കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ തെറ്റായ നിലപാടുകളിൽ നിന്ന് സമുദായ സംഘടനയെ രക്ഷിക്കാൻ കൂട്ടായ്മ വരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ കൂട്ടായ്മ പ്രതിഷേധ രൂപങ്ങൾക്ക് സജീവത വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ എൻ എസ് എസ് നേതൃത്വത്തിന്റെ വികലമായ രാഷ്ട്രീയ നിലപാടുകൾക്കും, കെടുകാര്യസ്ഥതയ്ക്കും, അഴിമതികൾക്കും, സ്വജന പക്ഷ പാതത്തിനും എതിരെ ഫേസ് ബുക്ക് കൂട്ടായ്മ ആയ സേവ് നായർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഒന്നിന് ചങ്ങനാശ്ശേരിയിൽ പ്രകടനവും, സമ്മേളനവും നടത്തും. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് പ്രതിഷേധ പ്രകടനം.

സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ഒരു കൂട്ടം സമുദായ സ്‌നേഹികളും കൂടി കെട്ടിപ്പെടുത്ത എൻ എസ് എസ് എന്ന പ്രസ്ഥാനത്തിന് അവരുടെ കാലശേഷം യാതൊരു പുരോഗമനവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് കൂട്ടായ്മയുടെ വിലയിരുത്തൽ. നായർ സമുദായത്തിന് അനുകൂലമായ ഒരു വിധ ആനുകൂല്യങ്ങളും നേടിയെടുക്കാനും സാധിച്ചിട്ടില്ല. എൻ.എസ്.എസ് നേതൃത്വം മിക്കപ്പോഴും സ്വന്തം മടിശ്ശീല വീർപ്പിക്കാനും കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന രാഷ്ട്രീയക്കാരുടെ ചട്ടുകമായി സ്ഥാപിത താൽപര്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു. സുകുമാരൻ നായരുടെ നേതൃത്വത്തം സംഘടനയെ ഏറെ പിന്നിലേക്ക് കൊണ്ടു പോയെന്നാണ് സേവ് നായർ സൊസൈറ്റിയുടെ വിലയിരുത്തൽ.

സമദൂരം എന്ന് മപറയുകയും ജനവിരുദ്ധരും നായർ വിരുദ്ധരുമായ യുഡിഫ് ഗവണ്മെന്റിനെ അനുകൂലിച്ച് ഒരു ഘടകകക്ഷിയോ അല്ലെങ്കിൽ സാമന്തനെയോ പോലെ പ്രസ്താവനകൾ വിട്ട് നായർ സമൂഹത്തെ വഞ്ചിക്കുകയും മൊത്തത്തിൽ അപഹസിക്കുകയും ചെയ്യുന്ന ജന:സെക്രട്ടറിയുടെ നടപടി അവസാനിപ്പിക്കുകയെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം. പള്ളിക്കും പട്ടക്കാർക്കും സ്ത്രീപീഡകർക്കും കോഴപ്രബുദ്ധന്മാർക്കും വിടുവേല ചെയ്ത് നായർ സത്വത്തിനെ ക്ഷതമേൽപ്പിക്കുന്ന പ്രസ്ഥാവനകളും നടപടികളും ജന:സെക്രട്ടറി ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.

എൻ എസ് എസ് സ്ഥാപനങ്ങളിലേ നിയമനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങൾക്കും സാമ്പത്തിക സംവരണം ഏർപ്പെടുത്തുക. നിയമനങ്ങൾ കരയോഗങ്ങളിൽ പൊതുവായി പരസ്യപ്പെടുത്തി സംഘടനാന്ത്രമായ റിക്രൂട്ട്മന്റ് നടപടികളിലൂടെ സുതാര്യമായി നിയനനങ്ങൾ നടത്തുക. നിയമനങ്ങൾക്ക് നായരിതര ശുപാർശ്ശകൾ അവഗണിക്കുക. എൻ എസ് എസിന്റെ കീഴിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവീകരിക്കുകയും കാലോചിതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക. സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യങ്ങളും നിലനിറുത്താൻ വിദ്യാഭ്യാസ മാതൃകകൾ/ സംവിധാനം ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും സേവ് നായർ സൊസൈറ്റി പറയുന്നു.

