- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയൻ പാന്റിട്ട് ദുബായിൽ എത്തിയ എഡിറ്റഡ് വീഡിയോ ഷെയർ ചെയ്തു; കൗതുകം കയറി ഷെയർ ചെയ്തത് സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റൻഡർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ; മുഖ്യമന്ത്രിക്ക് എതിരെ അപകീർത്തികരമായ പോസ്റ്റിട്ട സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീർത്തികരമായ പോസ്റ്റിട്ടതിന് സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റൻഡന്റ് മണിക്കുട്ടൻ എ എന്ന ജീവനക്കാരനെയാണ് സസ്‌പെൻഡ് ചെയ്തത്.
സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റൻഡർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റാണ് നടപടിക്ക് കാരണം. മുഖ്യമന്ത്രി പാന്റിട്ട് ദുബായിലെത്തിയ വീഡിയോ സഹിതമുള്ള പോസ്റ്റാണ് മണിക്കുട്ടൻ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തത്. ഇതിനെതിരെ പരാതിയുയർന്ന പശ്ചാത്തലത്തിലാണ് നടപടി. മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി.
റിജിൽ മാക്കൂറ്റി പാന്റിട്ട് സിൽവർ ലൈൻ പ്രതിഷേധത്തിനു പോയതിനെതിരെ 'മുണ്ടിട്ടു നടക്കുന്നവൻ വേഷം മാറി പാന്റിട്ട് പോയിരിക്കുന്നു ' ലവൻ ആ പൂക്കൂറ്റി ' എന്ന എം.വി ജയരാജന്റെ പ്രസംഗമാണ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനായ മണിക്കുട്ടൻ ഷെയർ ചെയ്തത്. സ്ഥിരം മുണ്ടിട്ട് നടക്കുന്നവൻ വേഷം മാറി പാന്റിട്ട് നടക്കുന്നു എന്ന ഭാഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാന്റിട്ട് അമേരിക്കയിൽ നിന്ന് ദുബായിലേക്കിറങ്ങിയ ഭാഗം എഡിറ്റ് ചെയ്തു. ഈ വീഡിയോ മണിക്കുട്ടന്റെ വാട്ട്‌സ് അപ്പിൽ എത്തി. ഒരു കൗതുകത്തിന് മണിക്കുട്ടൻ സെക്രട്ടേറിയേറ്റിലെ ഓഫിസ് അറ്റൻഡർമാരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിയായി എത്തി.
ഉടനെ തന്നെ മണിക്കുട്ടനെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശം വന്നു. ഇതിനെ തുടർന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ മണിക്കുട്ടനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി.
മൂന്നു വർഷം മുമ്പ് മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ സെക്രട്ടേറിയറ്റിലെ മറ്റൊരു ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തിരുന്നു. നിയമ വകുപ്പിലെ അറ്റൻഡറും ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഒപി അനിൽകുമാറിനെയാണ് അന്ന് സസ്‌പെൻഡ് ചെയ്തത്.
നേരത്തെ, സംഘടനയുടെ ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രനെയും സമാന കാരണത്തിന് സസ്‌പെൻഡ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