തിരുവനന്തപുരം: സ്‌കൂൾ കലോൽസവത്തിലെ വിജയികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പുനരാലോചനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാർശ. സ്‌കൂൾ കലോൽസവ നടത്തിപ്പ് സംബന്ധിച്ച് കമ്മീഷൻ സമർപ്പിച്ച ശുപാർശയിലാണ് ഗ്രേസ് മാർക്കുകൾക്കെതിരെ നിലപാട് എടുക്കുന്നത്. 

ഗ്രേസ് മാർക്ക് മൂന്നിലൊന്നായി ഇത്തവണ കുറയ്ക്കണമെന്നും സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് പ്രൈസ് മണി നൽകുന്ന സമ്പ്രദായം ഒഴിവാക്കേണ്ടതാണെന്നും ശുപാർശ ചെയ്യുന്നു. സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സത്വര നടപടിക്കായാണ് ശുപാർശകൾ കമ്മീഷൻ സമർപ്പിച്ചത്. കമ്മീഷൻ സമർപ്പിക്കുന്ന ശുപാർശകളിൽ കൈക്കൊണ്ട നടപടി 2012 ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം കമ്മീഷനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കലോത്സവ വിജയികൾക്ക് നൽകുന്ന ഗ്രേസ്മാർക്കും വിജയികൾക്ക് നൽകുന്ന മറ്റു ആനുകൂല്യങ്ങളും വളരെ ഉയർന്ന നിലയിലുള്ളതാണ്. അക്കാഡമിക് നൈപുണ്യത്തിന് നൽകേണ്ട പ്രാധാന്യം ഒരർത്ഥത്തിലും ഗ്രേസ് മാർക്കും മറ്റു സൗജന്യ മാർക്കും നൽകി അപ്രസക്തമാക്കി കൂടാ. ആയതിനാൽ ഇപ്പോൾ നൽകുന്ന ഗ്രേസ് മാർക്ക് മൂന്നിലൊന്നായി കുറച്ച് 10, 8, 6 എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും ഗ്രേഡുകാർക്ക് നൽകാവുന്നതും ആയത് സമാന മേഖലകളിലെ ബന്ധപ്പെട്ട പഠനത്തിന് സഹായകമാകുന്ന രീതിയിൽ മാത്രം നൽകി പരിമിതപ്പെടുത്തേണ്ടതുമാണ്.

ഒരിക്കലും ഗ്രേസ് മാർക്ക് മൊത്തം മാർക്കിനോട് കൂട്ടി എഴുതരുത്. ഗ്രേസ് മാർക്ക് പ്രത്യേകം കാണിക്കേണ്ടതാണ്. കലോൽസവമുൾപ്പെടെയുള്ള മേഖലകളിൽ ഗ്രേസ് മാർക്ക് നൽകേണ്ടതുണ്ടോ എന്ന കാര്യം സർക്കാർ പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു- സർക്കാരിനുള്ള ശുപാർശയിൽ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു.

കലോത്സവത്തിൽ ഇപ്പോഴുള്ള പല ഇനങ്ങളും കുറയ്ക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും വീണ്ടും കൂടുതൽ ഇനങ്ങൾ കലോത്സവ മത്സരത്തിൽ ഉൾപ്പെടുന്നത് പരിഗണിച്ചു കൂടെന്നും നിർദ്ദേശിക്കുന്നു. കേരള സമൂഹത്തിൽ പരിമിത സാന്നിദ്ധ്യമുള്ള പല കലാ ഇനങ്ങളും ഇന്ന് മത്സര ഇനങ്ങളിലുണ്ട്. ഇതിന് പരിശീലകരും വിധി കർത്താക്കളും കുറവാണ്. പലപ്പോഴും പരിശീലകർ തന്നെയാണ് ഇത്തരം കലാ രൂപങ്ങൾക്ക് വിധികർത്താക്കളായി വരുന്നത് എന്നതു വിധി നിർണ്ണയത്തിന്റെ സുതാര്യതയെ ബാധിക്കുന്നു. അത്തരം കലാ രൂപങ്ങൾ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തരുത്. വിധി നിർണ്ണയത്തിന്റെ സുതാര്യതയും ഗുണമേന്മയും ഉറപ്പ് വരുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണം.

യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെയാണ് ഇപ്പോൾ വിധി നിർണ്ണയവും അപ്പീൽ നടപടി ക്രമങ്ങളും നടക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പക്ഷം നടപടികൾ കൂടുതൽ സുതാര്യമാകുന്നതും എളുപ്പത്തിലാകുന്നതുമാണ്. പ്രകടനങ്ങൾക്ക് നൽകേണ്ട മാർക്ക് സംബന്ധിച്ച് വിധി കർത്താക്കൾക്ക് ശരിയായ വിവരവും മാനദണ്ഡവും നൽകിയാൽ മാർക്ക് നൽകുന്നതിലെ പ്രകടമായ വ്യത്യാസം ഒഴിവാക്കാനാകും. ഓരോ വിധി കർത്താവും നൽകുന്ന മാർക്കുകളിൽ 5 ശതമാനമോ 10 ശതമാനമോ വ്യത്യാസം കണ്ടാലോ, അനുവദനീയമായ മാർക്കിലും കൂടുതൽ മാർക്ക് നൽകുന്ന സാഹചര്യമുണ്ടായാലോ അത്തരം വിധി കർത്താവ് നൽകിയ മാർക്ക് അവഗണിക്കേണ്ടതും മറ്റു വിധികർത്താക്കൾ നൽകിയ ശരാശരി മാർക്ക് പരിഗണനക്കെടുക്കേണ്ടതുമാണെന്ന് ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്യുന്നു.

