തിരുവനന്തപുരം: കേരളാ പൊലീസിന്റെ അന്വേഷണത്തിൽ തെളിയിക്കപ്പെടാതെ പോയ നിരവധി കേസുകളുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയിൽ ഒന്ന് അഭയ കേസാണ്. പിന്നീട് ആൾദൈവം അമൃതാനന്ദമയിയുടെ മഠത്തിൽ നിന്നും അറസ്റ്റു ചെയ്യപ്പെട്ട ശേഷം മാനസിക ആരോഗ്യ കേന്ദ്രത്തിൽവച്ച് ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സത്‌നാം സിങ് എന്ന ബിഹാറി യുവാവിന്റെ മരണത്തിലെയും അന്വേഷണം എങ്ങുമെത്താതെ പോയി. അതേ പാതയിൽ തന്നെയാണോ പെരുമ്പാവൂരിൽ ദളിത് യുവതി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണവും നീങ്ങുന്നതെന്ന സംശയം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ജിഷ കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണം സംഘം.

കേസിന്റെ തുടക്കം മുതൽ തന്നെ തെളിവുകൾ നശിപ്പിക്കപ്പെട്ടതോടെയാണ് സത്‌നം സിങ് കേസ് എങ്ങുമെത്താതെ പോയത്. പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് ക്രൂരമായ മർദ്ദനമേറ്റാണ് സത്‌നം സിങ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ എടുത്തുപറയുയും ചെയ്തു. ആസൂത്രിതമായ കൊലപാതമായിരുന്നു ഇതെന്ന ആരോപണം അന്ന് തന്നെ ശക്തമായിരുന്നു. എന്നാൽ, മാതാ അമൃതാനന്ദമയി മഠത്തെ രക്ഷിക്കാൻ വേണ്ടി അന്വേഷണ സംഘം കേസ് അട്ടിമറിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇപ്പോഴത്തെ എഡിജിപിയായ സന്ധ്യയാണ് അന്ന് ഈ കേസ് അന്വേഷിച്ചത്. മാതാ അമൃതാനന്ദമയിയുടെ ഭക്ത കൂടിയായ സന്ധ്യ കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന ആക്ഷേപമാണ് സോഷ്യൽ മീഡിയയിലും ഉയർന്നത്. ഇപ്പോൾ ജിഷ വധക്കേസിന്റെ അന്വേഷണം മുന്നോട്ടു പോകുമ്പോഴും സോഷ്യൽമീഡിയ സമാന ആരോപണം ഉന്നയിക്കുന്നു.

ജിഷ കേസിലെ അന്വേഷണത്തിലെ ആശങ്ക അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സുധീഷ് സുധാകരൻ എന്നായാൽ പോസ്റ്റു ചെയ്തത് ഇങ്ങനെയാണ്:

അമൃതാനന്ദമയിയുടെ ആശ്രമത്തിലിട്ടു ബീഹാറുകാരനായ സത്‌നാം സിംഗിനെ ക്രൂരമായി അടിച്ചു കൊന്ന ഒരു കേസ് ഉണ്ടായിരുന്നു. അന്നു അയാളുടെ പോസ്റ്റ് മോർട്ടം കഴിഞ്ഞു ബോഡി ഏറ്റുവാങ്ങുന്നതു മുതൽ അയാളുടെ ബന്ധുക്കളുടെ കൂടെ ഉണ്ടായിരുന്ന ആളാണു ഈയുള്ളവൻ. മഠത്തിലെ ഗുണ്ടാ സ്വാമിമാരുടെ ക്രൂരമായ മർദ്ദനമേറ്റ ആ ചെറുപ്പക്കാരനെ നേരെ പേരൂർക്കട മാനസിക രോഗാശുപത്രിയിൽ കൊണ്ടിട്ടു വീണ്ടും മർദ്ദിച്ചു. തലയോടിന്റെ പിൻഭാഗം പൊട്ടിയിട്ടുണ്ടായിരുന്നു( ഓട്ടോപ്‌സി റിപ്പോർട്ട്) ... ആ അവസ്ഥയിൽ വെള്ളം ചോദിച്ചിട്ടു കൊടുത്തില്ല. അവസാനം അയാൾ ബാത്ത് റൂമിലേയ്ക്കു ഇഴഞ്ഞു ചെന്നു തറയിലെ വെള്ളം നക്കിക്കുടിച്ച ശേഷം മരിച്ചു വീഴുകയായിരുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം അന്വേഷിച്ചതു അന്നത്തെ ഐ ജി ബി സന്ധ്യ ആയിരുന്നു.

