യുകെ വിട്ട് പോകുന്നതിന് സ്‌കോട്ട്ലൻഡിൽ വീണ്ടുമൊരു സ്വതന്ത്ര റഫറണ്ടം നടത്തണമെന്ന സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ടർജൻ ആവശ്യപ്പെട്ടതിന് ശേഷം ഇതാദ്യമായി നിക്കോളയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസയും തമ്മിൽ മുഖാമുഖം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയെ കണ്ട് മടങ്ങിയ നിക്കോള സ്‌കോട്ടിഷ് പാർലിമെന്റിൽ ബ്രിട്ടൻ വിടാനുള്ള പ്രമേയം അവതരിപ്പിച്ച് വിജയിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ എന്ത് സംഭവിച്ചാലും ബ്രിട്ടീഷ് പാർലിമെന്റ് ഗൗനിക്കില്ലെന്ന ശക്തമായ നിലപാടാണ് തെരേസ സ്വീകരിച്ചിരിക്കുന്നത്.

ഇത് സ്‌കോട്ടിഷ് റഫറണ്ടത്തിനുള്ള സമയമല്ലെന്ന് തെരേസ തറപ്പിച്ച് പറയുമ്പോഴും അതിനെ അവഗണിച്ചാണ് സ്‌കോട്ടിഷ് പാർലിമെന്റ് പുതിയൊരു റഫറണ്ടത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള റഫറണ്ടത്തെ എതിർത്ത് 59 എംഎസ്‌പിക്കാർ വോട്ട് ചെയ്തപ്പോൾ അനുകൂലിച്ച 69 പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. നിക്കോളയുടെ ഇത് സംബന്ധിച്ച ആവശ്യം തെരേസ അവഗണിച്ചാലും ഇതിൽ നിന്നും പിന്മാറാൻ പാടില്ലെന്നാണ് സ്‌കോട്ടിഷ് എംപിമാരിൽ ഭൂരിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ സ്‌കോട്ടിഷ് റഫറണ്ടത്തിന്റെ കാര്യത്തിൽ യുകെ ഗവൺമെന്റിന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും ബ്രെക്സിറ്റ് പ്രക്രിയ പൂർത്തിയാകുന്നത് വരെ സ്‌കോട്ടിഷ് റഫറണ്ടവുമായി ബന്ധപ്പെട്ട യാതൊരു തരത്തിലുമുള്ള വിലപേശലും നടത്താനാവില്ലെന്നുമാണ് സ്‌കോട്ട്ലൻഡ് സെക്രട്ടറി ഡേവിഡ് മുൻഡെൽ പറയുന്നത്. സ്‌കോട്ടിഷ് പാർലിമെന്റിലെ വോട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്‌കോട്ടിഷ് പാർലിമെന്റിന്റെ പുതിയ നീക്കത്തിൽ തെരേസ കുപിതയാണെന്നും അതിനാൽ ഇതിനെ പിന്തുണയ്ക്കുന്ന യാതൊരു വിധത്തിലുമുള്ള നടപടിയുമെടുക്കേണ്ടെന്നുമാണ് തെരേസയുടെ തീരുമാനമെന്നുമാണ് സൂചന.

അതിനാൽ സ്‌കോട്ടിഷ് പാർലിമെന്റന്റെ ആഗ്രഹം നടപ്പിലാക്കുന്നതിനായി നിക്കോള തെരേസയ്ക്കെതിരെ തന്റേതായ നടപടികളുമായി ഈസ്റ്ററിന് ശേഷം മുന്നോട്ട് പോകുമെന്നും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച സ്‌കോട്ട്ലൻഡിൽ വച്ച് തെരേസയും നിക്കോളയും തമ്മിൽ നടത്തിയ നിർണായകമായ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇന്നലെ സ്‌കോട്ടിഷ് പാർലിമെന്റ് തികച്ചും നാടകീയമായി ഇത് സംബന്ധിച്ച വോട്ടെടുപ്പ് നടത്തിയത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔപചാരിക പ്രക്രിയ ആരംഭിക്കുന്നതിന്റെ ഭാഗമായി ലിസ്‌ബൺ ട്രീറ്റിയുടെ 50ാമത്തെ ആർട്ടിക്കിൾ പിൻവലിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ ഒപ്പിട്ട ദിവസം തന്നെയാണ് സ്‌കോട്ടിഷ് പാർലിമെന്റിൽ നിർണായകമായ വോട്ടെടുപ്പ് നടന്നിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

സ്‌കോട്ടിഷ് പാർലിമെന്റിന്റെ ഇത് സംബന്ധിച്ച ആഗ്രഹത്തെ വെസ്റ്റ്മിൻസ്റ്റർ ബഹുമാനിക്കണമെന്നാണ് നിക്കോള ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കുകയാണെങ്കിൽ താൻ നല്ല വിശ്വാസത്തോടെയും വിട്ട് വീഴ്ചയോടെയും യുകെയുമായി വിലപേശലിന് തയ്യാറാണെന്നും നിക്കോള വെളിപ്പെടുത്തുന്നു. എന്നാൽ യുകെ ഇതിന് വഴങ്ങുന്നില്ലെങ്കിൽ താൻ ഈസ്റ്ററിന് ശേഷം വീണ്ടും സ്‌കോട്ടിഷ് പാർലിമെന്റിലേക്ക് മടങ്ങുകയും ഇതുമായി ബന്ധപ്പെട്ട കൂടുതൽ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും നിക്കോള മുന്നറിയിപ്പേകുന്നു.