ആലപ്പുഴ: പ്രകൃതിക്ഷോഭവും പേമാരിയുമുണ്ടാക്കാവുന്ന ദുരന്തങ്ങളൊഴിവാക്കാനായി സംസ്ഥാന സർക്കാർ പ്രഖ്യപിച്ച ഉത്തരവ് ഉദ്യോഗസ്ഥർ കാറ്റിൽ പറത്തുന്നു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ചില ദുരന്തങ്ങൾ കണക്കിലെടുത്ത് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത വകുപ്പാണ് ഇപ്പോൾ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത മൂലം ഇളിഭ്യരായത്.

ചെങ്ങന്നൂരിലെ ഒരു വിദ്യാലയമുറ്റത്ത് കുഞ്ഞുങ്ങൾക്ക് ഭീഷണി ഉയർത്തി നിൽക്കുന്ന വന്മരം വെട്ടിനീക്കാൻ ഇവിടത്തെ പ്രധാനാധ്യാപിക അധികൃതരുടെ കരുണ തേടി അലയാൻ തുടങ്ങിയിട്ടു മാസങ്ങളായി. പാതയോരങ്ങളിലും ഇടറോഡുകളിലും പ്രധാന കവാടങ്ങൾ എന്നിവിടങ്ങളിൽ അപകടകാരികളായി നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിനീക്കാൻ അനുവാദം വേണ്ടെന്നും മരം പൂർണമായും മുറിച്ചു നീക്കാൻ ആർ ഡി ഒ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് രേഖാമൂലം എഴുതി നൽകി നീക്കം ചെയ്യാമെന്നുമാണ് നിർദ്ദേശം. എന്നാൽ വിവിധ തൊടുന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുകയാണ്. ഇനിയും ഒരു ദുരന്തത്തിനുകൂടി കാത്തിരിക്കുകയാണ് അധികൃതർ. പിഞ്ചുകുട്ടികളുടെ ജീവനു വില കല്പിക്കാത്ത ഉദ്യോഗസ്ഥരുടെ മുന്നിൽ ആവലാതിയും അപേക്ഷകളുമായി ഈ അദ്ധ്യാപിക നടന്ന് നടുവൊടിഞ്ഞു. എന്നിട്ടും കരുണകാട്ടിയില്ല. പെണ്ണുക്കര ഗവ. യു.പി സ്‌കൂളിലെ പ്രധാന അദ്ധ്യാപികയാണ് തന്റെ സ്‌കൂളിലെ കുട്ടികളുടെ ജീവന് ഭീഷണിയായി നിലനിൽക്കുന്ന മരം മുറിച്ചുമാറ്റാൻ അനുവാദം നൽകണമെന്ന അപേക്ഷയുമായി വിവിധ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നത്.

ആദ്യം വില്ലേജ് ഓഫീസിൽ മരം മുറിച്ചുമാറ്റാനുള്ള അപേക്ഷയുമായി എത്തിയപ്പോൾ അനുഭാവപൂർവം പരിഗണിക്കുകയും ആർ.ഡി.ഒ ഓഫീസിലെ ഉത്തരവിനായി പറഞ്ഞയയ്ക്കുകയും ചെയ്തു. ഇവിടെ എത്തിയ അദ്ധ്യാപികക്ക് മരം മുറിച്ചുമാറ്റാനുള്ള അനുവാദം നൽകേണ്ടത് പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ ഓഫീസിൽ നിന്നാണെന്നുള്ള അറിയിപ്പ് ലഭിച്ചു. അവിടെ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പർമാരുടെയും കത്തുണ്ടെങ്കിൽമാത്രമേ മരം മുറിക്കാൻ പറ്റുകയുള്ളുവെന്ന നിർദ്ദേശമാണ് ലഭിച്ചത്. ഈ കത്തുകൾ സംഘടിപ്പിച്ച് വീണ്ടും ഓഫീസിലെത്തിയപ്പോൾ വനം വകുപ്പാണ് മരം മാർക്ക് ചെയ്ത് വില നിർദ്ദേശിക്കണ്ടതെന്ന നിലപാടിലേക്ക് മാറി.

