- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധു ഹോമിയോ ഡോക്ടറാണെന്ന് കരുതി ആരും കല്യാണത്തിന് പോകേണ്ടെന്ന് സിപിഎം അനൗദ്യോഗിക നിർദ്ദേശം; സേവ് ദി ഡേറ്റ് അടക്കം ആഘോഷമാക്കുന്നത് പാർട്ടിയെ വെല്ലുവിളിക്കലെന്ന് വിലയിരുത്തൽ; ആകാശ് തില്ലങ്കേരിയുടെ പ്രണയ വിവാഹത്തിന് എത്തുന്നവരെ എല്ലാം നിരീക്ഷിക്കും; മെയ് 12ന് വധൂവരന്മാരെ ആശിവർവദിക്കാൻ ആരെല്ലാം എത്തും?
കണ്ണൂർ: കാപ്ചുമത്തി ജയിലിൽ അടയ്ക്കുമെന്ന പൊലിസ് ഭീഷണി നിലനിൽക്കവെ സിപിഎം സൈബർ പോരാളിയായിരുന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുമ്പോൾ കർശന നിരീക്ഷണത്തിന് പൊലീസ്. ഹോമിയോ ഡോക്ടറായ അനുപമ ജയ തിലകാണ് വധു. മെയ് 12 ന് വധൂഗൃഹത്തിൽ വച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. സോഷ്യൽ മീഡിയയിലുടെയുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു.
കണ്ണൂരിൽ പ്രതിസ്ഥാനത്തുള്ള പലരും വിവാഹം നടത്തിയ വലിയ വാർത്തയായിരുന്നു. ചിലതൊക്കെ രഹസ്യമായി നടത്തി. എന്നാൽ സേവ് ദി ഡേറ്റ് അടക്കം പുറത്തിറക്കി ആഘോഷ പൂർവ്വം കല്യാണം നടത്തുകയാണ് ആകാശ്. ഇത് പൊലീസിനേയും സിപിഎമ്മിനേയും വെല്ലുവിളിക്കാനാണെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന് എത്തുന്നവർ ആരെന്ന് പാർട്ടിയും പരിശോധിക്കുന്നുണ്ട്. പാർട്ടിക്കാരോട് വിവാഹത്തിന് പോകരുതെന്ന നിർദ്ദേശം സിപിഎം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് മറികടന്ന് ആരെങ്കിലും വിവാഹത്തിന് എത്തുമോ എന്നതാണ് നിർണ്ണായകം.
കണ്ണൂർ ജില്ലക്കാരി തന്നെയാണ് അനുപമ. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്‌ളോക്ക് പ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസ് കോടതിയിൽ ഉടൻ വിചാരണ തുടങ്ങിയേക്കും. സി പി എം നേതാവ് പി.ജയരാജന്റെ ആരാധകരിൽ ഒരാളും സോഷ്യൽ മീഡിയയിലെ ആശയപ്രചാരകനുമായ ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെ കാലമായി പാർട്ടിയും ഡിവൈഎഫ്ഐയുമായി അകൽച്ചയിലാണ്
പാർട്ടിയെയും ഡിവൈഎഫ്ഐ സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ സിപിഎം ജില്ലാ നേതൃത്വവും ഡിവൈഎഫ്ഐയും ഇയാളെ നേരത്തെ തള്ളി പറഞ്ഞിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡു നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ വെറുതെ വിടുകയായിരുന്നു.
രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായിരുന്നു എടയന്നൂർ ശുഹൈബിന്റെത്. ഇതോടെയാണ് ആകാശ് തില്ലങ്കേരിയെ പുറം ലോകം അറിയുന്നത്. ഈ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആകാശ് തില്ലങ്കേരി പിന്നീട് തന്റെ ബന്ധങ്ങൾ വിപുലീകരിക്കുകയും സ്വർണക്കടത്ത് - ക്വട്ടേഷൻ ബന്ധങ്ങളിലുടെ സിപിഎമ്മിന് തലവേദനയാവുകയുമായിരുന്നു. ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു..എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു..സ്നേഹം. ഈ കുറിപ്പോടെ സേവ് ദ ഡേറ്റ് വീഡിയോയും ആകാശ് തില്ലങ്കേരി ഷെയർ ചെയ്തിട്ടുണ്ട്.
നേരത്തെ ആകാശ് തില്ലങ്കേരിക്കും ജയിൽ അധികൃതർക്കുമെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത് വന്നത് ചർച്ചയായിരുന്നു. കണ്ണൂർ സ്പെഷ്യൽ ജയിലിൽ ഗുരുതരമായ ചട്ടലംഘനം നടക്കുന്നു എന്ന ആരോപണമാണ് സുധാകരൻ ഉന്നയിച്ചത്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെ കാണാൻ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് ചട്ടം ലംഘിച്ച് സമയം അനുവദിച്ചെന്നായിരുന്നു സുധാകരന്റെ ആരോപണം. സ്വകാര്യ സംഭാഷണത്തിനും സൗകര്യമൊരുക്കി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ ജയിൽ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഈ യുവതി തന്നെയാണ് ആകാശിന്റെ ജീവിത പങ്കാളിയാകുന്നത്.
