- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവപ്പെട്ടവരുടെ ഐക്യം ലക്ഷ്യമെന്ന് വാദിച്ച് ദേവസ്വം ബോർഡിൽ 10 ശതമാനം മുന്നോക്ക സംവരണത്തിനുള്ള കുറുക്കുവഴി കുരുക്കാകുമോ? സപെഷ്യൽ റൂളിന് കുറുക്കുവഴി വെട്ടിയത് ബോർഡ് സർക്കാർ സ്ഥാപനമല്ലെന്ന് വ്യാഖ്യാനിച്ച്; നിയമസെക്രട്ടറിയുടെയും എജിയുടെയും നിയമോപദേശം എതിരായിട്ടും സ്പെഷ്യൽ റൂളിനായി രഹസ്യയോഗം വിളിച്ച് ദേവസ്വം മന്ത്രി; ബോർഡിലെ സാമ്പത്തിക സംവരണ നീക്കവുമായി പിണറായി സർക്കാർ മുന്നോട്ട്
തിരുവനന്തപുരം: ദേവസ്വം ബോർഡിൽ പത്തുശതമാനം മുന്നോക്ക വിഭാഗക്കാർക്ക് സംവരണം നൽകാനുള്ള രഹസ്യ നീക്കം സംസ്ഥാന സർക്കാർ ശക്തമാക്കി. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനാണ് നാളുകളായി നീക്കം നടക്കുന്നത്. മുന്നോക്കക്കാർക്ക് സംവരണം കൊണ്ടുവരുന്നത് ഫലത്തിൽ സാമ്പത്തിക സംവരണത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തലിലാണ് മുസ്ലിം സംഘടനകൾ. എസ്എൻഡിപി യോഗം ഉൾപ്പെടെയുള്ള സംഘടനകളും ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഒരു മുന്നോക്ക സംവരണം ദേവസ്വം ബോർഡിൽ കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധം ആണെന്നും ബോർഡുകളുടെ സ്പെഷ്യൽ റൂളിൽ ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരാൻ കഴിയില്ലെന്നും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ഫയലിൽ കുറിപ്പെഴുതിയത് സർക്കാർ നീക്കത്തിന് തിരിച്ചടിയായിരുന്നു. സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ മുന്നോക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബോർഡുകളുടെ സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്താനാണ് സർക്കാർ ആലോചിച്ചത്. മന്ത്രിസഭാ തീരുമാന
തിരുവനന്തപുരം: ദേവസ്വം ബോർഡിൽ പത്തുശതമാനം മുന്നോക്ക വിഭാഗക്കാർക്ക് സംവരണം നൽകാനുള്ള രഹസ്യ നീക്കം സംസ്ഥാന സർക്കാർ ശക്തമാക്കി. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനാണ് നാളുകളായി നീക്കം നടക്കുന്നത്. മുന്നോക്കക്കാർക്ക് സംവരണം കൊണ്ടുവരുന്നത് ഫലത്തിൽ സാമ്പത്തിക സംവരണത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തലിലാണ് മുസ്ലിം സംഘടനകൾ. എസ്എൻഡിപി യോഗം ഉൾപ്പെടെയുള്ള സംഘടനകളും ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്.
ഇത്തരത്തിൽ ഒരു മുന്നോക്ക സംവരണം ദേവസ്വം ബോർഡിൽ കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധം ആണെന്നും ബോർഡുകളുടെ സ്പെഷ്യൽ റൂളിൽ ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരാൻ കഴിയില്ലെന്നും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ഫയലിൽ കുറിപ്പെഴുതിയത് സർക്കാർ നീക്കത്തിന് തിരിച്ചടിയായിരുന്നു. സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ മുന്നോക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബോർഡുകളുടെ സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്താനാണ് സർക്കാർ ആലോചിച്ചത്. മന്ത്രിസഭാ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും നേരത്തേ എതിർപ്പ് അറിയിച്ചിട്ടുള്ളതാണെന്നും സർക്കാരിന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നുമാണ് ഏറ്റവുമൊടുവിൽ നിയമസെക്രട്ടറി ഫയലിലെഴുതിയത്. ഫയൽ ദേവസ്വംമന്ത്രിയുടെ പക്കലാണ് ഇപ്പോഴുള്ളത്. നിയമ സെക്രട്ടറി എതിർത്തതോടെ മുൻ ചീഫ് സെക്രട്ടറി കെ.എം .എബ്രഹാം ഉത്തരവിറക്കാൻ വിസ്സമിതിച്ചിരുന്നു. ഇക്കാര്യത്തിൽ ഗവർണർ പി.സദാശിവവും സർക്കാർ വിശദീകരണം തേടിയിരുന്നു.
