തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന 62ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ എറണാകുളത്തിന് കിരീടം. പാലക്കാടാണ് ഇത്തവണയും രണ്ടാം സ്ഥാനത്ത്. 253 പോയിന്റ് നേടിയ എറണാകുളത്തിന്റെ 13ാം കിരീടമാണ് ഇത്. 101 പോയിന്റുമായി ആധഥിധേയരായ തിരുവനന്തപുരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നാല് വർഷത്തിന് ശേഷം കോതമംഗലം സെന്റ് ജോർജിനാണ് ഇത്തവണ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം. 81 പോയിന്റാണ് കൊതമംഗലത്തിന്റെ മൊട്ട പട്ടാളം നേടിയത്.കഴിഞ്ഞ തവണത്തെ ജേതാക്കളായ കോതമംഗലം മാർ ബേസിലിന് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

62 പോയിന്റുമായി പാലക്കാട് കുമരംപുത്തൂർ കല്ലടി സ്‌കൂൾ രണ്ടാമതും 50 പോയിന്റുമായി കോതമംഗലം മാർ ബേസിൽ മൂന്നാമതുമെത്തി. സെന്റ് ജോർജിന്റെ പത്താം കിരീടമാണിത്. തിരുവനന്തപുരത്തിന് പിന്നിലായി കോഴിക്കോട് (82), തൃശൂർ (69), കോട്ടയം (37), ആലപ്പുഴ (28), കൊല്ലം (24), മലപ്പുറം (20), കണ്ണൂർ (19), ഇടുക്കി (17), കാസർകോട് (എട്ട്), പത്തനംതിട്ട (ആറ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം. ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഏഴ് മീറ്റ് റെക്കോഡുകളാണ് പിറന്നത്.

62ാമത് മേളയിൽ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മൂന്നു പേർ ട്രിപ്പിൾ സ്വർണ നേട്ടം സ്വന്തമാക്കി. സാന്ദ്ര എ.എസ്, ചിങ്കിസ് ഖാൻ, ആദർശ് ഗോപി എന്നിവരാണ് മൂന്നിനങ്ങളിൽ സ്വർണ നേട്ടം സ്വന്തമാക്കിയത്. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ എന്നീ ഇനങ്ങളിലാണ് എറണാകുളം തേവര സേക്രഡ് ഹാർട്ടിലെ സാന്ദ്ര എ.എസ് സ്വർണം നേടിയത്. സബ് ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ, 400 മീറ്റർ, 600 മീറ്റർ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം സെന്റ് ജോർജിലെ ചിങ്കിസ് ഖാൻ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം മാർ ബേസിലിലെ ആദർശ് ഗോപി സ്വർണം നേടിയത്.

 

സായിയുടെ അഭിനവ് സി 62-ാമത് സ്‌കൂൾ കായിക മേളയിലെ ഏറ്റവും വേഗമേറിയ താരം. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 10:97 സെക്കൻഡിലാണ് അഭിനവ് ഫിനിഷിങ് ലൈൻ തൊട്ടത്. 11:09 സെക്കൻഡിൽ ഓടിയെത്തിയ തിരുവനന്തപുരം സായിയിലെ തന്നെ ബിജിത്തിനാണ് വെള്ളി.സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആൻസി സോജൻ സ്വർണം നേടി. കഴിഞ്ഞ വർഷം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച് സ്വർണം നേടിയിരുന്നു.