തിരുവനന്തപുരം: കോവിഡ് വ്യാപനം പ്രതിസന്ധി നിലനിൽക്കെ പുതുവർഷത്തിൽ പുതിയ പ്രത്യാശകളുമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ വീണ്ടും തുറന്നു. ഓൺലൈൻ ക്ലാസുകളിലൂടെ പത്ത് മാസത്തോളം നീണ്ട അധ്യായനം ഇനി ക്ലാസ് മുറിയിൽ തുടരും. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ക്ലാസുകൾ നടക്കുന്നത്. ഭാഗികമായി കോളജുകളിലും വിദ്യാഭ്യാസം ആരംഭിച്ചു. മഴയോടെയാണ് പ്രകൃതിയും 'പുതിയ അധ്യായന' വർഷത്തെ വരവേറ്റത്.

5500ലേറെ സ്‌കൂളുകളിൽ 10, 12 ക്ലാസുകളിലായി 10 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകളിലും 10, 12 ക്ലാസുകൾ ആരംഭിച്ചു. എന്നാൽ റസിഡൻഷ്യൽ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

സുരക്ഷാ മുൻകരുതലുകളിലൂടെ മഹാമാരിയെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും. കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതിനുള്ള കാര്യങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പഠനം പുരോഗമിക്കുക. ശേഷിക്കുന്ന പാഠ്യഭാഗങ്ങൾ തീർക്കുന്നതിനൊപ്പം റിവിഷൻ, പരീക്ഷ എന്നിവയെക്കുറിച്ചു മാർഗനിർദ്ദേശം നൽകുകയും ചെയ്യണമെന്ന് നിർദേശമുണ്ട്. ജനുവരിയിൽ ക്ലാസും ഫെബ്രുവരിയിൽ റിവിഷനും പൂർത്തിയാക്കി മാർച്ച് 17 മുതൽ 10, 12 ക്ലാസുകളിലെ പരീക്ഷ നടത്താണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കും.

സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ മെയ്‌ 4 മുതൽ ജൂൺ 10 വരെ എഴുത്തു പരീക്ഷയായിത്തന്നെ നടക്കും. ജൂലൈ 15നു മുൻപായി ഫലം പ്രഖ്യാപിക്കും. ഇരു ക്ലാസുകളിലേക്കുമുള്ള പ്രാക്ടിക്കൽ, ഇന്റേണൽ, പ്രോജക്ട് പരീക്ഷകൾ മാർച്ച് ഒന്നു മുതൽ നടത്താം.

തിയറി പരീക്ഷകൾ അവസാനിക്കുന്നതിനു മുന്നോടിയായി ഇതു പൂർത്തിയാക്കണം. പരീക്ഷാ തീയതി സംബന്ധിച്ച വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ വ്യക്തമാക്കി. ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളുടെ അന്തിമ തീയതി തീരുമാനമായിട്ടില്ലെന്നു കൗൺസിൽ സിഇഒ ജെറി ആരത്തൂൺ പറഞ്ഞു.

അദ്ധ്യാപകരും കുട്ടികളും മറ്റു ജീവനക്കാരും മുഴുവൻ സമയവും മാസ്‌ക് ധരിക്കണം. യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്. അകലം കർശനമായി പാലിക്കണം. ക്ലാസ് മുറിക്കു പുറത്തോ സ്‌കൂൾ പരിസരത്തോ കൂട്ടംകൂടി നിൽക്കരുത്. കൈകൊണ്ടു മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്. ക്ലാസ് മുറികളിലെ ജനലുകളും വാതിലുകളും തുറന്നിടുക. പേന, പെൻസിൽ, പുസ്തകങ്ങൾ തുടങ്ങിയവ കൈമാറരുത്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും പങ്കുവയ്ക്കരുത്. ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്‌ക്, ഡസ്റ്റർ എന്നിവ 2 മണിക്കൂർ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യണം.പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ കുട്ടികൾ, അദ്ധ്യാപകർ, ജീവനക്കാർ എന്നിവർ സ്‌കൂളിൽ എത്തരുത്.
തിരികെ വീട്ടിലെത്തിയ ശേഷം, ഉപയോഗിച്ച മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായി വലിച്ചെറിയാതെ സോപ്പ് ഉപയോഗിച്ച് കഴുകി, കുളിച്ചു വൃത്തിയായതിനു ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക. എന്നീ നിർദ്ദേശങ്ങളാണ് നൽകിയിക്കുന്ത്.