ന്യൂഡൽഹി: വിദേശ വിനിമയച്ചട്ട ലംഘന കേസുകളിൽ അന്വേഷണം നേരിടുന്ന കാർത്തി ചിദംബരത്തിന് വിദേശയാത്രാ അനുമതിയില്ല. മുൻ മന്ത്രി പി ചിദംബരത്തിന്റെ മകനും കോൺഗ്രസ് നേതാവുമായി കാർത്തി അന്വേഷണ ഏജൻസിയായ സിസിബിഐയ്ക്ക് മുന്നിൽ ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. കാർത്തിക്കെതിരായ ലുക്കൗട്ട് നോട്ടീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹർ ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഢ് എന്നിവരുൾപ്പെട്ട ബഞ്ച് കേസ് പരിഗണിച്ചത്. സിബിഐയുടെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന കാർത്തിയുടെ ആവശ്യം പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതിക്ക് പരമോന്നത കോടതി നിർദ്ദേശം നൽകി.

കാർത്തി അടക്കം നാലുപേർക്കെതികരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ഓഗസ്റ്റ് പത്തിനാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് കാർത്തിയുടെ ആരോപണം . കാർത്തി അടക്കമുള്ളവർക്കെതിരെ മെയ് 15 നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും വീടുകളിൽ സിബിഐ റെയ്ഡു നടത്തിയിരുന്നു.