ഈ എതിർപ്പ് മറി കടന്ന് മന്ത്രിസഭ ഈ തീരുമാനം നടപ്പാക്കുമോ എന്നാണ് ചോദ്യം. വേണമെങ്കിൽ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാം. പക്ഷേ, സുപ്രീംകോടതി തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണ വാദം പിന്നീട് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ വെട്ടിലാവും. ദേവസ്വം ബോർഡ് സ്പെഷ്യൽ റൂൾ ഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകാതെ നിയമ പ്രാബല്യം ലഭിക്കില്ലെന്ന സൂചനകളും നേരത്തേ പുറത്തുവന്നിരുന്നു.
വരുമാനം മാനദണ്ഡമാക്കിയുള്ള സംവരണം ഭരണഘടനാപരമായി അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ 9 അംഗ ബഞ്ചിന്റെ വിധിയുണ്ട്. ദേവസ്വം ബോർഡുകളിൽ 10 ശതമാനം സാമ്പത്തിക സംവരണത്തിന് കഴിഞ്ഞ വർഷം നവംബർ 15ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും നിയമ സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം എതിരായതിനാൽ ഇതുവരെ ഉത്തരവിറക്കാനായില്ല. ഈ സാഹചര്യത്തിലാണ് ,ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലെന്ന വ്യാഖ്യാനത്തോടെ, ബോർഡുകളിൽ സ്പെഷ്യൽ റൂളിന് കുറുക്കുവഴി തേടിയത്.
ദേവസ്വംബോർഡ് ഭരണഘടനയിൽ പറയുന്ന സ്റ്റേറ്റിന്റെ പരിധിയിൽപ്പെടുമോ എന്നതാണ് ആദ്യ ചോദ്യമെന്ന് നിയമ സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളും ഇതിൽപ്പെടുമെന്ന് 1963ലെ ഉജ്വംഭായി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിന്റെ പ്രതിനിധികളോ ഏജന്റുമാരോ മാത്രമാണെന്ന രാമനാഥൻ കേസിലെ വിധിയും കൊച്ചിൻ ദേവസ്വം ബോർഡ് സ്റ്റേറ്റ് ആണെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയതും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ജാതി അടിസ്ഥാനമാക്കി സംവരണം നൽകുന്നതിനെതിരേ എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നു നിരീക്ഷിച്ച ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. ജാതി അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കുമെന്നായിരുന്നു എൻഎസ്എസിന്റെ വാദം. പിന്നാക്കാവസ്ഥ നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാവരുതെന്നും ഭാഗികമായെങ്കിലും വർഗാടിസ്ഥാനത്തിലുള്ള സംവരണമാണ് വേണ്ടതെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. എൻഎസ്എസും കേരള വൈശ്യ ക്ഷേമസഭയും നൽകിയ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. എന്നാൽ, വാദങ്ങളിലേക്കു കടക്കാൻ കോടതി തയാറായില്ല. പരാതിക്കാർക്ക് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നു ചോദിച്ച കോടതി, ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിൽ പത്തുശതമാനം മുന്നോക്ക വിഭാഗക്കാർക്ക് സംവരണം നൽകാനുള്ള രഹസ്യ നീക്കം സർക്കാർ ശക്തമാക്കിയത്.
