തിരുവനന്തപുരം: പൊതുവേദിയിൽ മൈക്കുകൾ കിട്ടിയാൽ തള്ളി മറിക്കുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. കഴിഞ്ഞ തവണ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ വേളിയൽ അദ്ദേഹം നടത്തിയ പ്രസ്താവന സെക്രട്ടറിയേറ്റിലെ ഫയൽനീക്കത്തെ കുറിച്ചായിരുന്നു. ഒരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞു. ഉദ്യോഗസ്ഥർക്കുള്ള താക്കീതായി കൂടിയാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും അതൊന്നും മുഖവിലക്കെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇപ്പോൾ സെക്രട്ടറിയേറ്റിലെ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്.

ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാൻ നടപടി വേണമെന്ന് മുഖ്യമന്ത്രി വീണ്ടും വകുപ്പു മേധാവികളോട് നിർദ്ദേശിച്ചു. സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഓഫിസുകളുടെ പ്രവർത്തനം സാധാരണ നിലയിലായിട്ടു മാസങ്ങളായെങ്കിലും കുമിഞ്ഞുകൂടിയ ഫയലുകളിൽ ഭൂരിപക്ഷവും ഇപ്പോഴും തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണ്. ഇതിൽ പലരുടെയും വ്യക്തിജീവിതത്തെ കാര്യമായി ബാധിക്കുന്ന ഫയലുകളുണ്ട്.

ഇതിന്റെ കൃത്യമായ കണക്ക് ഒരിടത്തുമില്ല. വകുപ്പുകൾ നടത്തുന്ന ഫയൽ അദാലത്തുകൾ വേണ്ടത്ര ഫലപ്രദമല്ലെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഫയലുകളുടെ യഥാർഥ സ്ഥിതി വ്യക്തമാകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണക്ക് കിട്ടിയ ശേഷം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകും. ആവശ്യമെങ്കിൽ വീണ്ടുമൊരു ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം നടത്തിയേക്കും.

2019 ഓഗസ്റ്റിൽ 3 മാസത്തെ ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തിയെങ്കിലും ഫലം വേണ്ടത്ര ഫലം കണ്ടിരുന്നില്ല. അന്ന് 1.98 ലക്ഷം ഫയലുകളിൽ 68,000 ഫയലുകൾ മാത്രമാണ് തീർപ്പാക്കാനായത്. സെക്രട്ടേറിയറ്റിലെ 44 വകുപ്പ് ഓഫിസുകളിലുമായി മാസം ശരാശരി 20,000 ഫയലുകൾ ആണ് ഉണ്ടാകുന്നത്. പക്ഷേ ഇതിൽ ഒരു ഫയൽ കുറഞ്ഞത് അസിസ്റ്റന്റ് മുതൽ വകുപ്പു സെക്രട്ടറി വരെയുള്ളവരുടെ പരിശോധനയ്ക്കു ശേഷമാണ് തീർപ്പാകുന്നത്. ചില ഫയലുകളിൽ ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസുകളിലേക്കു വരെ പരിശോധന നീളും.

ഇതുമൂലം, അതിവേഗം തീർപ്പാക്കാവുന്ന ഫയലുകൾ പോലും പല ഓഫിസുകളിലായി മാസങ്ങൾ കെട്ടിക്കിടക്കും. പ്രത്യേക ഇടപെടലുണ്ടായില്ലെങ്കിൽ ഫയലിന് അനക്കമുണ്ടാകാത്ത സ്ഥിതിയാണ്. മൂന്നു മാസത്തിലൊരിക്കൽ ഒരു ദിവസം ഫയൽ അദാലത്ത് നടത്താറുണ്ടെങ്കിലും സാധാരണ അത്യാവശ്യ ഫയലുകൾ മാത്രമാണ് അന്നു പരിഗണിക്കുന്നത്.

സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്ന തട്ടുകൾ പരിമിതപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശയുടെയും ജീവനക്കാരുമായി നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നത്.

അണ്ടർസെക്രട്ടറി മുതൽ അഡീഷണൽസെക്രട്ടറി വരെയുള്ള ഓഫീസർമാരുടെ ഫയൽ പരിശോധനാതലങ്ങൾ രണ്ടാക്കിച്ചുരുക്കും. വകുപ്പ് സെക്രട്ടറിമാർക്ക് എത്തേണ്ട ഫയലുകൾ അണ്ടർ സെക്രട്ടറി പരിശോധിച്ചശേഷം സെക്രട്ടറിമാർക്ക് നേരിട്ട് കൈമാറാം. മന്ത്രിമാർക്ക് നൽകുന്ന ഫയലുകൾ അണ്ടർ സെക്രട്ടറി കണ്ടശേഷം ഡപ്യൂട്ടി സെക്രട്ടറി, ജോയന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരിൽ ഒരാൾ കണ്ടാൽ മതിയാകും. പൊതുഭരണ വകുപ്പിൽ നേരത്തേത്തന്നെ ഈ രീതിയിൽ ക്രമീകരണം നടത്തിയിരുന്നു. അതേസമയം ചില വകുപ്പുകളിൽ ജോയന്റ്, അഡീഷണൽ സെക്രട്ടറിമാരുടെ തസ്തികകളില്ല.

നയപരമായ തീരുമാനം, ഒന്നിൽക്കൂടുതൽ വ്യക്തികളെ ബാധിക്കുന്ന പരാതികൾ, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികൾ, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീർണമായ നിയമപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമായ വിഷയങ്ങൾ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉന്നതതലത്തിൽ വിശദമായി പരിശോധിക്കാനും മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ വകുപ്പിലും ഫയൽ പരിശോധന നടത്തുന്നതിനുള്ള ഉദ്യോഗസ്ഥരുടെ തട്ടുകൾ എപ്രകാരമായിരിക്കണമെന്ന് അതതു വകുപ്പുസെക്രട്ടറിമാർ മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും അനുമതി നൽകിയിട്ടുണ്ട്.