കണ്ണൂർ: വീട് വിറ്റായാലും ഓഫീസ് പണി പൂർത്തിയാക്കുമെന്ന ദൃഢ പ്രതിജ്ഞയുമായി എത്തി കണ്ണൂർ ഡിസിസി പ്രസിഡന്റാണ് ഇപ്പോൾ താരം. പാർട്ടിയോടുള്ള സ്‌നേഹം കൊണ്ടും തന്റെ കാലയളവിൽ നിർമ്മാണം പൂർത്തിയാക്കണമെന്നുമുള്ള ആഗ്രഹം കൊണ്ടാണ് അദ്ദേഹം തന്റെ വീട് വിൽക്കാനും തയ്യാറായത്. കണ്ണൂർ തളാപ്പിലെ കോൺഗ്രസ്സ് ആസ്ഥാന മന്ദിരം വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു മാറ്റിയിരുന്നു. ആധുനിക രീതിയിലുള്ള നാല് നില കെട്ടിടം പണിയണമെന്ന ഉദ്ദേശത്തിൽ പണി ആരംഭിച്ചെങ്കിലും രണ്ട് ഡി.സി.സി. പ്രസിഡണ്ടുമാരുടെ കാലാവധി കഴിഞ്ഞെങ്കിലും കെട്ടിടം പണി മാത്രം പൂർത്തിയായില്ല.

അതിനിടെയാണ് വ്യക്തിപരമായ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ തളിപ്പറമ്പ് പട്ടുവത്തെ വീട് വിൽക്കാൻ സതീശൻ പാച്ചേനി തയ്യാറായത്. കെട്ടിടത്തിന്റെ അടിത്തട്ടു പോലും ഓഫീസ് ഉപയോഗത്തിന് പൂർത്തിയാകാത്ത അവസ്ഥ ഡി.സി.സി. പ്രസിഡണ്ടിനെ വല്ലാത്ത മനോവിഷമത്തിലാക്കിയിരുന്നു. പുതു വർഷത്തിലെ ആദ്യമാസത്തിനകം അടിത്തട്ട് പൂർത്തീകരിക്കണമെന്നാണ് സതീശന്റെ ലക്ഷ്യം. അതിനായി വീട് വിറ്റ ഇനത്തിൽ 11 ലക്ഷം രൂപ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കാൻ സതീശൻ നൽകുകയായിരുന്നു.

2019 ജനുവരി 26 ന് തന്നെ ഗ്രൗണ്ട് ഫ്ളോർ പൂർത്തീകരിച്ച് ഉത്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് ഡി.സി.സിയെന്ന് സതീശൻ പാച്ചേനി വ്യക്തമാക്കി. അന്ന് മുതൽ ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിൽ നിന്നും മാറി കോൺഗ്രസ്സിന്റെ ജില്ലാ ആസ്ഥാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാണ് നീക്കം. കോൺഗ്രസ്സിന് ജില്ലയിൽ ഒരു ബഹുനില കെട്ടിടം എന്ന ആഗ്രഹം പ്രവർത്തകരിൽ ഏറെക്കാലമായി നിലനിൽക്കുന്നു. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പ്രവർത്തകരുടെ വികാരമാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫിനിഷിങ് പ്രവർത്തനം പൂർത്തിയാക്കി സജ്ജമാകാൻ പ്രേരിപ്പിച്ചതെന്ന് സതീശൻ പാച്ചേനി 'മറുനാടൻ മലയാളിയോട്' പറഞ്ഞു.

ഗ്രൗണ്ട് ഫ്ളോർ പ്രവർത്തന ക്ഷമമാവുന്നതോടെ മുകൾ നിലകളുടെ പ്രവർത്തനവും നടത്തും. 8000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അടിത്തട്ടിൽ മതിയായ സൗകര്യങ്ങളൊരുക്കും. നൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട് വരുന്ന ജനുവരിയിൽ കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് ആരംഭിക്കും. താൻ ഡി.സി.സി. പ്രസിഡണ്ട് ആയി ചുമതല ഏറ്റ ശേഷമുള്ള യോഗങ്ങളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനാകുമോ എന്ന ആശങ്ക നേതാക്കളും പ്രവർത്തകരും പ്രകടിപ്പിച്ചിരുന്നതായി സതീശൻ പാച്ചേനി പറയുന്നു. അത്തരമൊരു യോഗത്തിൽ തന്റെ വീട് വിറ്റിട്ടായാലും ഡി.സി.സി. യുടെ ആസ്ഥാന മന്ദിരം പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. തളിപ്പറമ്പിൽ അഞ്ച് വർഷം മുമ്പ് വാങ്ങിയ പഴയ വീട് വിറ്റാണ് സതീശൻ കടം വീട്ടിയതും ഓഫീസ് നിർമ്മാണത്തിന് പണം നൽകിയതും.

40 ലക്ഷത്തോളം രൂപയുടെ ബാധ്യത കണ്ണൂർ ഡി.സി.സിക്ക് നിലവിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രം 6 ലക്ഷത്തോളം രൂപയുടെ കടമുണ്ട്. കണ്ണൂർ തളാപ്പിലെ വാടക വീട്ടിലാണ് സതീശനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചു പോന്നത്. കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ ചെയർമാനായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓഫീസ് നിർമ്മാണം നടന്നു വരുന്നത്. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ കോൺഗ്രസ്സ് അനുഭാവികളിൽ നിന്നും 19 ലക്ഷം രൂപയുടെ മണലും ജില്ലിയും ഉൾപ്പെടെയുള്ള സാമഗ്രികൾ ലഭിച്ചിട്ടുണ്ട്. 2000 ചാക്ക് സിമന്റും എത്തിക്കഴിഞ്ഞു. എങ്കിലും ഓഫീസ് പൂർത്തീകരിക്കാൻ ഇനിയും രണ്ട് കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കു കൂട്ടൽ.