കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ സേവ് ദി ഡേറ്റിനെതിരേ വിമർശന മുന്നയിച്ച കേരള പൊലീസിനു തിരിച്ചടിയായി ഔദ്യോഗിക യൂണിഫോമിൽ എസ്ഐയുടെ ഫോട്ടോ ഷൂട്ട്. കോഴിക്കോട്ടെ ഒരു പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐയാണ് ഔദ്യോഗിക യൂണിഫോമിൽ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. വിവാഹത്തിനു തൊട്ടു മുമ്പായാണ് സേവ് ദി ഡേറ്റ് ഫോട്ടോകൾ പുറത്തുവന്നത്.

'വിവാദങ്ങളും വിമർശനങ്ങളും ഉയർത്തി സേവ് ദ് ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ ചൂടൻ ചർച്ചകളായി നിലനിൽക്കെയായിരുന്നു രണ്ടു വർഷം മുമ്പ് പൊലീസ് മീഡിയാ സെല്ലിന്റെ ഔദ്യോഗിക പേജിലുടെ വിമർശനവുമായി രംഗത്തെത്തിയത്. സേവ് ദ ഡേറ്റ് ആയിക്കോളൂ, കുഞ്ഞങ്ങൾ ഉൾപ്പെടുന്ന സമൂഹം കാണുന്നുണ്ട്' എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരേ രൂക്ഷ വിമർശനമായിരുന്നു പൊലീസിനു നേരിടേണ്ടി വന്നത്. സദാചാര പൊലീസിനെ പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപം വരെ പൊലീസിനു കേൾക്കേണ്ടതായി വന്നിരുന്നു. ഇതോടെ പോസ്റ്റ് നീക്കം ചെയ്തു.

ഈ സാഹചര്യം കൂടി കോഴിക്കോട്ടെ ഇപ്പോഴത്തെ സംഭവത്തെ പുതിയ തലത്തിലെത്തിക്കുന്നു. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും പേരുൾപ്പെടെ സബ് ഇൻസ്പക്ടർ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ പ്രതിശ്രുത വരനുമായി ഫോട്ടോ ഷൂട്ട് നടത്തിയത്. ഇത് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെയാണ് വിവാദത്തിന് തുടക്കം. ഇതു ഡിജിപിയുടെ ഉത്തരവ് ലംഘിക്കും വിധത്തിലാണെന്നും യൂണിഫോമിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമാണ് സേനയിൽ നിന്നുയരുന്ന ആരോപണം.

ടി.പി. സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ സമൂഹമാധ്യമങ്ങളിൽ പൊലീസ് സേനാംഗങ്ങൾ വ്യക്തി പരമായി ഇടപെടുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് 2015 ഡിസംബർ 31ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. പൊലീസ് സേനാംഗങ്ങൾ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകൾ ഉപയോഗിക്കാൻ പാടുള്ളതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റിലും വ്യക്തിപരമായ അക്കൗണ്ടിൽ ഔദ്യോഗിക മേൽവിലാസം, വേഷം തുടങ്ങിയവ ഉപയോഗിച്ചു ചെയ്യുന്ന നിയമവിരുദ്ധമായ യാതൊരു കാര്യങ്ങൾക്കും ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എസ്ഐയുടെ ഫോട്ടോ ഷൂട്ട് ഇതിനകം പലരും സമൂഹമാധ്യമങ്ങൾ വഴി പങ്കു വച്ചിട്ടുണ്ട്. പൊലീസ് മാന്വലിലും യൂണിഫോം സംബന്ധിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനും വിരുദ്ധമാണ് ഈ ചിത്രങ്ങൾ.

അതിനിടെ യൂണിഫോം ധരിച്ചുള്ള ഫോട്ടോഷൂട്ട് അച്ചടക്ക ലംഘനമാണെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ പ്രതികരിച്ചു. ഔദ്യോഗിക വേഷത്തിലുള്ളതാണെങ്കിൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.