പത്തനംതിട്ട: എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ നൂറനാട് താമരക്കുളം സ്വദേശി രാജേഷ് കുമാറിനു പിന്നെയും സസ്‌പെൻഷൻ. ഡിജിപിക്കെതിരേ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ സസ്‌പെൻഷനിലായ പൊലീസുകാരൻ രാജേഷ് കുമാറിന് ചാനൽ ചർച്ചയിൽ പൊലീസിനെ വിമർശിച്ചതിന്റെ പേരിലാണു വീണ്ടും സസ്‌പെൻഷൻ.

സ്വന്തം മാതാവിനെതിരേ ഫേസ് ബുക്കിൽ പോസ്റ്റിട്ട് വിവാദത്തിന് തുടക്കമിട്ട രാജേഷ് കുമാറിനെ കേരളം മുഴുവൻ ശ്രദ്ധിച്ചത് ഡി.ജി.പി സെൻകുമാറിനെതിരേ രൂക്ഷവിമർശനം തൊടുത്തു കൊണ്ടുള്ള പോസ്റ്റിലായിരുന്നു.

അതിനു സസ്‌പെൻഷനിൽ കഴിഞ്ഞു വരവേ, ടി.വി. ചാനലിന്റെ ടോക്‌ഷോയിൽ പങ്കെടുത്ത് പൊലീസിനെ വിമർശിച്ചതിന് വീണ്ടും സസ്‌പെൻഷൻ നേടിയിരിക്കുകയാണ് രാജേഷ് കുമാർ. നിശബ്ദതയുടെ പേരാണ് മരണം എന്ന തലക്കെട്ടിൽ ഫേസ്‌ബുക്കിൽ രാജേഷ് വിമർശിച്ചത് പൊലീസ് സേനയിലുള്ളവർക്ക് സമൂഹമാദ്ധ്യമങ്ങളിൽ പെരുമാറ്റച്ചട്ടം എർപ്പെടുത്തിക്കൊണ്ടുള്ള ഡി.ജി.പിയുടെ സർക്കുലറിനെയായിരുന്നു.

ആറന്മുള ക്ഷേത്രസന്ദർശനത്തിന് വേണ്ടി ഡി.ജി.പി പൊലീസ് സംവിധാനം ദുരുപയോഗം ചെയ്‌തെന്നും ഔദ്യോഗിക പൊലീസ് സംവിധാനത്തെ മൊത്തത്തിൽ ആക്ഷേപിച്ചുമായിരുന്നു പോസ്റ്റ്. അതിന്റെ പേരിൽ കഴിഞ്ഞ ഡിസംബറിൽ കിട്ടിയ സസ്‌പെൻഷനിൽ കഴിഞ്ഞു വരവേയാണ് ജനുവരി 10 ന് രാത്രി 7.30 നുള്ള മാതൃഭൂമിയിലെ 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന ചർച്ചയിൽ പങ്കെടുത്തത്.

ഫേസ്‌ബുക്കും പൊലീസും എന്ന വിഷയത്തിലുള്ള ചർച്ചയിൽ പങ്കെടുത്ത രാജേഷ് പൊലീസ് സേനയുടെ നവീകരണത്തിനും പൊതുജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പൊലീസ് ആസ്ഥാനത്തുനിന്നു പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകളെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു. നിലവിൽ സസ്‌പെൻഷനിൽ ആണെങ്കിലും പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തിയതിനാണ് വീണ്ടും സസ്‌പെൻഷനെന്നു പറയുന്നു. ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പത്തനംതിട്ട സി.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.