- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചോളം അനാഥക്കുട്ടികൾക്ക് തണലൊരുക്കി കവടിയാറിലെ വാടകക്കെട്ടിടത്തിൽ തുടക്കം; ഇപ്പോൾ ആയിരത്തോളം അന്തേവാസികളും 200 ഓളം പ്രൊജക്ടുകളുമുള്ള കരുണാസാഗരമായി; ലോകാരോഗ്യ സംഘടനയുടെയും അഭിനന്ദനത്തിന് പാത്രമായ നവജീവനമുൾപ്പടെയുള്ള പദ്ധതികൾ; കാരുണ്യ വഴിയിൽ ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ
തിരുവനന്തപുരം: ജീവകാരുണ്യ വഴിയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കർമ്മപഥത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്നു. 25 വർഷം എന്ന കാലയളവിൽ ഈ രംഗത്ത് ആർക്കും അസൂയാവഹമായ നേട്ടമാണ് ട്രസ്റ്റ് കരസ്ഥമാക്കിയത്. ഈ പ്രവർത്തനങ്ങൾക്ക് പൊൻതൂവലായി ലോകാരോഗ്യ സംഘടനയുടെതടക്കം അഭിനന്ദനവും ട്രസ്റ്റിനെത്തേടിയെത്തി.അനാഥാലയം, സൗജന്യ വിദ്യാഭ്യാസം, ചികിത്സാസഹായം, വയോധികരുടെ സംരക്ഷണം, സമൂഹവിവാഹം തുടങ്ങി സാധാരണക്കാരന് കൈത്താങ്ങാകുന്ന നിരവധി സംരംഭങ്ങൾ ഏറ്റെടുത്ത് നടത്തുകയാണ് സംഘടന.
1200 രൂപ വാടക കെട്ടിടത്തിൽ കവടിയാർ ഗാർഡൻസിൽ അഞ്ച് അനാഥ കുട്ടികളേയും കൊണ്ട് ആരംഭിച്ച പ്രസ്ഥാനം ഇന്ന് ഏകദേശം 117 പദ്ധതികളും 200 പ്രോജക്ടുകളും 246 ജീവനക്കാരും, ആയിരത്തിലധികം അന്തേവാസികളുമായി കേരളത്തിലെ ഏറ്റവും വലിയ എൻജിഒ ആയി ജൈത്രയാത്ര തുടരുന്നു.
അൽപ്പം ചരിത്രം
സത്യസായിബാബയുടെ സേവനങ്ങളുടെ പാത പിൻതുടർന്ന് കെ.എൻ.ആനന്ദകുമാർ ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായും ജസ്റ്റിസ് ടി.ചന്ദ്രശേഖര മേനോൻ ചെയർമാനുമായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന് 1996 ജൂൺ 17-ന് തിരുവനന്തപുരത്താണ് തുടക്കമായത്. കവടിയാറിലെ വാടകക്കെട്ടിടത്തിൽ അഞ്ച് അനാഥക്കുട്ടികൾക്ക് സംരക്ഷണം നൽകി പ്രവർത്തനമാരംഭിച്ച സംഘടനയ്ക്ക് കീഴിൽ ഇന്ന് ആയിരത്തിലധികം അന്തേവാസികളും 246 ജീവനക്കാരുമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 117 പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
കെ.എൻ ആനന്ദകുമാറും സംഘവും പുട്ടപർത്തിയിൽ പോയി ഭഗവാൻ സത്യസായി ബാബയുടെ അനുഗ്രഹവും, അനുവാദവും വാങ്ങിയ ശേഷം, എറണാകുളം പ്രസ്സ് ക്ലബ്ബിൽ വച്ച് ജസ്റ്റിസ് ചന്ദ്രശേഖരമേനോനാണ് ട്രസ്റ്റിന്റെ അനൗൺസ്മെന്റ് നടത്തിയത്. ട്രസ്റ്റിന്റെ ആദ്യ യോഗം 1996 ജൂൺ 17 ന് കേരളത്തിലെ വിവിധ തലങ്ങളിലെ പ്രമുഖരായിട്ടുള്ളവരും സേവന സന്നദ്ധരായിട്ടുള്ള 21 ആളുകളെയും സംഘടിപ്പിച്ചു കൊണ്ട് നടന്നു. ട്രസ്റ്റിന്റെ ഫൗണ്ടർ ചെയർമാനും ആയുഷ്‌കാല ചെയർമാനുമായി ജസ്റ്റിസ് ടി.ചന്ദ്രശേഖരമേനോനേയും, ട്രസ്റ്റിന്റെ ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായി കെ.എൻ ആനന്ദകുമാറിനേയും തീരുമാനിച്ചു.