നേരത്തെ ടി.പി വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും കിർമാണി മനോജും വിവാഹിതരായിരുന്നു. ടി.പി വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കിർമാണി മനോജും വിവാഹം ചെയ്തത് ഡോക്ടറെയാണ്. മുഹമ്മദ് ഷാഫിയുടെ വിവാഹം ഏറെ ആർഭാടത്തോടെയാണ് നടത്തിയത്. ടി.പി വധക്കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വിവാഹത്തിന് തലശേരി മണ്ഡലം എംഎൽഎയും സിപിഎം നേതാവുമായ എ.എൻ ഷംസീർ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു ടി.പി ചന്ദ്രശേഖരന്റെ വിധവയും വടകര എംഎൽഎയുമായ കെ.കെ രമയുൾപ്പെടെയുള്ളവർ ഷാഫിയുടെ വിവാഹത്തിൽ ഷംസീർ പങ്കെടുത്തതിനെ വിമർശിച്ചു രംഗത്തു വന്നിരുന്നു.
അണ്ണൻ സജിത്തും ഈയിടെ വിവാഹം ചെയ്തിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിനെ തുടർന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി അർജുൻ ആയങ്കി കേസിൽ പ്രതിയായതിനെ തുടർന്ന് സിപിഎമ്മിൽ നിന്നും കടുത്ത എതിർപ്പ് അർജുനും ആകാശിനും നേരിടേണ്ടി വന്നു. പാർട്ടിക്കുള്ളിലെ സൈബർ പോരാളികളായ ഇരുവർക്കും പ്രത്യക്ഷത്തിൽ സിപിഎമ്മുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടി വന്നു. ആകാശ് തില്ലങ്കേരിക്കെതിരെ ക്വട്ടേഷൻ - സ്വർണക്കടത്ത് ബന്ധമാരോപിച്ചു ഡിവൈഎഫ്ഐ കണ്ണുർ ജില്ലാ സെക്രട്ടറി എം.ഷാജർ പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിനു ശേഷം സിപിഎമ്മുമായുള്ള ബന്ധം പരോക്ഷമായി തുടരുകയാണ് ആകാശ് തില്ലങ്കേരി .
കൊടി സുനി വിവാഹം കഴിക്കുമെന്ന വാർത്ത പുറത്തു വന്നെങ്കിലും അതിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സിപിഎമ്മുമായി അകലം പാലിക്കുകയാണ് ഇപ്പോൾ ആകാശ് തില്ലങ്കേരി. പിജെ ആർമിയെന്ന പേരിൽ ആകാശും കൂട്ടരും സിപിഎമ്മിൽ പല ഇടപെടലിനും ശ്രമിച്ചിരുന്നു. എന്നാൽ സിപിഎമ്മിലെ പിണറായി ഫാക്ടർ ഇതിനെ എതിർത്തു. ഇതോടെയാണ് പാർട്ടിയിൽ നിന്നും ആകാശിന് അകലം പാലിക്കേണ്ടി വന്നത്. സ്വർണ്ണ കടത്തിലുൾപ്പെടെ സംശയങ്ങൾ ഉയർന്നെങ്കിലും ഈ കേസിലൊന്നും ആകാശ് പ്രതിയായില്ല. ഈ സാഹചര്യത്തിലാണ് വിവാഹം കഴിക്കാനുള്ള തീരുമാനം.
ഷുഹൈബ് കൊലപാതവുമായി ബന്ധപ്പെട്ട് നേരത്തെ ആകാശ് തില്ലങ്കേരിയെ പുറത്താക്കിയിരുന്നു. എന്നാൽ, പുറത്താക്കും മുമ്പ് ആകാശ് തില്ലങ്കേരിയുടെ പിതാവിനെ കണ്ണൂർ പാർട്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തുകയുണ്ടായി. 'അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്നിക്കുന്നു' എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമായിരുന്നു അന്ന് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്‌ബുക് പ്രൊഫൈലിൽ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്.
സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫേസ്‌ബുക്കിൽ സജീവമായി ഇടപെടുന്നയാളായിരുന്നു ആ ഘട്ടത്തിൽ ആകാശ്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന സ്ഫുരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജിൽ വ്യക്തമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത സെൽഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു. 2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായിരുന്നു
മറുനാടന് മലയാളി ബ്യൂറോ