കോഴിക്കോട്: ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിൽ സുപ്രീംകോടതിയിൽനിന്ന് തിരച്ചടിയിണ്ടായെങ്കിലും നിയമയുദ്ധത്തിൽനിന്ന് വി എസ് അച്യുതാനന്ദൻ പിന്നോട്ടില്ല. മുൻ മന്ത്രിയും മുസ്ലീലീഗ് നേതാവുമായ പി.കെ കുട്ടിയെ കേസിൽ പ്രതിയാക്കണമെന്ന് ചൂണ്ടിക്കാട്ടി വി എസ് വിചാരണക്കോടതിയെ സമീപിക്കുമെന്നാണ് അദ്ദേഹമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. പക്ഷേ വി എസ് ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പഠിച്ചുവരികയാണെന്നാണ് ഇന്നലെ അദ്ദേഹം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്.

അതേസമയം കഴിഞ്ഞ സർക്കാറിന്റെ അതേ നിലപാട് എൽ.ഡി.എഫ് സർക്കാറും സ്വീകരിച്ചത് പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.ഇക്കാര്യം സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്രനേതാക്കളെ വി എസ് അറിയിക്കും. എന്നാൽ പഴയതുപോലെ നേരിട്ടുള്ള വിഴുപ്പലക്കലിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാൻ വി.എസിനും താൽപ്പര്യമില്ല. അതിനാൽ വളരെ സൂക്ഷിച്ചുതന്നെയാണ് അദ്ദേഹം ഇക്കാര്യത്തിൽ നീങ്ങുന്നത്.

മുൻ അഡ്വക്കേറ്റ് ജനറലും ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകനുമായിരുന്ന അഡ്വ.എം.കെ ദാമോദരൻ ഒത്തുകളിച്ചാണ് കേസ് അട്ടിമറിച്ചതെന്നാണ് വി എസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ലാവലിൻ കേസിൽ അടക്കം തനിക്കുവേണ്ടി ഹാജരായ എം.കെ ദാമോദരനാവട്ടെ പിണറായിയുടെ വിശ്വസ്തനാണ്. അതുകൊണ്ടുതന്നെ ദാമോദരനെതിരായ നീക്കം മുഖ്യമന്ത്രിക്കെതിരായ നീക്കം തന്നെയായിട്ടായിരക്കും പാർട്ടി വിലയിരുത്തുക. ഇതോടെ വി.എസും പിണറായി സർക്കാറും തമ്മിൽ പുതിയ പോരിന് വഴിതുറക്കുകയാണ് ഐസ്‌ക്രീം കേസ്.

സ്വന്തം പാർട്ടിയുടെ സർക്കാർ വി.എസിനെ തള്ളിപ്പറഞ്ഞ അപൂർവതയാണ് ഇന്നലെ സുപ്രീംകോടതിയിലുണ്ടായത്. ഇത് പാർട്ടിക്കും തനിക്കും നാണക്കേടായെന്നകാര്യമാണ് വി എസ് കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കുക. ഐസ്‌ക്രീം കേസ് അട്ടിമറിയെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് വി എസ് ഹരജിയിൽ ആവശ്യപ്പെട്ടത്. ഇതേക്കുറിച്ച് സുപ്രീംകോടതി നിലപാട് ചോദിച്ചപ്പോൾ വി.എസിൻേറത് രാഷ്ട്രീയപ്രേരിതമായ ആവശ്യമാണെന്ന സത്യവാങ്മൂലം കുഞ്ഞാലിക്കുട്ടി അംഗമായ മുൻ യു.ഡി.എഫ് സർക്കാർ അറിയിച്ചത് സ്വാഭാവികം. എന്നാൽ, വി.എസിന്റെ സ്വന്തം പാർട്ടിയുടെ സർക്കാർ വി.എസിനെ തള്ളിപ്പറഞ്ഞ അപൂർവതയാണ് തിങ്കളാഴ്ച സുപ്രീംകോടതിയിലുണ്ടായത്.

