തൊടുപുഴ: എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിന് എതിരെ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സന്തോഷ് രംഗത്തെത്തി. ഇസ്രയേലിൽ വച്ച് താൻ സൗമ്യയെ പ്രേമിച്ച് വിവാഹം കഴിച്ചെന്ന പരാമർശം തെറ്റാണെന്നും വർഗീയത വളർത്തുന്ന രീതിയിലുള്ള പമാർശമാണുണ്ടായതെന്നും സന്തോഷ് പറഞ്ഞു. തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയത്.

'ഞങ്ങളുടേത് പ്ലസ് വണിൽ പഠിക്കുമ്പോൾ മുതലുള്ള പ്രണയമായിരുന്നു. 2010 ലാണ് വിവാഹിതരാകുന്നത്. അതിനും ശേഷം 2013 ലാണ് സൗമ്യ വിദേശത്തേക്ക് പോകുന്നത്. 2021 ലാണ് ഇസ്രയേലിൽ വെച്ച് മരിക്കുന്നത്. സൗമ്യയുടെ വീട്ടുകാരുടെ അറിവോടെ എല്ലാവരും ചേർന്ന് പള്ളിയിൽ വച്ചാണ് വിവാഹം കഴിച്ചത്. പരാമർശങ്ങൾ വേദനിപ്പിച്ചുവെന്നും വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു.

ഇസ്രയേലിൽ മരിച്ച സൗമ്യയ്ക്കു ലഭിച്ച ആനുകൂല്യങ്ങൾ ഭർത്താവ് സ്വന്തമായി അനുഭവിക്കുകയാണെന്നും സൗമ്യയുടെ മാതാപിതാക്കൾക്ക് ഒന്നും നൽകിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. അതുപോലെ സൗമ്യയെ മതം മാറ്റിയാണ് സന്തോഷ് വിവാഹം കഴിച്ചതെന്നും ഭാര്യയുടെ ചെലവിലാണ് ഭർത്താവ് ജീവിച്ചിരുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

എന്നാൽ, താൻ ആരെയും നിർബന്ധിച്ചു മതം മാറ്റിയല്ല വിവാഹം നടത്തിയതെന്നും സൗമ്യയുടെ വീട്ടുകാർ തന്നെ മുൻകൈയെടുത്താണ് വിവാഹം നടത്തിയതെന്നും സന്തോഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. സൗമ്യയുടെ മാതാപിതാക്കൾ അടക്കമുള്ളവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് അവരിപ്പോൾ ജീവിക്കുന്നതും.

കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യയുടെ ഭർത്താവിനെതിരെ പരാമർശവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇസ്രയേലിൽ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപ്പെട്ടയാളായിരുന്നു എന്നാൽ സംസ്‌കാരം നടന്നത് പള്ളിയിൽ വച്ചാണെന്നും ചില ക്രിസ്ത്യൻ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആരോപണം.

സൗമ്യയുടെ മരണത്തെ തുടർന്നുള്ള ഇസ്രയേൽ സർക്കാരിന്റെ സഹായം സന്തോഷ് മാത്രം എടുക്കുകയാണെന്നായിരുന്നു വെള്ളാപ്പള്ളി നടേന്റെ മറ്റൊരു ആരോപണം. ഇത് തെറ്റാണെന്ന് വിശദീകരിച്ച സന്തോഷ് സൗമ്യയുടെ മാതാപിതാക്കൾക്കും ഇസ്രയേലിന്റെ സഹായം കിട്ടുന്നുണ്ടെന്നും വിശദീകരിച്ചു. അതേ സമയം ഇതിൽ സൗമ്യയുടെ മാതാപിതാക്കൾ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

'ക്രിസ്ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മതംമാറ്റം നടത്തുന്നത്. മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല'. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

ഭാര്യയുടെ വിയോഗത്തിൽ സങ്കടപ്പെട്ടു കഴിയുന്ന തനിക്കും കുടുംബത്തിനെതിരേ വെള്ളാപ്പള്ളി നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും.

ഇസ്രയേൽ- ഹമാസ് യുദ്ധം നടക്കുന്ന വേളയിലുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് ഇസ്രയേലിൽ നഴ്‌സ് ആയിരുന്ന സൗമ്യ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിലാണ് സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തിൽ റോക്കറ്റ് പതിച്ച് അപകടം ഉണ്ടായത്.

യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ താമസ സ്ഥലത്തുനിന്നു മാറാൻ ശ്രമം നടത്തുന്നതിനിടയിലാണ് കെട്ടിടത്തിൽ റോക്കറ്റ് പതിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിനിയായ സൗമ്യ പത്തു വർഷമായി ഇസ്രയേലിലെ അഷ്‌കലോണിൽ ജോലിചെയ്തുവരവേയാണ് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.