ട്രസ്റ്റും പ്രവർത്തനരീതികളും
കേരളത്തിലെ എല്ലാ ജില്ലകളിലും ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മിക്കവാറും എല്ലാ ജില്ലയിലും ട്രസ്റ്റിന്റെ ജില്ലാ ഓഫീസും റീജണൽ ഓഫീസും പ്രവർത്തിച്ചു വരുന്നുണ്ട്. ശ്രീ സത്യസായി ഓർഫനേജിന് ഏറെ അഭിമാനമായി എടുത്തു പറയാവുന്ന കാര്യമാണ് നാൽപ്പത്തിനാലായിരം രൂപ ബാങ്കിലുള്ളപ്പോൾ നൂറ് കോടി രൂപയുടെ സായിഗ്രാമം പദ്ധതി പ്രഖ്യാപിക്കുന്നത്. സുനിൽ ഗവാസ്‌ക്കർ തറക്കല്ലിട്ട സായി ഗ്രാമം പതിനൊന്ന് വർഷം കൊണ്ട് തോന്നയ്ക്കലിൽ ഇരുപത്തഞ്ച് ഏക്കർ സ്ഥലത്ത് നൂറു കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കി മുന്നേറുന്നു. അറുപത്തിമൂന്നോളം പദ്ധതികൾ സായിഗ്രാമത്തിലുണ്ട്. മൺപാത്രങ്ങളുടെ നിർമ്മാണം, കൈത്തറി ഉല്പന്നങ്ങളുടെ നിർമ്മാണം, മുള കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം എന്നിങ്ങനെ പരമ്പരാഗതമായ രീതിയിൽ ചെയ്തിരുന്ന എല്ലാം തന്നെ സായിഗ്രാമത്തിലുണ്ട്. ഇത്തരം വസ്തുക്കളുടെ നിർമ്മാണം കാണുവാനും അനുഭവിച്ചറിയുവാനും നിരവധി കുട്ടികളാണ് സായി ഗ്രാമത്തിലെത്തുന്നത്.
വിദ്യാഭ്യാസ മേഖലയിലും വളരെ നൂതനമായ രീതിയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുവാനും സായി ട്രസ്റ്റിന് കഴിഞ്ഞു. മോണ്ടിസോറി മുതൽ ഐഎഎസ് അക്കാദമി വരെ സായി ഗ്രാമത്തിലുണ്ട്. ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന ശ്രീ സത്യസായി വിദ്യാമന്ദിർ ഇവിടെ സൗജന്യമായാണ് വിദ്യാഭ്യാസം നൽകുന്നത്. സ്‌കൂൾ യൂണിഫോം, നോട്ട് ബുക്ക്, പുസ്തകങ്ങൾ തുടങ്ങിയവയും സൗജന്യമാണ്. ഇതു മാത്രമല്ല സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പാലും മറ്റ് പോക്ഷകാഹാരവും സൗജന്യമായി നൽകുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സായിഗ്രാമത്തിൽ സായിസ്പർശ് സൗജന്യ ഓട്ടിസം സ്‌കൂൾ പ്രവർത്തിക്കുന്നു. ഒക്കുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, അക്യുപങ്ചർ തുടങ്ങിയവയും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് പുറമേ നൽകുന്നുണ്ട്. അതുപോലെ തന്നെ ഇവരുടെ അമ്മമാർക്ക് സൗജന്യ തയ്യൽ പരിശീലനവും സായിഗ്രാമത്തിൽ നൽകി വരുന്നു.
