- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട 19 മാസത്തെ അടച്ചുപൂട്ടലിന് ശേഷം വീണ്ടും സ്‌കൂൾ കാലം; കളിചിരി ആരവങ്ങളോടെ കുരുന്നുകൾ വീണ്ടും അക്ഷര മുറ്റത്ത്; സമ്മാനങ്ങൾ നൽകി സംഗീതത്തിന്റെ അകമ്പടിയോടെ നവാഗതരെ വരവേറ്റു; കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറന്നു. നീണ്ട 19 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ ഇന്ന് സ്‌കൂളുകളിലെത്തിയത്. എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ആഘോഷപൂർവമായി തന്നെയാണ് കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ, വീണാ ജോർജ് എന്നിവരും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.
ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളിലെയും 35 ലക്ഷം വിദ്യാർത്ഥികളിൽ മൂന്നിലൊന്ന് കുട്ടികളാണ് ആദ്യ ദിനമെത്തുക. ഒന്നും രണ്ടും ക്ലാസിലെ ആറുലക്ഷത്തിലേറെ കുഞ്ഞോമനകൾ ഒന്നിച്ച് ആദ്യമായി സ്‌കൂളിലേക്കെത്തുന്നുവെന്ന ചരിത്രപ്രാധാന്യവുമുണ്ട് ഇക്കുറി. ഒന്നാം ക്ലാസിൽ മുൻവർഷത്തേക്കാൾ 27,000 കുട്ടികൾ അധികമായും ചേർന്നു. ഒന്നിൽ 3.05 ലക്ഷം കുട്ടികളും രണ്ടിൽ 3.02ലക്ഷം കുട്ടികളുമാണെത്തിയത്. മുഴുവൻ ക്ലാസുകളിലുമായി 2,54,642 കുട്ടികൾ അധികമായെത്തി. പൊതുവിദ്യാഭ്യാസ യജ്ഞം പ്രഖ്യാപിച്ചശേഷം ഇതുവരെ 9,34,310കുട്ടികൾ അധികമായെത്തി. 15ന് എട്ട്, ഒമ്പത് ക്ലാസുകൾകൂടി തുറന്ന് ഒരാഴ്ചയ്ക്കകം അന്തിമ കണക്ക് ലഭ്യമാകും.
2020-21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്.
പത്ത് ലക്ഷത്തിലേറെ കുട്ടികൾ സ്‌കൂളിൽ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഹാജറും രേഖപ്പെടുത്തില്ല. വാക്‌സിനെടുക്കാത്ത 2282 അദ്ധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്നാണ് നിർദ്ദേശം. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളും, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് സ്‌കൂളിൽ എത്തിയത്. 15 മുതൽ 8, 9, പ്ലസ് വൺ ക്ലാസുകളും തുടങ്ങും.
കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാ ദിവസവും റിവ്യൂ മീറ്റിങ് ഉണ്ടാകും. ഏത് പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ സന്നാഹമുണ്ട്. സർക്കാർ ഒപ്പമുണ്ടെന്നും രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ കുറവ് ഉണ്ടെങ്കിൽ പരിഹരിക്കാൻ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾ സ്‌കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിൽനിന്ന് നാട് ഉണരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടുവയ്പാണ്. അതേറ്റവും മികച്ച രീതിയിൽ നടപ്പാക്കാൻ സമൂഹമൊന്നാകെ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കുട്ടികളെ സ്വീകരിക്കാൻ തയ്യാറെടുത്തെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു. ഓൺലൈനിലൂടെ പഠിച്ച പാഠഭാഗങ്ങൾ വീണ്ടും പഠിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. പരീക്ഷയടക്കമുള്ള കാര്യങ്ങളിൽ സ്‌കൂൾ തുറന്ന ശേഷം ആലോചിക്കുമെന്ന് മുഹമ്മദ് ഹനീഷ് പ്രതികരിച്ചു.
വിവിധ വകുപ്പുകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും ഒന്നായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങളടക്കമുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിരുന്നു. രക്ഷിതാക്കളുടെ ഇഷ്ടപ്രകാരമേ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കേണ്ടതുള്ളൂ. ആലപ്പുഴയിലെ 50 സ്‌കൂൾ മഴക്കെടുതി പശ്ചാത്തലത്തിൽ തിങ്കളാഴ്ച തുറക്കില്ല.
ഒരാഴ്ചയ്ക്കുശേഷം സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റം വരുത്തും. വിദ്യാർത്ഥികളെ തെർമൽ സ്‌കാനറുകൾ ഉപയോഗിച്ച് പരിശോധിക്കും. എല്ലാ ക്ലാസിന് മുന്നിലും വെള്ളവും സോപ്പും ഉണ്ടാകും. ഉച്ചഭക്ഷണത്തിനും പ്രത്യേക ക്രമീകരണമുണ്ട്. ക്ലാസിൽ ഒരു പ്രദേശത്തെ വിദ്യാർത്ഥികളെയാണ് ഒരു ഷിഫ്റ്റിൽ പ്രവേശിപ്പിക്കുക. ഒരു ഡോസ് വാക്‌സിൻപോലും എടുക്കാത്ത അദ്ധ്യാപകർക്ക് പ്രവേശനമില്ല. അവർ ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസ് എടുക്കണം.
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി വിശദമായ മാർഗനിർദേശങ്ങളുണ്ട്. അദ്ധ്യാപകർക്കുള്ള പരിശീലനങ്ങളും പൂർത്തിയായി. കോവിഡ് അനുയോജ്യ പെരുമാറ്റരീതികൾ വിവരിക്കുന്ന ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളിൽ നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകളും ഉണ്ട്.
ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകൾ. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമാണ്. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനംമാത്രം ഒരുസമയത്ത് സ്‌കൂളിൽവരുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ നടക്കുക. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം സ്‌കൂളിൽ വരാം. അടുത്തബാച്ച് അടുത്ത മൂന്നു ദിവസം സ്‌കൂളിലേക്കെത്തും.
ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ട. കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്‌കൂളിൽ വരേണ്ട. രോഗലക്ഷണം, പ്രാഥമികസമ്പർക്കം, പ്രാദേശികനിയന്ത്രണം എന്നിവയുള്ള സ്ഥലങ്ങളിൽനിന്നുള്ള കുട്ടികളും ജീവനക്കാരും സ്‌കൂളിൽ ഹാജരാകേണ്ടതില്ല. രണ്ടുഡോസ് കോവിഡ് വാക്സിൻ എടുക്കാത്തവർക്കും സ്‌കൂളിൽ പ്രവേശനമില്ല.
മറുനാടന് മലയാളി ബ്യൂറോ