ദേവസ്വം ബോർഡ് നിയമനങ്ങളുടെ മറവിൽ സംസ്ഥാനത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കമെന്ന് മുസ്ലിം സംഘടനകളും ആരോപിച്ചുകഴിഞ്ഞു. ഇതോടെ സർക്കാർ നീക്കത്തിനെതിരെ മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ രംഗത്തെത്തി. ഭരണഘടനാവിരുദ്ധമായ തീരുമാനത്തിനെതിരെ സർക്കാരിലും ന്യൂനപക്ഷ കമ്മിഷനിലും അസോസിയേഷൻ ഹർജി നൽകി. ഹർജിയിൽ കമ്മിഷൻ രണ്ടുവട്ടം സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലാത്തതുകൊണ്ട് ഭരണഘടനാ ലംഘനമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മറ്റു നേതാക്കളുടെയും വാദം. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ, മൊത്തം ജീവനക്കാരുടെ 96 ശതമാനവും മുന്നോക്കക്കാരാണ് എന്ന് കാണാം. പുതിയ കണക്കുകൾ പ്രകാരം, മൊത്തം 6,120 ജീവനക്കാരുള്ളതിൽ 5,870 പേരും മുന്നാക്ക സമുദായങ്ങളാണ്. അതായത് 95.91 ശതമാനത്തോളം പേർ മുന്നോക്കക്കാർ.
നായർ, ബ്രാഹ്മണ സമുദായങ്ങളിൽ പെട്ടവരാണ് ഭൂരിപക്ഷം. ഇതിൽ തന്നെ 5,020 പേരും നായർ സമുദായമാണ്. ഇവർ മൊത്തം ജീവനക്കാരുടെ 82.02 ശതമാനം വരും. ശേഷിക്കുന്ന 850 പേർ ബ്രാഹ്മണരും. ഇത് 13.88 ശതമാനമാണ്.ഈഴവർ വെറും 3.38 ശതമാനം മാത്രമാണ്. വെറുതെയല്ല വെള്ളാപ്പള്ളി പ്രതിഷേധം ഉയർത്തുന്നത്. ഈഴവ സംവരണതോത് ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇത് കണ്ണിൽ പൊടിയിടാനാണെന്നും, പട്ടികജാതിക്കാർ 0.32 ശതമാനം മാത്രമാണെന്നും വാദം ഉയരുന്നു.
സാമ്പത്തിക സംവരണത്തിനെതിരായ സുപ്രീംകോടതി വിധി മറികടക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണമെന്നിരിക്കെയാണ് സർക്കാരിന്റെ നടപടി എന്നതാണ ്കാരണം.തിരുവിതാംകൂർ ദേവസ്വത്തിലെ സമുദായം തിരിച്ചുള്ള കണക്ക് നോക്കുമ്പോൾ ആകെ ജീവനക്കാരുടെ എണ്ണം 6120 ആണ്.ആകെ മുന്നാക്കക്കാർ.5870 ( 95.91% ). ഇതിൽ നായർ സമുദായാംഗങ്ങളുടെ എണ്ണം 5020(82.02%), ബ്രാഹ്മണർ 850(13.88%), ദളിതുകൾ 20 (0.32%)ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനം അല്ലെങ്കിൽ അവിടെ സർക്കാരിന്റെ സംവരണം എങ്ങനെ നടപ്പാക്കി എന്ന ചോദ്യവും ഉയരുന്നു.
കോടിയേരിയുടെ വാദം
ദേവസ്വം ബോർഡിൽ മുന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഭരണഘടനാവിരുദ്ധമല്ലൊണ് കോടിയേരി വാദിക്കുന്നത്.'ദേവസ്വം ബോർഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നത്. ഇത് എൻഎസ്എസിന്റെയോ എസ്എൻഡിപിയുടെയോ നിലപാടല്ല. നിലവിലുള്ള സംവരണരീതി നിലനിർത്തിക്കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകണമെന്നാണ് പാർട്ടി നിലപാട്.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെതിരെ ബിജെപി എതിർപ്പുമായി വന്നു. എന്നാൽ സിപിഐ എം നടപ്പാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് 27 ശതമാനം സംവരണം പിന്നോക്കവിഭാഗങ്ങൾക്കു ലഭിച്ചത്. 1990ൽ ഇതുസംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത് മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന് സിപിഐ എം പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.ദേവസ്വം ബോർഡിൽ ഇതുവരെ പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം ലഭിച്ചിരുന്നില്ല.എൽഡിഎഫ് സർക്കാർ സംവരണം ഇല്ലാത്ത മേഖലയിൽ അതുകൊണ്ടുവരികയാണ് ചെയ്തത്.
