തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മൂക്കിന് കീഴെ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന സെക്രട്ടറിയേറ്റ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ രണ്ട് കോടി രൂപയുമായി സെക്ഷൻ ഓഫീസറാണ് മുങ്ങിയത്. സംസ്ഥാന ഭരണം കാര്യക്ഷമമാക്കുന്നതിനുള്ള കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പിലാക്കുന്നതിനെ എതിർക്കുന്ന ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലെ സഹകരണസംഘത്തിലാണ് ഈ തട്ടിപ്പ് നടന്നത്.

സെക്രട്ടേറിയറ്റിൽ രണ്ട് സഹകരണ സംഘങ്ങളാണുള്ളത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് അസോസിയേഷൻ നയിക്കുന്ന ഹൗസിങ് സഹകരണ സംഘവും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എംപ്‌ളോയീസ് അസോസിയേഷൻ നയിക്കുന്ന സ്റ്റാഫ് സഹകരണ സംഘവും. ഇതിൽ കോൺഗ്രസ് അസോസിയേഷന്റെ ഹൗസിങ് സഹകരണ സംഘത്തിൽ നിന്നാണ് സെക്ഷൻ ഓഫീസറും സംഘം സെക്രട്ടറിയുമായ ചന്ദനം രവി എന്ന രവീന്ദ്രൻ വ്യാജരേഖ ചമച്ച് വെട്ടിപ്പ് നടത്തി മുങ്ങിയത്. വെട്ടിപ്പ് പുറത്തായതോടെ സെക്രട്ടേറിയറ്റ് ജീവനക്കാർ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടുമോ എന്ന പരിഭ്രാന്തിയിൽ.

സംഘത്തിൽ 180 കോടി നിക്ഷേപമുണ്ട്. 180 കോടിയും ജീവനക്കാർക്ക് വായ്പ നൽകിയിരിക്കുകയാണ്. ജീവനക്കാർക്ക് മാത്രമേ വായ്പ നൽകാവൂ എന്നാണ് സംഘത്തിന്റെ നിബന്ധന. എന്നാൽ വിരുതനായ സംഘം സെക്രട്ടറി സെക്രട്ടേറിയറ്റിന് പുറത്തുള്ള 16 പേരുടെ പേരിൽ വായ്പ നൽകിയതായി രേഖയുണ്ടാക്കി കോടികൾ തട്ടിയെടുക്കുകയായിരുന്നു. ഇതിനായി 16 വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി 10 ലക്ഷം മുതൽ 15 ലക്ഷം വരെ പല പേരുകളിൽ പല പ്രാവശ്യമായിട്ടാണ് വായ്പ എടുത്തിരിക്കുന്നത്. രണ്ടര വർഷം മുമ്പാണ് രവീന്ദ്രൻ സെക്രട്ടറിയായി വന്നത്. നിക്ഷേപം മുഴുവൻ ജീവനക്കാർക്ക് തന്നെ വായ്പയായി നൽകിക്കൊണ്ടിരുന്നപ്പോൾ ആ കോടികളിൽ സെക്രട്ടറിയും കണ്ണു വച്ചു.

സംഘത്തിൽ 12 ജീവനക്കാരുണ്ടെങ്കിലും സെക്രട്ടറിയാണ് ഭരണാധിപൻ. ഡയറക്ടർ ബോർഡിനും കണ്ടെത്താനാവാത്ത രീതിയിൽ അതിവിദഗ്ദ്ധമായി വെട്ടിപ്പ് നടത്തിക്കൊണ്ടിരുന്നു. ഏത് കള്ളത്തരവും കുറേനാൾ മറച്ച് വയ്ക്കാം പക്ഷേ, ഒരുനാൾ പുറത്ത് വരും എന്ന പ്രകൃതി നിയമം രവീന്ദ്രന് നേരെയും തിരിഞ്ഞു കൊത്തി. ഡിസ്‌ക് തകരാറിലായ രവീന്ദ്രൻ ചികിത്സയ്ക്കായി 45 ദിവസം അവധിയിൽ പോയപ്പോൾ പകരം ചുമതലയേറ്റ സജിത എന്ന സെക്രട്ടറിയാണ് വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ഡയറക്ടർ ബോർഡ് കൂടി നാലംഗ കമ്മിറ്റിയെ വെട്ടിപ്പിന്റെ ആഴം കണ്ടെത്താൻ നിയമിച്ചു. പരിശോധനയിൽ വെട്ടിപ്പ് ഒന്നൊന്നായി പുറത്താവുകയായിരുന്നു. ബോർഡ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച രവീന്ദ്രൻ ഒളിവിൽ പോവുകയായിരുന്നു.

സഹകരണ ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ മൂന്നംഗ സംഘവും കന്റോൺമെന്റ് പൊലീസും പൊതുഭരണവകുപ്പും അന്വേഷണം നടത്തിവരികയാണ്. ഡയറക്ടർ ബോർഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ വയ്ക്കാൻ ഡി.ജി.പിയും ഉത്തരവിട്ടു. മലയിൻകീഴ് സ്വദേശിയാണ് സെക്രട്ടറി. നേരത്തേ ചിട്ടി പിടിച്ചയിനത്തിൽ രണ്ട് പ്രമാണങ്ങൾ സംഘത്തിൽ വച്ചിട്ടുണ്ട്. മലയിൻകീഴ് ഭാര്യയുടെ പേരിലുള്ള 24 സെന്റിന്റെയും വിളപ്പിൽ വില്ലേജിൽ 10 സെന്റിന്റെയും പ്രമാണങ്ങൾ. ഇത് വിറ്റാൽ വെട്ടിച്ച തുക വീണ്ടെടുക്കാനാകുമെന്നാണ് ഡയറക്ടർ ബോർഡ് ഭാരവാഹികൾ പറയുന്നത്.

സെക്ഷൻ ഓഫീസറെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നീക്കം തുടങ്ങി. തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും കേസെടുത്താണ് അന്വേഷണം. ഹൗസിങ് സഹകരണ സംഘത്തിൽ 3600 പേരാണ് അംഗങ്ങളായിട്ടുള്ളത്. 9 ശതമാനമാണ് പലിശയായി നൽകുന്നത്. സ്റ്റാഫ് സഹകരണ സംഘത്തിൽ 8.5 ശതമാനമേ പലിശയുള്ളൂ. അതുകൊണ്ട് ഇടതുപക്ഷ അനുകൂലികളായ അംഗങ്ങളും ഹൗസിങ് സഹകരണ സംഘത്തിലാണ് പണം നിക്ഷേപിക്കുന്നത്. 1980 ലാണ് ഈ സംഘം പ്രവർത്തിച്ചുതുടങ്ങിയത്. അന്നു മുതൽ കോൺഗ്രസാണ് വിജയിക്കുന്നത്.