ടൊറേന്റോ: ഭാരതത്തിനു പുറത്തുള്ള സിറോ മലബാർ സഭയുടെ ആദ്യ അപ്പോസ്തലിക് എക്‌സാർക്കേറ്റിന്റെ എക്‌സാർക്കായി പാലക്കാട് രൂപതാംഗമായ മാർ ജോസ് കല്ലുവേലിൽ അഭിഷിക്തനായി. ഒന്റാറിയോ സംസ്ഥാനത്തെ മിസിസാഗ വെർജിൻ മേരി ആൻഡ് സെന്റ് അത്തനേഷ്യസ് പള്ളിയിൽ ഇന്നലെ പ്രാദേശിക സമയം രാവിലെ പത്തിനു തുടങ്ങിയ ശുശ്രൂഷകൾ മൂന്നു മണിക്കൂർ ദീർഘിച്ചു.

മിസിസാഗയിലെ കോസ്റ്റിക് ചർച്ചിൽ നടന്ന അഭിഷേക ചടങ്ങുകളിൽ മുഖ്യകാർമികൻ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽ നിന്നു സ്ഥാനചിഹ്നങ്ങൾ സ്വീകരിച്ചു കുടിയേറ്റ മണ്ണിലെ അജപാലന ദൗത്യം മാർ ജോസ് കല്ലുവേലിൽ ഏറ്റെടുത്തു. സിറോ മലബാർ സഭയുടെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ അപ്പോസ്തലിക് എക്‌സാർക്കേറ്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

എക്‌സാർക്കേറ്റിന്റെ രൂപീകരണം, മാർ ജോസ് കല്ലുവേലിലിനെ എക്‌സാർക്ക് ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം എന്നിവയുൾപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് കാനഡയിലെ അപ്പസ്‌തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. ലിയൂജി ബൊണാസിയും സീറോ മലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ കൂരിയ വൈസ് ചാൻസലർ റവ.ഡോ. സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും വായിച്ചു. ഫാ. ജോസ് ആലയ്ക്കക്കുന്നേലായിരുന്നു ആർച്ച്ഡീക്കൻ.

നാലു ഘട്ടങ്ങളായാണു അഭിഷേക ചടങ്ങുകൾ നടന്നത്. നിയുക്ത എക്‌സാർക്കിന്റെ ശിരസിൽ മുഖ്യകാർമികൻ വലതുകൈ വച്ചു പ്രാർത്ഥന നടത്തിയപ്പോൾ സദസിലുണ്ടായിരുന്ന മെത്രാന്മാരും തങ്ങളുടെ വലതുകരം നീട്ടി പങ്കുചേർന്നു.

പ്രാർത്ഥനകൾക്കൊടുവിൽ സ്ഥാനചിഹ്നങ്ങളായ മുടി അണിയിച്ചു. അംശവടി നൽകിയ ശേഷം മേജർ ആർച്ച് ബിഷപ് പുതിയ ഇടയനെ വാൽസല്യത്തോടെ പൂണർന്നു നെറ്റിയിൽ സ്‌നേഹചുംബനം നൽകി. തുടർന്നു പ്രാർത്ഥനാഭരിതമായ അന്തരീക്ഷത്തിൽ പുതിയ എക്‌സാർക്ക് കുർബാന അർപ്പിച്ചു. മാർ ജോസ് കല്ലുവേലിൽ രചിച്ച ഗാനമായിരുന്നു ചടങ്ങുകളുടെ പ്രമേയഗാനമായത്.

ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും ശുശ്രൂഷകളിൽ പങ്കെടുത്തു. ചടങ്ങുകൾ നടന്ന വെർജിൻ മേരി ആൻഡ് സെന്റ് അത്തനേഷ്യസ് പള്ളി വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. പാലക്കാട് രൂപതാംഗമായ മാർ കല്ലുവേലിൽ 2013 മുതൽ ടൊറേന്റോയിലെ സീറോ മലബാർ വിശ്വാസികൾക്കുവേണ്ടി അജപാലന ശുശ്രൂഷ ചെയ്തുവരികയാണ്.

ചെണ്ടമേളം, താലപ്പൊലി, ബാൻഡ്‌മേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ പള്ളിയിലേക്ക് ആനയിച്ചത്. മിസിസാഗയിലാണു എക്‌സാർക്കേറ്റിന്റെ ആസ്ഥാനം.