അമൃതാനന്ദമയിയുടെ ആശ്രമത്തിൽ അവർ ദർശനം കൊടുക്കുന്ന സ്ഥലത്തു ചെന്നു അനുഗ്രഹം വാങ്ങിയ ശേഷമാണു സന്ധ്യ അന്വേഷണം തുടങ്ങിയതു (ഗുരുത്വമുള്ള സ്ത്രീയാണു :/ ) . അതിലും രസകരമായ സംഗതി സന്ധ്യയുടെ മകൾ അന്നു അമൃതാനന്ദമയിയുടെ ഇടപ്പള്ളിയിലെ മെഡിക്കൽ കോളജിൽ എം ബി ബി എസ് വിദ്യാർത്ഥിനി ആയിരുന്നു എന്നതാണു. (മുപ്പതു ലക്ഷം 'സംഭാവനയും' മൂന്നുലക്ഷം വാർഷിക ഫീസും ഉള്ള സീറ്റാണു :) ) .. ബാക്കി ചരിത്രമാണു. കേസ് എങ്ങും എത്തിയില്ല. കുറ്റവാളികൾ ഇന്നും പുറത്ത്. പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ ഈ സന്ധ്യ ഐപിഎസ് ഇപ്പോൾ സൗത്ത് സോൺ എ ഡി ജിപി ആണു. ജിഷാ കൊലക്കേസ് അന്വേഷിക്കുന്നതു ഇവരാണത്രേ!

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മക്കൾ മിക്കവരും ഉന്നതപഠനം നടത്തുന്നത് അമൃതാനന്ദമയിയുടെ സ്ഥാനങ്ങളിലാണ്. മുൻ സർക്കാറിനെ പ്രമുഖന്റെ മൂത്ത മകനും പഠിച്ചിറങ്ങിയത് മാതാ അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഉന്നത ബന്ധമുള്ളവർ ഇടപെട്ട് സത്‌നം സിങ് കേസും ഒതുക്കിയെന്ന സൂചനയാണ് സോഷ്യൽ മീഡിയയും ഉയർത്തുന്നത്. പി പി തങ്കച്ചൻ അടക്കമുള്ള ഉന്നതരുടെ പേര് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാഹചര്യത്തിൽ സമാനമായ അവസ്ഥയാകുമോ ജിഷ കേസിനെന്നും പലരും ആശങ്കപ്പെടുന്നു.

സത്നാം സിങ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽവച്ച് കൊല്ലപ്പെട്ട സംഭവത്തിൽ കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാവിശ്യപ്പെട്ട് സത്നാം സിംഗിന്റെ പിതാവ് ഹരീന്ദ്രകുമാർ സിങ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, കേസ് ഇതുവരെ പരിഗണിക്കാൻ പോലും കോടതി തയ്യാറായില്ല. കേസ് അനന്തമായി നീണ്ടുപോകുന്ന അവസ്ഥയാണ് നിലിവുള്ളത്.

കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സത്നാം സിംഗിന്റെ നാലാം ചരമവാർഷികദിനത്തിൽ പിതാവ് ഹൈക്കോടതി പരിസരത്ത് സത്യാഗ്രഹ സമരം നടത്തിയെങ്കിലും എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്. മാതാ അമൃതാനന്ദമയി മഠത്തിൽ വച്ചാണ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സത്നാം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവച്ചാണ് സത്നാം സിങ് കൊല്ലപ്പെടുന്നത്.

സത്നാം സിംഗിനൊപ്പം സെല്ലിലുണ്ടായിരുന്നവരുടെ മർദ്ദനമാണ് മരണകാരണമായതെന്നാണ് പൊലീസ് അനേഷണത്തിൽ പറയുന്നതെങ്കിലും സത്നാം സിംഗിന്റെ വീട്ടുകാരും ഒരു വിഭാഗം മനുഷ്യാവകാശ പ്രവർത്തകരും ഈ കൊലപാതകത്തിൽ സംശയങ്ങൾ പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. ബി സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ നശിപ്പിക്കപ്പട്ടു എന്ന ആരോപണമാണ് അന്നുയർന്നത്.

കൊല്ലത്തെ അമൃതാനന്ദമയി മഠത്തിൽ നിന്നും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഫോൺകോൾ പോയെന്നും ഇതിന് ശേഷമാണ് സത്‌നം സിങ് കൊല്ലപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. സത്‌നം സിംഗിന് മാനസിക അസ്വാസ്ത്യമുണ്ടെന്ന് വരുത്തി തീർക്കാൻ മഠം ശ്രമം നടത്തിയെന്നുമാണ് ഉയർന്ന ആക്ഷേപങ്ങൾ. ഇപ്പോൾ സർക്കാർ മാറി ബി സന്ധ്യയെ അന്വേഷണം ഏൽപ്പിച്ചപ്പോഴാണ് സ്തനം സിങ് കേസിന്റെ കാര്യം എന്തായി എന്നചോദ്യവുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നതും.