ഐസ്‌ക്രീം കേസിൽ വി.എസിന്റെ ഹരജി സുപ്രീംകോടതി പരിഗണിക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കിയത് മുൻസർക്കാറിന്റെ നിലപാട് മാറമോ എന്നായിരുന്നു.ഭരണം മാറുമ്പോൾ സർക്കാറിന്റെ നിലപാട് മാറുന്നതും അക്കാര്യം അറിയിച്ച് കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുന്നതും പതിവാണ്. ഐസ്‌ക്രീം കേസിൽ അതുണ്ടാകാതെ പോയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരന്റെ സ്വാധീനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐസ്‌ക്രീം കേസ് കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന ദാമോദരനാണ് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ കേസ് അട്ടിമറിക്ക് നേതൃത്വം നൽകിയതെന്നും വി എസ് വിശ്വസിക്കുന്നു. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചതിൽ വി.എസിന് അതൃപ്തിയുമുണ്ട്.

പിണറായിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരനോടുള്ള എതിർപ്പ് പരസ്യമാക്കിയാണ് വി എസ് തിരിച്ചടിച്ചത്. ഐസ്‌ക്രീം കേസ് അട്ടിമറിച്ചതിൽ എം.കെ. ദാമോദരനുള്ള പങ്ക് വി.എസിന്റെ അഭിഭാഷകൻ കോടതിയിൽ തുറന്നടിച്ചു. ഇക്കാര്യത്തിൽ വി.എസിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കാൻ കൂടിയാണ് വി.എസിന്റെ അഭിഭാഷകൻ ഐസ്‌ക്രീം കേസ് അട്ടിമറിക്ക് പിന്നിൽ ദാമോദരന്റെ പങ്ക് കോടതിയിൽ ആവർത്തിച്ചത്.

പക്ഷേ കേസ് തള്ളിയെങ്കിലും വിചാരണക്കോടതയിൽ പരാതി നൽകാമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം വി.എസിന് പിടിവള്ളിയായിരക്കയാണ്.അതിനായുള്ള ശ്രമത്തിലാണ് അദ്ദേഹമെന്നാണ് വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. അതേമസയം ഹരജിക്കാരനായ വി.എസിനെ ആക്രമിക്കാതെ വളരെ തന്ത്രപരമായിട്ടാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.20 വർഷമായി താനനുഭവിക്കുന്ന പീഡനമാണ് അവസാനിച്ചതെന്ന് കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. വിധിയിൽ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഹരജി നൽകിയ വി എസ്. അച്യുതാനന്ദനോട് പ്രത്യേകം എതിർപ്പൊന്നുമില്ല. രാഷ്ട്രീയക്കാരല്ലാത്ത ചില തൽപരകക്ഷികളും കേസിനു പിന്നിലുണ്ട്. അവർ ആരാണെന്ന് പറഞ്ഞ് വലുതാക്കാനില്ല. ഐസ്‌ക്രീം കേസ് വഴി ഒട്ടേറെ രാഷ്ട്രീയ തിരിച്ചടിയുണ്ടായിട്ടുണ്ട്. എന്നാൽ, ഒരു കോടതിയും തനിക്കെതിരെ തെളിവ് കണ്ടത്തെിയിട്ടില്ല. പൊതുപ്രവർത്തകരാവുമ്പോൾ കേസുകൾ വന്നുകൊണ്ടിരിക്കും. അതിന്റെ പിന്നാലെ നടക്കുന്ന ശീലമില്ല. പുതിയ കേസുകൾ ഇപ്പോഴും വരുന്നുണ്ട്. ഒരു നോമ്പുകാലത്ത് തുടങ്ങിയ ഐസ്‌ക്രീം കേസ് മറ്റൊരു നോമ്പുകാലത്താണ് അവസാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.