കോഴിക്കോട്: അർദ്ധരാത്രിയിലെ ആർഎസ്എസ് പഥസഞ്ചലനം വിവാദത്തിലാക്കി എസ് ഡി പി ഐ. സ്വാതന്ത്ര്യത്തിന്റെ അമൃത വർഷങ്ങളുടെ ആഘോഷ ഭാഗമായാണ് ആർഎസ്എസ് പഥ സഞ്ചലനം നടത്തിയത്. എന്നാൽ ഇത് എസ് ഡി പി ഐയോട് മുമ്പ് ഇടതു സർക്കാർ പറഞ്ഞതിന് വിരുദ്ധമാണെന്നാണ് എസ് ഡി പി ഐയുടെ ആരോപണം.

മുസ് ലിംകൾ പട്ടാപ്പകലിൽ ദേശീയ പതാകയേന്തി നടത്തിയ ഫ്രീഡം പരേഡ് നിരോധിച്ച ഇടതുസർക്കാരാണ്, അർധരാത്രി ആർഎസ്എസുകാർക്ക് കാക്കി ട്രൗസറിട്ട് കവാത്ത് നടത്താൻ അനുമതി നൽകിയിട്ടുള്ളത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. കോഴിക്കോട് മേയർ സല്യൂട്ട് സ്വീകരിക്കുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ..-ഇതാണ് എസ് ഡി പി ഐയുടെ പരിഹാസം. പഥസഞ്ചലനവുമായി ബന്ധപ്പെട്ട വാർത്തയുടെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് എസ് ഡി പി ഐ ഈ വിഷയം ചർച്ചയാക്കുന്നത്. ഇടതുപക്ഷ ഇരട്ടത്താപ്പാണ് ഇതെന്ന് അവർ ആരോപിക്കുന്നു. ബാലഗോകുലത്തിന്റെ പരിപാടിയിൽ മേയർ പങ്കെടുത്തത് വിവാദമായിരുന്നു. ഇതും എസ് ഡി പി ഐ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ ഉയർത്തുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ സർക്കാരിതര സംഘടനകൾ യൂനിഫോം ധരിച്ച് പരേഡ് നടത്തുന്നത് അനുവദിക്കാനാവില്ല എന്നാണ് 2010ൽ പോപുലർഫ്രണ്ട് പരേഡ് തടഞ്ഞുകൊണ്ട് അന്നത്തെ കോടിയേരി ബാലകൃഷ്ണന്റെ ആഭ്യന്തര വകുപ്പ് പറഞ്ഞത്. ഇപ്പോൾ നിയമം മാറിയോ സിപിഎമ്മുകാരേ-ഇതാണ് സിപി മുഹമ്മദലി ഉയർത്തുന്ന ചോദ്യം. അന്ന് എസ് ഡി പി ഐയ്ക്ക് അനുമതി നിഷേധിച്ചത് വി എസ് അച്യുതാനന്ദൻ സർക്കാരായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളുടെ സംശയത്തിലായിരുന്നു അ്ത്. എന്നാൽ പറഞ്ഞത് യൂണിഫോമിന്റെ ന്യായവും. ഇതും ഈ ഘട്ടത്തിൽ എസ് ഡി പി ഐ ചർച്ചയാക്കുന്നു. ഇതിനോട് ആർഎസ്എസ് പ്രതികരിച്ചിട്ടില്ല.

സംസ്ഥാനത്തുടനീളം സ്വാതന്ത്ര്യത്തിന്റെ അർദ്ധ രാത്രിയിലെ ആഘോഷം പരിവാർ സംഘടനകൾ നടത്തിയിരുന്നു. സെക്രട്ടറിയേറ്റിന് മുമ്പിൽ അടക്കം വമ്പൻ ആഘോഷം നടന്നു. കോഴിക്കോടാണ് ആർഎസ്എസ് പഥസഞ്ചലനം നടക്കുന്നതായുള്ള വാർത്ത ഇന്നലെ ജന്മഭൂമി നൽകിയത്. ഈ വാർത്തയുമായാണ് എസ് ഡി പി ഐ വിമർശനം നടത്തിയത്. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നിന്നായിരുന്നു ആർഎസ്എസ് പഥസഞ്ചലനം.

2004 മുതൽ ജനകീയമായി സ്വാതന്ത്രസമരം ആഘോഷിച്ചവർ ആരാണെന്ന് അറിയാമോ? എന്ന ചോദ്യമാണ് വിവിധ ഫെയ്‌സ് ബുക്ക് പ്രൊഫൈലുകളിലൂടെ എസ് ഡി പി ഐ സോഷ്യൽ മീഡിയയിൽ സജീവമാക്കുന്നത്. ഇതിനൊപ്പമാണ് പഥസഞ്ചലന വിവാദവും സിപിഎമ്മിനെ അതിന്റെ പേരിൽ ചോദ്യം ചെയ്യുന്നതും. പോപ്പുലർ ഫ്രണ്ടിനേയും എസ് ഡി പി ഐയേയും വിമർശിച്ച് സ്വാതന്ത്ര്യവാദികളെന്ന മേലങ്കിയിൽ ചിലർ എത്തുന്നതാണ് ഇതിനെല്ലാം കാരണം. എസ് ഡി പി ഐയും ഇന്ത്യൻ ദേശീയതയ്‌ക്കൊപ്പമാണെന്ന ചർച്ചയാണ് ഇതിലൂടെ അവർ സജീവമാക്കുന്നത്.