- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ കണ്ണടിച്ചുപൊട്ടിച്ചു; ചോദ്യം ചെയ്ത കൂലിപ്പണിക്കാരനായ അച്ഛനെയും തല്ലിച്ചതച്ചു; രണ്ടുവർഷത്തിൽ ഏറെയായി ഇരുവരും ചികിത്സയിൽ; എസ്ഐയുടെ അമിതാവേശം നശിപ്പിച്ചത് രണ്ടുപേരുടെ ജീവിതം; ശാസ്താംകോട്ട മുൻ എസ്ഐക്ക് എതിരെ കോടതിയുടെ വാറണ്ട്
കരുനാഗപ്പള്ളി: കൂലിപ്പണിക്കാരനായ 65 വയസ്സുള്ള അച്ഛനെയും മകനെയും പീഡിപ്പിച്ച പൊലീസ് ഓഫീസർക്കെതിരെ കോടതിയുടെ വാറണ്ട്. കേസിൽ പലതവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ വന്നതോടെയാണ് കോടതി നടപടി. നിയമപാലകർ തന്നെ നിയമലംഘനം നടത്തുന്നതിന്റെ നേർക്കാഴ്‌ച്ചയാകുകയാണ് എസ്‌ഐ സി അനീഷിന്റെയും ഗ്രേഡ് എസ്‌ഐ പ്രസന്നകുമാറിന്റെയും നടപടികൾ.
എസ്‌ഐ സി അനീഷിനെതിരെയും ഗ്രേഡ് എസ്‌ഐ പ്രസന്നകുമാറിന്റെയും ക്രൂരതക്കെതിരെ നീതി തേടി അലയുകയാണ് ഇപ്പോൾ ബാലൻപിള്ള. അനീഷ് ശാസ്താംകോട്ട എസ്‌ഐ ആയിരുന്ന കാലത്താണ് സംഭവം. സമീപത്തെ ക്ഷേത്രത്തിലുണ്ടായ തർക്കത്തിൽ ബാലൻപിള്ളയുടെ മകനാണ് ഉത്തരവാദിയെന്ന് ആരോപിച്ചെത്തിയ പൊലീസുകാർ മകനെ നിർദ്ദയം മർദ്ദിക്കുകയായിരുന്നു. പൊലീസ് മർദ്ദനത്തിൽ മകന്റെ കണ്ണിന് പരിക്കേൽക്കുകയും കാഴ്‌ച്ചയെ സാരമായി ബാധിക്കുകയും ചെയ്തു.
സമീപത്ത് പശുവിനെ തീറ്റിക്കൊണ്ടു നിന്ന ബാലൻപിള്ള മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതോടെ ഇയാൾക്കെതിരെ തിരിഞ്ഞ പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മകനെ പിടിച്ച് കൊണ്ടുപോകുകയും ജീപ്പിലിട്ട് മർദ്ദിക്കുകയും ചെയ്തു. മണിക്കൂറുകൾ കഴിഞ്ഞാണ് മകനെ സ്റ്റേഷനിൽ എത്തിച്ചതെന്നും ബാലൻപിള്ള പറയുന്നു. മർദ്ദനത്തിൽ ഇരുവരുടെയും ഞരമ്പുകൾക്ക് കാര്യമായ പരിക്കേറ്റിരുന്നു. രണ്ട് വർഷത്തിനിപ്പുറവും ഇവർ ചികിത്സയിലാണ്.
മർദ്ദനത്തിൽ മകന് ഭാഗികമായി കാഴ്ചശക്തിയും നഷ്ടമായി. കണ്ണിന്റെ ഓർബിറ്റിനായിരുന്നു പരിക്കേറ്റത്. റിമാന്റ് ചെയ്യപ്പെട്ട ഇയാളെ ജയിൽ അധികൃതരാണ് ആശുപത്രിയിലെത്തിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയിലും നായേഴ്‌സ് ആശുപത്രിയിലും കൊണ്ടുപോയി ചികിത്സ നടത്തി. പൊലീസ് മർദ്ദനത്തിൽ കാഴ്‌ച്ചയ്ക്ക് പ്രശ്നം സംഭവിച്ചതിനാൽ ഡ്രൈവറായിരുന്ന യുവാവിന് ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
അകാരണമായി മർദ്ദനമേൽക്കുകയും കേസുകളിൽ പ്രതിയാകുകയും ചെയ്തതോടെ പൊലീസുകാർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് പിതാവ് ബാലൻപിള്ള കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പലതവണ കോടതി സമൻസ് അയച്ചിട്ടും എസ്‌ഐയും ഗ്രേഡ് എസ്‌ഐയും ഹാജരാകാതിരുന്നതോടെയാണ് ഈമാസം 15ന് വീണ്ടും വാറണ്ട് അയച്ചത്. ഇനി ഇവരെ മേലുദ്യോഗസ്ഥർ നടപടിയെടുത്ത് കോടതിയിൽ ഹാജരാക്കുമോ എന്നാണ് അറിയേണ്ടത്.
നീതിക്കുവേണ്ടി ശ്രമിക്കുന്ന തന്നെയും കുടുംബത്തെയും പൊലീസുകാർ ഇപ്പോഴും വേട്ടയാടുകയാണെന്ന് ബാലൻപിള്ള പറയുന്നു. കള്ളക്കേസുകൾ ചുമത്തപ്പെടുമോ എന്ന ആശങ്കയിലാണ് ഇവർ.
ശാസ്താംകോട്ട എസ്‌ഐ ആയ സി അനീഷ്, സ്റ്റേഷൻ ഗ്രേഡ് എസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരെയാണ് ബാലൻപിള്ളയും മകനും കോടതിയെ സമീപിച്ചിരിക്കുന്നത്. സി അനീഷ് ഇപ്പോൾ ശൂരനാട് പൊലീസ് സ്റ്റേഷനിലാണ്. ഇവർക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവുണ്ടായിട്ടും യാതൊരു നടപടിയും ഇല്ലെന്നതാണ് വസ്തുത.