മുംബൈ: മിനിമം ബാലൻസ് ഇല്ലാത്ത സേവിങ്‌സ് അക്കൗണ്ടുകളിൽ എസ് ബി ഐ ഈടാക്കുന്ന പിഴ കുറച്ചു. 20 മുതൽ 50 ശതമാനം വരെയാണ് കുറച്ചത്. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളിൽ മിനിമം ബാലൻസായി സൂക്ഷിക്കേണ്ടുന്ന തുക 5000ൽ നിന്ന് 3000 ആയും കുറച്ചിട്ടുണ്ട്.

മിനിമം അക്കൗണ്ട് ബാലൻസ് സൂക്ഷിക്കേണ്ട കാര്യത്തിൽ മെട്രോ, നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തിൽ കൊണ്ടുവന്നിട്ടുണ്ട്. മെട്രോകളിലും നഗരങ്ങളിലും 3000രൂപയും അർധനഗരങ്ങളിൽ 2000 രൂപയും ഗ്രാമപ്രദേശങ്ങളിൽ ആയിരം രൂപയുമാണ് മിനിമം ബാലൻസായി സൂക്ഷിക്കേണ്ടത്.
ഏപ്രിൽ ഒന്നുമുതലാണ് മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് സർവീസ് ചാർജ് ഈടാക്കി തുടങ്ങിയത്.

അർധനഗര, ഗ്രാമീണ മേഖലകളിൽ 20 രൂപ മുതൽ 40 രൂപ, നഗരം, മെട്രോ നഗരം എന്നിവിടങ്ങളിൽ 30 മുതൽ 50 രൂപ വരെയുമാണ് പുതുക്കിയ നിരക്ക്. ഒക്ടോബർ മാസം മുതലാണ് ഇളവ് നിലവിൽ വരിക.

പെൻഷൻ സ്വീകർത്താക്കൾ, സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ, പ്രായപൂർത്തിയാകത്തവർ എന്നിവരെ കുറഞ്ഞ തുക അക്കൗണ്ടിൽ സൂക്ഷിക്കേണ്ടുന്നവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജൻധൻ യേജന, ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട്സ് എന്നിവയ്ക്കു കീഴിലുള്ള അക്കൗണ്ടുകളെ നേരത്തെ തന്നെ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്റെ പ്രയോജനം അഞ്ച് കോടി അക്കൗണ്ട് ഉടമകൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.