കൽപ്പറ്റ: വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത് വിദ്യാർത്ഥിനിയായ ഫാത്തിമ. രാഹുലിന്റെ പ്രസംഗം ഫാത്തിമ പരിഭാഷപ്പെടുത്തുന്നതിന്റെ വീഡിയോ കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് ഫേസ്‌ബുക്കിൽ പങ്കുവെച്ചു. ഫാത്തിമയുടെ മികവാർന്ന തർജ്ജമ കൂടിയായപ്പോൾ രാഹുൽ ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത എന്നും പി.സി. വിഷ്ണുനാഥ് ഫേസ്‌ബുക്കിൽ കുറിച്ചു.

തന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയിൽ കൂടിയാണെന്ന് പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. 'പക്ഷേ ഇപ്പോൾ ഞാൻ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാൽ പലപ്പോഴും മറ്റുള്ളവർ കാണില്ല. അവർ പുഞ്ചിരിക്കുന്നത് എനിക്കും. പക്ഷേ മാസ്‌ക് മാറ്റുന്നതിന് മുമ്പ് ഞാൻ സ്വയം ചിന്തിക്കും. ഞാൻ എന്റെ അമ്മയെക്കുറിച്ച് ചിന്തിക്കും.' രാഹുൽ ഗാന്ധി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ ആദ്യ പരിപാടിയായിരുന്നു വണ്ടൂരിലേത്. വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.

പി.സി. വിഷ്ണുനാഥ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്

'പൊതുപ്രവർത്തകർക്ക് മാസ്‌ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയിൽ കൂടിയാണ്. ഞാൻ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാൽ പലപ്പോഴും മറ്റുള്ളവർ കാണില്ല; അവർ പുഞ്ചിരിക്കുന്നത് എനിക്കും... അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നൽകാൻ എനിക്കും സാധിക്കില്ല... ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ അമ്മയെ ഓർക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാൽ മാസ്‌ക് ധരിക്കണം. '