ഇതോടെ ചെങ്ങന്നൂരിലുള്ള ഫോറസ്റ്റ് ഓഫീസിലെ കാര്യാലയത്തിലെത്തിയപ്പോൾ ഇക്കാര്യങ്ങൾ ചെയ്യേണ്ടത് ആലപ്പുഴയിലെ ഓഫീസാണെന്ന അറിയിപ്പാണ് ലഭിച്ചത്. മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ മറംമുറിക്കൽ എന്നു നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ജൂൺ 22 നാണ് സ്‌കൂൾ മുറ്റത്തുള്ള പോടുപിടിച്ച് ഏതു നിമിഷവും വീഴാറായി നിൽക്കുന്ന രണ്ടുമരങ്ങൾ മുറിച്ചുമാറ്റണമെന്നുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ആദ്യം എത്തിയത്. തുടർന്ന് ഓരോരോ കാരണങ്ങൾ പറഞ്ഞ് മടക്കി അയയ്ക്കുന്നതിനിടെ വീഴാറായ രണ്ടു മരങ്ങളിൽ ഒന്ന് കഴിഞ്ഞ ആഴ്ച ഒടിഞ്ഞുവീണു. രാത്രിയിലാണ് മരം വീണത് എന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

സ്‌കൂൾ മുറ്റത്തു നിൽക്കുന്ന അവശേഷിക്കുന്ന പോടുപിടച്ച ഒരു മരത്തിന്റെ ചുവട്ടിലാണ് ഇപ്പോൾ സ്‌കൂൾ അസംബ്ലി കൂടുന്നതും കുട്ടികൾ കളിക്കുന്നതും. പിഞ്ചുകുട്ടികൾ ഉൾപ്പടെ നൂറുകണക്കിന് വിദ്യാർത്ഥികളുള്ള സ്‌കൂളിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരം അനാവശ്യ നിയമനടപടികളുടെ പേരിൽ മുറിക്കാൻ വൈകിപ്പിക്കുന്നത് വൻ ദുരന്തത്തിന് വഴിതെളിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഏതാനും നാളുകൾക്ക് മുൻപ് അപകടനിലയിലായ മരം വീണ് സ്‌കൂൾ ബസ്സിന് മുകളിലേക്ക് കടപുഴകി വീണ് വിദ്യാർത്ഥികൾ മരിച്ച സംഭവവും സ്‌കൂൾ മുറ്റത്തു നിന്ന തെങ്ങു പിഴുതുവീണ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടതും നടുക്കുന്ന ഓർമ്മകളായി അവശേഷിക്കുകയാണ്. ഇതേ തുടർന്ന് അപകടത്തിലായ മരങ്ങൾ മുറിച്ചു നീക്കുന്നതിന് സർക്കാർ വിവേചനാധികാരം നൽകിയതായി പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യം സർക്കുലറായി ഇറക്കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാരണത്താലാണ് അപകടക്കെണി ഒരുക്കി നിൽക്കുന്ന മരങ്ങൾ പോലും മുറിക്കാൻ കഴിയാത്ത സാഹചര്യമെന്നും ഇവർ പറയുന്നത്.

പെണ്ണുക്കര സ്‌കൂളിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ സ്‌കൂൾ കുട്ടികളുടെ ജീവൻ വച്ച് പന്താടുന്ന ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പി.ടി.എയും നാട്ടുകാരും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. അപകടക്കെണി ഒരുക്കി നിൽക്കുന്ന മരം മുറിക്കാത്തതുമൂലം രക്ഷകർത്താക്കളും തങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയയ്ക്കുന്നത് ഭീതിയോടെയാണ്. രാവിലെ സ്‌കൂൾ ആരംഭിച്ച് കുട്ടികൾ വൈകിട്ട് മടങ്ങും വരെ യാതൊരു അപകടവും പറ്റരുതെയെന്ന പ്രർത്ഥനയിലാണ് ഇവിടത്തെ അദ്ധ്യാപകരും രക്ഷിതാക്കളും.