ആരോഗ്യ മേഖലയിൽ വിപ്ലവകരമായ സംഭാവനയാണ് സായി ട്രസ്റ്റ് നവജീവനം സൗജന്യ ഡയാലിസിസ് പദ്ധതിയിലൂടെ നടപ്പിലാക്കിയത്. 2005 മെയ് മാസത്തിൽ ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം ആണ് കൊച്ചിയിൽ വച്ച് ട്രസ്റ്റിന്റെ നവജീവനം എന്ന സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്തത്. അന്നുമുതൽ ആരംഭിച്ച് ഇന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നു. ഗവൺമെന്റിന്റെ ആറ് ജില്ലാ ആശുപത്രികളിൽ സായി ട്രസ്റ്റാണ് കഴിഞ്ഞ പതിനൊന്ന് വർഷമായി ഡയാലിസിസ് നടത്തിവരുന്നത്. ഡയാലിസിസ് ചരിത്രത്തിൽ വലിയ ഒരു മാറ്റമാണ് സായി ട്രസ്റ്റ് കൊണ്ടുവന്നത്. ഓഗസ്റ്റ് പതിനഞ്ച് ആകുമ്പോൾ അഞ്ച് ലക്ഷം ഡയാലിസിസുകൾ ഒരു രൂപ പോലും വാങ്ങാതെ പാവപ്പെട്ട വൃക്കരോഗികൾക്ക് നൽകിയ സംഘടനയായി ട്രസ്റ്റ് മാറുന്നു. ഇതുവരെ നൂറ് കോടി രൂപയാണ് ട്രസ്റ്റ് ഈ പദ്ധതിക്ക് വേണ്ടി ചിലവഴിച്ചത്. ലോകാരോഗ്യ സംഘടന സായി ട്രസ്റ്റിന്റെ ഈ സൗജന്യ ഡയാലിസിസ് പദ്ധതിയിൽ അഭിനന്ദനമറിയിച്ച് രംഗത്തെത്തി.
സായി ഗ്രാമത്തിലെ സായിനാരായണാലയത്തിൽ ഇതുവരെ നാല് കോടിയിലധികം പേരാണ് ഇതുവരെ സൗജന്യമായി ഭക്ഷണം കഴിച്ചത്. സായി ട്രസ്റ്റിന്റെ അക്ഷയ പാത്രമാണ് സായിഗ്രാമത്തിലെ സായി നാരായണാലയം. സായി ഗ്രാമത്തിൽ എത്തുന്നവർക്ക് എപ്പോഴും ആഹാരം നൽകുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ സത്യസായിബാബ ക്ഷേത്രം സായി ഗ്രാമത്തിലാണ്. മാത്രമല്ല ഷിർദ്ദി ബാബ ക്ഷേത്രവും, സായി ഗായത്രി ദേവീ ക്ഷേത്രവും, ശിവപാർവ്വതി, ഗണപതി, മുരുകൻ, അയ്യപ്പൻ എന്നീ ദേവഗണങ്ങളും സായി ഗ്രാമത്തിലുണ്ട്. കൂടാതെ ശ്രീ ബുദ്ധ ക്ഷേത്രവും സായി ഗ്രാമത്തിലുണ്ട്. ക്ഷേത്രമുണ്ടെങ്കിലും വഴിപാടുകൾക്ക് രസീതോ ഭണ്ഡാരപെട്ടികളോ സായിഗ്രാമത്തിലില്ല.
267 സമൂഹ വിവാഹങ്ങൾ ട്രസ്റ്റ് നടത്തിയിട്ടുണ്ട്. വീടുകൾ ഇല്ലാത്തവർക്കായി സായിപ്രസാദം പദ്ധതിയിലൂടെ വീടുകൾ നൽകാനും കഴിഞ്ഞിട്ടുണ്ട്. എൻഡോസൾഫാൻ ഇരകൾക്കായി കാസർകോട് പെരിയ പഞ്ചായത്തിൽ എട്ട് കോടി മുടക്കി സത്യസായിഗ്രാമം എന്നപേരിൽ സോളാർ ടൗൺഷിപ്പ് നിർമ്മിച്ചു. അധികൃതരുടെ അവഗണനയിൽ ഇവിടെ നിർമ്മാണം പൂർത്തിയാക്കിയ നിരവധി വീടുകൾ നശിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസികൾക്കായി മാനസികാരോഗ്യകേന്ദ്രം പുനർജനിയും പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിൽ ഏത് തരം പ്രതിസന്ധികൾ വന്നാലും കൈത്താങ്ങായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് - കേരള മുന്നിൽ തന്നെയുണ്ട്. ഓഖി, നിപ്പ, പ്രളയം തുടങ്ങി ഇപ്പോൾ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് എന്ന മഹാമാരി വന്നപ്പോഴും കേരളത്തിന് ജീവകാരുണ്യത്തിന്റെ കുടപിടിച്ച് ആശ്വാസമേകാൻ സായി ട്രസ്റ്റ് മുന്നിൽ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രം 72 പ്രോജക്ടുകൾ സായി ട്രസ്റ്റ് പൂർത്തിയാക്കി കഴിഞ്ഞു. 108 പദ്ധതികളാണ് ട്രസ്റ്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