എൻ എസ് എസിന്റെ വരവ് ചെലവ് കണക്കുകൾ കരയോഗ അംഗങ്ങൾക്ക് ലഭിക്കത്തക്ക വിധം വർഷം തോറും പ്രസിദ്ധീകരിക്കുക, വടക്കൻ കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുക, കൂടുതൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയെടുക്കുക, നായർ യുവജനസംഘടന (യൂത്ത് വിങ്) എത്രയും വേഗം സംഘടിപ്പിക്കുക, ലോകമെമ്പാടും ഉള്ള നായർ സംഘടനകളേ എൻ എസ് എസിനു കീഴിൽ അണി നിരത്തുവാനും, അവയെ സംഘടനയിൽ അഫിലിയേറ്റ് ചെയ്യുകയും ചെയ്യുക എന്നതും പ്രതിഷേധക്കാരുടെ ആവശ്യങ്ങളാണ്.

കേരളത്തിലെ സമ്പദ് വ്യവസ്ഥ മൊത്തമായി നിയന്ത്രിച്ചിരുന്ന ഒരു സമുദായത്തിന്റെ ചെങ്കോലും കിരീടവും എടുത്തണിഞ്ഞ് നൂറു വർഷത്തോളമായി പടയണിക്കോലമായി നിൽക്കുന്ന സമുദായസംഘടനയുടെ ആസ്തിയുടെയും ബജറ്റിന്റേയും പരിമിതത്വം തന്നെ എല്ലാം വിളിച്ചു പറയുന്നുണ്ട്. വിദ്യാഭ്യാസവും കാമ്പും സേവനപരതയും കഴിവുമുള്ള ധാരാളം ആൾക്കാർ ഈ സമുദായത്തിൽ ഉണ്ടെങ്കിലും അവർക്കാർക്കും എൻ എസ് എസിന്റെ പ്രതിനിധി സഭയിൽ എത്തിനോക്കാൻ പോലും ഇന്നത്തെ സംവിധാനം അവസരം കൊടുക്കുന്നില്ലെന്നാണ് ആക്ഷപം. ജനകീയ-ജനാതിപധ്യ സംവിധാനത്തിലാണ് എൻഎസ്എസിന്റെ പ്രവർത്തനമെന്ന് പറയാനാകില്ലെന്നും വിലയിരുത്തുന്നു.

പുതിയതായി ഒന്നും സംഭവിക്കുന്നില്ല. പുതിയതായി ആരും വരുന്നില്ല, പുതിയ യാതൊരു പദ്ധതികളുമില്ല, പുതിയ ധനാർജ്ജന മാർഗ്ഗങ്ങൾ ആരായുന്നില്ല, നായർ നേരിടുന്ന ഒരു പ്രശ്‌നവും ചർച്ച ചെയ്യപ്പെടുന്നില്ല. നൂറു വർഷത്തെ ചരിത്രത്തിൽ വെറും 8 ജന. സെക്രട്ടറിമാർ. അധികാര കേന്ദ്രീകരണത്തിന്, ആശയവൈവിധ്യമില്ലായ്മയ്ക്ക് ഇതിനേക്കാൾ വലിയ ഉദാഹരണം ലോകത്തിലില്ല. സാമ്പത്തിക സംവരണം സമുദായത്തിനുള്ളിൽ പോലും പ്രാവർത്തികമല്ല. മാറുന്ന സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥയിൽ നായർക്കു സമൂഹമില്ല, രാഷ്ട്രീയമില്ല, സമ്പത്തുമില്ലെന്നാണ് കൂട്ടായ്മയുടെ പരാതി.

ഇക്കാര്യങ്ങളിൽ നേതൃത്വത്തിനും വല്യ പിടിയൊന്നുമില്ല. സമുദായത്തിൽ രാഷ്ട്രീയക്കാരുടെ ഇടപെടലുകൾ കാര്യമായി ചെറുക്കാൻ പോലുമാവുന്നില്ല. എവിടെയും നായർ ആക്ഷേപിക്കപ്പെടുന്ന അവസ്ഥ. നായരുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ തട്ടകങ്ങൾ ഇല്ല. ആളും ഇല്ലെന്ന് സവ് നായർ സൊസൈറ്റി പറയുന്നു.