കലോത്സവം നടത്തിപ്പിന്റെ അപ്പീൽ നടപടിക്രമങ്ങൾ ഇപ്പോൾ നടക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഭരണപരമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്. അപ്പീൽ നടപടി ക്രമങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഒരു നിയമ നിർമ്മാണത്തിന്റെ സാധ്യത സജീവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. അപ്രകാരം ഒരു നിയമ നിർമ്മാണത്തിലൂടെ അപ്പീൽ നടപടിക്രമങ്ങൾ നിയന്ത്രണ വിധേയമാക്കി, വിദഗ്ധരായ ആളുകൾ ഉൾപ്പെടെ അപ്പീൽ ഫോറങ്ങൾ അപ്പീൽ തീർപ്പ് കൽപ്പിക്കുന്ന സാഹചര്യം വന്നാൽ ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി പരാതികൾ ഒഴിവാക്കാനാകും. അപ്പീൽ തീർപ്പ് കൽപ്പിക്കുന്നതിന് വിദഗ്ദ്ധർ ഉൾപ്പെടുന്ന ഫോറം തന്നെ നിയമ നിർമ്മാണത്തിലൂടെ കൊണ്ടുവരാവുന്നതാണ്.

ഇപ്രകാരം കൊണ്ടു വരുന്ന നിയമനിർമ്മാണത്തിൽ വിധികർത്താക്കൾക്കും അപ്പീൽ അധികാരികൾക്കും പെരുമാറ്റ ചട്ടങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും സജീവമായി പരിഗണിക്കണം. കൃത്രിമം കാണിക്കുന്ന വിധികർത്താക്കളെയും അപ്പീൽ അധികാരികളെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനും വ്യവസ്ഥകളുണ്ടാകണമെന്നും നിർദ്ദേശിക്കുന്നു.

വിധി കർത്താക്കളെ തിരഞ്ഞെടുക്കുന്നതും അപ്പീൽ അധികാരികളെ നിശ്ചയിക്കുന്നതും ജില്ലാതല ഉദ്യോഗസ്ഥന്മാരായ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും, അസി. എഡ്യൂക്കേഷണൽ ഓഫീസർമാർക്കും വിട്ടു നൽകരുത്. ഇത് അത്യന്തം ശ്രദ്ധയോടെയും യോഗ്യത സംബന്ധിച്ച് ശരിയായ പഠനവും ഗവേഷണവും നടത്തിയും അവരുടെ പശ്ചാത്തലം സംബന്ധിച്ച് ശരിയായ രീതിയിൽ മനസ്സിലാക്കിയും വേണം വിധികർത്താക്കളെയും അപ്പീൽ അധികാരികളെയും നിശ്ചയിക്കാൻ. ഇതിനായി എല്ലാ വർഷവും പൊതു വിദ്യാ ഭ്യാസ ഡയറക്ടർ അത്യന്തം ശ്രദ്ധയോടെ 50 അംഗ പാനൽ തയ്യാറാക്കണം. ഓരോ അംഗവും അവരുടെ ബയോഡേറ്റാ അധികാരികൾക്ക് നൽകണം. ഈ പാനലിൽ നിന്നും മാത്രമേ ഓരോ ജില്ലയിലേക്കുമുള്ള വിധികർത്താക്കളെയും അപ്പീൽ അധികാരികളെയും തെരഞ്ഞെടുക്കാൻ പാടുള്ളൂ.

ഓരോ വിധി കർത്താവും അപ്പീൽ കമ്മിറ്റി അംഗ ങ്ങളും തങ്ങളുടെ ബന്ധുക്കളോ ശിഷ്യന്മാരോ മത്സരത്തിൽ പങ്കെടുക്കുന്നില്ല എന്ന് കാണിച്ച് സത്യവാങ്മൂലം വാങ്ങണം. എത്ര നല്ല കലാസ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടിയവരാണെങ്കിലും പരിചയ സമ്പത്തില്ലാത്ത, ഈ മേഖലയിൽ കഴിവ് തെളിയിക്കാത്തവരും പ്രവർത്തന പരിചയക്കുറവുള്ളവരുമായ പുത്തൻ ബിരുദധാരികളെ വിധി കർത്താക്കളുടെപാനലിൽ നിയമിക്കരുത്. പാനലിൽ ഉൾപ്പെട്ട വിധികർത്താക്കളെ അവരുടെ സ്വന്തം ജില്ലകളിൽ വിധി നിർണ്ണയം നടത്തുന്നതിന് നിയോഗിക്കരുത്. വിധികർത്താക്കളുടെ പാനൽ എല്ലാ വർഷവും പരിഷ്‌ക്കരിക്കണം. വിധി നിർണ്ണയത്തിൽ ക്രമവിരുദ്ധമായി പ്രവർത്തിക്കുന്ന വിധികർത്താക്കളെ പാനലിൽ നിന്നും സ്ഥിരമായി ഒഴിവാക്കേണ്ടതും തുടർന്ന് ഒരിക്കലും അവരെ പാനലിൽ ഉൾപ്പെടുത്തുകയും ചെയ്യരുതെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെടുന്നു.

നല്ല കലാകാരന്മാരെ വാർത്തെടുക്കുക എന്ന കലോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർണ്ണമായും നിറവേറ്റപെടുന്നുവെന്നത് പരിശോധനക്ക് വിധേയമാക്കണം. ഈ ഉദ്ദേശം എത്രത്തോളം പൂർത്തീകരിക്കാൻ സാധിച്ചു എന്ന കാര്യത്തിൽ കൃത്യമായ പഠനം നടത്തി ആയതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണെന്നും ശുപാർശയിലുണ്ട്.