പി എസ് സി മാതൃകയിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടപ്പാക്കിയപ്പോൾ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള 18 ശതമാനം സംവരണം ആർക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാൽ പൊതുക്വോട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയർത്താൻ തീരുമാനിച്ചു. ഈഴവസമുദായത്തിന് 14 ശതമാനം സംവരണമായിരുന്നത് സർക്കാർ നടപടിയിലൂടെ 17 ശതമാനമായി.
എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 10 ശതമാനമായിരുന്നത് 12 ശതമാനം ആയി. മറ്റ് പിന്നോക്കവിഭാഗങ്ങൾക്ക് മൂന്നുശതമാനമായിരുന്നത് ആറു ശതമാനവുമായി. 10 ശതമാനം മുന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കവിഭാഗക്കാർക്ക് നൽകാൻ തീരുമാനിച്ചു. ഈ നടപടിയിൽ ഭരണഘടനാ ലംഘനമില്ല.
ഇത്തരം വസ്തുതകൾ മറച്ചുവെച്ച് സംവരണം അട്ടിമറിച്ചെന്ന് പറഞ്ഞ് സാമുദായിക ധ്രുവീകരണം നടത്താനുള്ള ചില സംഘടനകളുടെ ശ്രമങ്ങളിൽ ജനങ്ങൾ പെട്ടുപോകരുത്', സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചല്ല അത് പ്രവർത്തിക്കുന്നത്. ജോലിക്കാർക്കും മറ്റും ശമ്പളം കൊടുക്കുന്നതും ദേവസ്വം ഫണ്ട് വഴിയാണ്. ദേവസ്വത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും പശ്ചാത്തല സൗകര്യ വികസനത്തിനുമാണ് സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്, ഇതാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.
വെള്ളാപ്പള്ളിയുടെ വാദം
'സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടും അത് നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും മുന്നാക്കവിഭാഗത്തിൽപ്പെട്ടവരെ കബളിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തട്ടിപ്പുമാണ്. നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് പൂർണബോധ്യമുള്ള സാമ്പത്തികസംവരണം അത് നടപ്പാക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടുള്ള ഈ തീരുമാനം മുന്നാക്കവിഭാഗത്തിന്റെ കണ്ണിൽ പൊടിയിടലാണ്.
ഭരണഘടനയുടെ 340-ാം വകുപ്പനുസരിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നാക്കവർഗങ്ങളെ സംബന്ധിച്ചുതന്നെ ഇന്ത്യൻ പ്രസിഡന്റ് നിയമിക്കുന്ന ഒരു കമ്മിഷൻവെച്ച് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവസ്ഥകളും പഠിച്ച് ശുപാർശകൾ തേടിവേണം കേന്ദ്രത്തിലും സംസ്ഥാനത്തിലും അവർക്ക് നൽകേണ്ട സംരക്ഷണവും സംവരണവും നടപ്പാക്കേണ്ടത്. അപ്രകാരം ഒരു പഠനവും ദേവസ്വംബോർഡിലെ സാമ്പത്തിക സംവരണത്തിൽ നടത്തിയിട്ടില്ല.
ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ നിലവിൽ 90 ശതമാനം തസ്തികകളും മുന്നാക്കവിഭാഗക്കാർ കൈയടക്കിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും 10 ശതമാനം സംവരണംകൂടി കൊടുക്കാനുള്ള തീരുമാനം റദ്ദാക്കി ന്യൂനപക്ഷവിഭാഗങ്ങളുടെ 18 ശതമാനം സംവരണം, ഹിന്ദുവിഭാഗത്തിലെ സംവരണവിഭാഗങ്ങൾക്ക് ആനുപാതികമായി വിതരണം ചെയ്യുമ്പോൾമാത്രമേ ഈ ഭരണഘടനാ പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയുള്ളൂ.'