്തിലെത്തി ചർച്ച നടത്തി വിഷയം പരിഹരിച്ചത് കഴിഞ്ഞ ദിവസമാണ്.

തിരുവാഭരണങ്ങൾ തിരിച്ചേർപ്പിക്കുമെന്ന് ദേവസ്വം ബോർഡിൽ നിന്നും കൊട്ടാരം ഉറപ്പു വാങ്ങുകയായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തിരുവാഭരണം തിരിച്ചുനൽകാതിരിക്കാൻ ദേവസ്വം ബോർഡും സർക്കാരും ശ്രമിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നതിനാലാണ് പന്തളം കൊട്ടാരം ആശങ്ക ദേവസ്വം ബോർസിനെ അറിയിച്ചത്. ഇതേത്തുടർന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷൻ പി.ആർ.രാമൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, കമ്മിഷണർ എൻ.വാസു, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നാരായണൻ എന്നിവർ കൊട്ടാരത്തിൽ എത്തി കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാരവർമ, സെക്രട്ടറി നാരായണവർമ എന്നിവരുമായി ചർച്ച നടത്തി. തിരുവാഭരണങ്ങൾ അതുപോലെ തിരിച്ചേൽപ്പിക്കുമെന്നു രേഖാമൂലം ഉറപ്പു നൽകണമെന്നു ശശികുമാരവർമ ആവശ്യപ്പെട്ടു.

തിരുവാഭരണത്തിന്റെ പട്ടിക തയാറാക്കിയാണ് സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങുന്നതെന്നും അതുപോലെ തിരിച്ചു നൽകുമെന്നും ദേവസ്വം കമ്മിഷണർ ഉറപ്പു നൽകി. രേഖാമൂലം വേണമെന്ന് അവശ്യപ്പെട്ടപ്പോൾ യോഗത്തിന്റെ മിനിറ്റ്സിൽ ഉൾപ്പെടുത്താമെന്ന ഉറപ്പും നൽകി. തിരുവാഭരണ ഘോഷയാത്രയ്ക്ക് വിപുലമായ സുരക്ഷ ഒരുക്കുമെന്നു ജില്ലാ പൊലീസ് മേധാവിയും ഉറപ്പുനൽകി. പുറത്ത് ആരെയും അറിയിക്കാതെ രഹസ്യമായാണ് ദേവസ്വം ബോർഡ് ചർച്ചക്ക് എത്തിയത്. മാധ്യമങ്ങൾ വിവരങ്ങൾ അറിയാതെ രഹസ്യമാക്കണമെന്നും ദേവസ്വം ബോർഡ് നിർദ്ദേശിച്ചിരുന്നു. അതിനാൽ കൊട്ടാരത്തിൽ നിന്നും സൂചനകൾ നൽകിയില്ല. ശനിയാഴ്ച വൈകിട്ട് ചർച്ചകൾക്ക് ഇവർ എത്തിയ ശേഷമാണ് വിശ്വാസികൾ അറിയുന്നത്.