രുഭൂമിയിൽ മഞ്ഞിവീഴുകയെന്ന അപൂർവ സ്ഥിതിവിശേഷത്തിനാണ് സൗദി അറേബ്യയുടെ ചില ഭാഗങ്ങൾ സാക്ഷിയായത്. സൗദ്യ അറേബ്യയുടെ മധ്യഭാഗങ്ങളിലും തെക്കു പടിഞ്ഞാറൻ മേഖലകളിലുമാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. നവംബർ മാസത്തിൽ സൗദി അറേബ്യയിൽ ശൈത്യകാലമാണെങ്കിലും ഈ രീതിയിൽ തണുപ്പ് ബാധിക്കാറില്ല.

അൽ-ജാഫ് ഏരിയയിലെ തബരാജിൽ മൈനസ് മൂന്ന് ഡിഗ്രിയായിരുന്നു താപനില. മഞ്ഞുവീഴ്ചയും മഴയും ഇവിടെ ജനങ്ങൾക്ക് അപരിചിതമായൊരു കാലാവസ്ഥയായിരുന്നു. ഒക്ടോബർ മധ്യത്തിൽ സൗദിയിൽ കുറച്ച് മഴ ലഭിക്കാറുണ്ട്. ഇനിയും കുറച്ചു മഴകൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരെ ഉദ്ധരിച്ച് സൗദി അറേബ്യ ഗസറ്റ് റിപ്പോർട്ട് ചെയ്തത്.

അപരിചിതമായ കാലാവസ്ഥയെ വളരെ ആഹ്ലാദത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. പലരും അവരുടെ ആഹ്ലാദപ്രകടനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. റോഡുകളിൽ ഗതാഗതം മുടങ്ങിയതോടെ ഡ്രൈവർമാർ പുറത്തിറങ്ങി മഞ്ഞുവീഴ്ച ആഘോഷിച്ചു. മണൽമൂടിക്കിടക്കാറുള്ള റോഡിൽ ഇക്കുറി മഞ്ഞുവീണുകിടന്ന കാഴ്ച എല്ലാവരെയും ആഹ്ലാദിപ്പിച്ചു.

മഞ്ഞുവീഴ്ചയുണ്ടായെങ്കിലും ഭൂമി ചുട്ടുപഴുത്ത് കിടക്കുന്നതിനാൽ അധികനേരം അവിടെനിൽക്കരുതെന്ന നിർദേശവും ജനങ്ങൾക്ക് ലഭിച്ചിരുന്നു. മാത്രമല്ല, അപരിചിതമായ കാലാവസ്ഥയിൽ അധികനേരം തുടരുന്നത് അസുഖങ്ങൾക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും കാലലാവസ്ഥാ നിരീക്ഷകർ നൽകിയിരുന്നു.