കോഴിക്കോട്: സംസ്ഥാനത്തിന് വേണ്ടി  ദേശീയ തലത്തിൽ നിരവധി മെഡലുകൾ നേടിയ കായികതാരത്തിന് കയറികിടക്കാനോ, കിട്ടിയ മെഡലുകൾ സൂക്ഷിക്കാനോ ഇടമില്ല. കോഴിക്കോട് കൂരാച്ചുണ്ട് മണ്ടോംപാറ ബാബുവിന്റെയും ഉഷയുടെയും മകൻ സായൂജാണ് സംസ്ഥാനത്തിന് വേണ്ടി താൻ നേടിയ മെഡലുകൾ എവിടെ സൂക്ഷിക്കുമെന്നറിയാതെ ബുദ്ധിമുട്ടുന്നത്. കൂരാച്ചുണ്ട് മൂന്നാം വാർഡ് മണ്ടോംപാറയിൽ അച്ചനും അമ്മയും സഹോദരിയുമൊത്ത് പ്ലാസ്റ്റിക് ഷീറ്റും ഓലയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ കൂരയിലാണ് സായൂജ് കഴിയുന്നത്. സൂക്ഷിക്കാനിടമില്ലാത്തതിനാൽ തനിക്ക് കിട്ടിയ മെഡലുകളും സമ്മാനങ്ങളും കവറുകളാക്കി അടുത്ത വീടുകളിൽ സൂക്ഷിക്കാനേൽപിച്ചിരിക്കുകയാണ് ഈ താരം.

കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് സായൂജ് ആദ്യമായി കായിക രംഗത്തേക്കിറങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ രണ്ട് സ്വർണ്ണവും ഒരു വെങ്കലവും അടങ്ങുന്നതായിരുന്നു സായൂജിന്റെ ആദ്യ മെഡൽ നേട്ടം. അവിടുന്നങ്ങോട്ട് പങ്കെടുത്ത മീറ്റുകളിലെല്ലാം മെഡലുകൾ നേടിയ സായൂജ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 10-ാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്.

അച്ഛൻ ബാബു കൂലിപ്പണിയെടുത്തുകൊണ്ട് വരുന്നതാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. ഈ വർഷം ജനുവരിയിൽ ഡൽഹിയിൽ വെച്ച് നടന്ന ഖേലോ ഇന്ത്യ ദേശീയ സ്‌കൂൾ ഗെയിംസിൽ അണ്ടർ 17 വിഭാഗത്തിൽ സായൂജ് റിലേയിൽ സ്വർണ്ണവും 400 മീറ്ററിൽ വെങ്കലവും നേടിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആന്ധ്രയിൽ വെച്ച് നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്സിലും സായൂജ് 400 മീറ്ററിൽ വെള്ളി നേടിയിയുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന സൗത്ത് സോൺ മീറ്റിലും 400 മീറ്ററിൽ സായൂജിനായിരുന്നു വെള്ളിമെഡൽ.

കായിക രംഗത്ത് ദേശീയ തലത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന സായൂജിന് തന്റെ മെഡലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. അതോടൊപ്പം തന്നെ രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടുകയും ചെയ്യണം. പല താവണ ഗ്രാമസഭകളിലും മറ്റും സായൂജിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും തങ്ങൾക്കൊരു വീട് ലഭിച്ചിട്ടില്ലെന്ന് സായൂജിന്റെ അച്ഛൻ മറുനാടനോട് പറഞ്ഞു. അതേ സമയം കുടുംബത്തിന് സ്വന്തമായി റേഷൻകാർഡില്ലാത്തതാണ് വീടനുവദിക്കാനുള്ള പ്രയാസമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഒകെ അഹമ്മദ് മറുനാടനോട് പറഞ്ഞു.

ഇവർക്കിപ്പോഴും സ്വന്തമായി റേഷൻകാർഡില്ല. തറാവാട് വീട്ടിലെ റേഷൻകാർഡിലാണ് ഇവരിപ്പോഴുമള്ളത്. മാത്രവുമല്ല ഇവരുടെ സ്ഥലം കൂട്ട് സ്വത്തുമാണ്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാൽ ഇവർക്ക് വീടനുവദിക്കാനുള്ള സംവിധാനം പഞ്ചായത്തൊരുക്കുമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് കൂരാച്ചുണ്ട് പോലൊരും മലയോര മേഖലക്ക് തന്നെ അഭിമാനമായി മാറിയ സായൂജിന്റെ വീടില്ലാത്ത വിഷമം കണ്ട് എൽഇഡി ബൾബുകൾ കണ്ടെത്തിയ ജോൺസൻ സായൂജിന്റെ വീട്ടിൽ നേരിട്ടെത്തി താൻ നിർമ്മിച്ച സോളാർ വിളക്ക് സായൂജിന് സമ്മാനിച്ചു. വിളക്കില്ലാത്തതിനാൽ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരില്ലെന്നും അദ്ദേഹം സായൂജിന് ഉറപ്പ് നൽകി. നമ്മുടെ നാട്ടിൽ കഴിവുള്ളവരെ അംഗീകരിക്കാൻ ബന്ധപ്പെട്ടവർക്ക് അറിയില്ലെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.