തിരുവനന്തപുരം: മുറ്റത്തെ തെങ്ങിൽ നിന്ന് വീണ തേങ്ങ, മുട്ടറ്റം വളർന്ന് നിൽക്കുന്ന കാട്, ദ്രവിച്ച് തീരാറായ ഗേറ്റ്, അടിഞ്ഞു പൊളിഞ്ഞ മതിന് പകം ഓല അടുക്കി വച്ച മതിൽകെട്ട്. പൊട്ടിപ്പൊളിഞ്ഞതും മുഷിഞ്ഞതുമായ വീട്. ദൂരദർശന്റെ ഭൂതല സംപ്രേഷണത്തെ അനുസമരിക്കുന്ന ആന്റിന വീടിന് മുകളിലും.-തീർത്തും ദുരൂഹമാണ് കാര്യങ്ങൾ. പൊലിസിന് കത്തെഴുതി വിവരമറിയിച്ച് തിരുവനന്തപുരം നഗരത്തിലെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്ത് ശാസ്തമംഗലംകാർ. ഈ കുടുംബത്തിനെ കുറിച്ച് നാട്ടുകാർക്ക് ആർക്കും ഒരു പിടിയുമില്ല.

തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്‌സ് ലെയ്ൻ എഫ്43 വനമാലിയിൽ റിട്ട.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ സുകുമാരൻ നായർ (65), ഭാര്യ ആനന്ദവല്ലി (60), മകൻ സനത് (40) എന്നിവരാണ് മരിച്ചത്. ഇവരെ വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം പൊലീസിന് വീട്ടുകാർ കത്തയിച്ചിരുന്നു. കത്ത് വൈകിട്ട് ഏഴുമണിയോടെ കിട്ടിയതനുസരിച്ചു മ്യൂസിയം പൊലീസ് വീട്ടിലെത്തിയപ്പോഴാണു മൂവരും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഫാനിൽ കയറിട്ടാണ് തൂങ്ങിയത്. മൂന്നു മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

തങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിവരമറിയിക്കണമെന്നും മരണനാനന്തര ചടങ്ങുകൾക്കായുള്ള പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് കിട്ടിയ കത്തിലുണ്ടായിരുന്നു. ഒരു ബന്ധുവിന്റെ ഫോൺ നമ്പറുമുണ്ടായിരുന്നു. പൊലിസ് ഈ നമ്പറിൽ ബന്ധപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം കത്തിൽ സൂചിപ്പിച്ചിട്ടില്ല. വീട്ടിൽ നിന്ന് ഒരു കത്തു കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങൾ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ഈ കത്തിൽ നിന്ന് ആത്മഹത്യയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സുകുമാരൻ നായരുടെ കുടുംബത്തിന് അയൽക്കാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. തങ്ങൾ അടുപ്പത്തിന് ശ്രമിച്ചിരുന്നെങ്കിലും അവർ തയ്യാറായിരുന്നില്ലെന്നും മിക്ക സമയത്തും ഗേറ്റ് അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു പതിവ്.

ഇവർ പുറത്തിറങ്ങുന്നതും കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് എന്തെങ്കിലും സാമ്പത്തികപ്രശ്‌നമോ മറ്റു ബുദ്ധിമുട്ടുകളോ ഉള്ളതായി ആർക്കും അറിയില്ല.

കല്യാണം വിളിക്കാൻ പോലും ആരേയും കേറ്റില്ല, രാത്രിയിൽ ഉയരുന്നത് ശംഖുനാദം

കല്ല്യാണം വിളിക്കാൻ ചെന്നാൽ പോലും തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ് സുകുമാരൻ നായർ തടയും. അയൽപക്കത്തെ രണ്ട് കല്യാണം ക്ഷണിക്കാൻ ചെന്നവർക്കായി വാതിൽ തുറന്നില്ല. എല്ലാ ദിവസവും രാത്രി 12 വീട്ടിനുള്ളിൽ പൂജയോ പ്രാർത്ഥനയോ നടക്കാറുണ്ടെന്നും പറയുന്നു. ശംഖുനാദവും മണിയടി ശബ്ദവും പതിവാണ്. തേങ്ങ ഇടാൻ ആളെ വീട്ടിൽ കയറ്റില്ല. അതുകൊണ്ട് തേങ്ങ ഉണങ്ങി വീഴുന്നതു വരെ കാത്തിരിക്കുന്ന കുടുംബം.

കഴിഞ്ഞ ദിവസം തൊട്ടടുത്ത ഇടവഴിയിലൂടെ കുട്ടി നടക്കുമ്പോൾ തേങ്ങ വീണു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. മീൻ വാങ്ങാൻ കാത്തു നിൽക്കുമ്പോൾ പോലും ആൾക്കൂട്ടം ഒഴിവാക്കി മാറി നിൽക്കും. വീടിന് മുന്നിലെ വഴിയിൽ ആളു കൂടി നിന്നാൽ എല്ലാവരും മാറിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ മകൻ സനാതനൻ വീട്ടിൽ കയറുമായിരുന്നുള്ളൂ. തിരിഞ്ഞെടുപ്പ് പ്രചരണത്തിന് രാഷ്ട്രീയക്കാരേയും വീട്ടിൽ കയറ്റില്ല. അത്ര വിചിത്രമായിരുന്നു കുടുംബത്തിന്റെ ജീവിതം.

മീറ്റർ റീഡിങ്ങിന് വാട്ടർ അഥോറിറ്റിക്കാരനേയും കയറ്റിയില്ല

മീറ്റർ റീഡിങ്ങ് എടുക്കാനെത്തിയ വാട്ടർ അഥോറിറ്റി ജീവനക്കാരനെ പോലും സുകുമാരൻ നായർ വീട്ടിൽ കയറ്റിയിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇത് പ്രശ്‌നങ്ങളുമുണ്ടാക്കി. വലിയ വാക്കേറ്റവും ഉണ്ടായിരുന്നു. തുടർന്ന് പൊലീസിൽ വാട്ടർ അഥോറിറ്റി പരാതിയും നൽകി. അതുകൊണ്ട് തന്നെ കത്ത് കിട്ടി പൊലീസ് എത്തിയപ്പോൾ നാട്ടുകാർ കരുതിയത് ഈ പരാതിയിൽ എത്തിയതെന്നായിരുന്നു.

കത്തിൽ പറഞ്ഞതു പോലെയായിരുന്നു കാര്യങ്ങളെല്ലാം. പിൻവശത്തേയും മുൻവശത്തേയും വാതിലുകൾ തുറന്നു കടിന്നു. ഇംഗ്ലീഷ് കൈപ്പടയിലായിരുന്നു കത്ത്. വീട്ടിൽ കുറേയധികം ചില്ലറയും കൂട്ടി വച്ചിരുന്നു. കിളിമാനൂരിലുള്ള ബന്ധവിന്റെ ഫോൺ നമ്പറും ഉണ്ടായിരുന്നു. അതിനിടെ ഇന്നലെ രാവിലേയും ഇവരെ വീട്ടിന് മുന്നിൽ കണ്ടെതായി അയൽപക്കക്കാരിൽ ചിലർ പറയുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.