തിരുവനന്തപുരം: സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഈ സർക്കാർ അധികാരത്തിലെത്തിയത് മുതൽ നിർമ്മാണ കരാറുകൾ ചട്ടങ്ങൾ പോലും പാലിക്കാതെ നൽകിയ സംഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കേരളം പ്രളയക്കെടുതിയിൽ നിന്നും രക്ഷനേടാൻ വേണ്ടി മുണ്ടുമുറുക്കിയുടുത്ത് മുന്നോട്ടു പോകുമ്പോഴും ഒരു വശത്ത് സർക്കാറിന്റെ ധൂർത്ത്. ഊരാളുങ്കൽ സൊസൈറ്റിക്ക് പണി കുറഞ്ഞാൽ സെക്രട്ടറിയേറ്റും വേണമെങ്കിൽ പൊളിച്ചു പണിയുമെന്ന് പറയുന്നത് വെറുതേയല്ലെന്ന് തെൡയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ഒരു ഉപയോഗവും ഇല്ലാത്ത ഹാൾ നവീകരിക്കുന്നതിന്റെ പേരിൽ ലക്ഷങ്ങളുടെ ധൂർത്താണ് നടക്കുന്നത്.

മുഖ്യമന്ത്രിക്കും പല മന്ത്രിമാർക്കും വേണ്ടാത്ത സെക്രട്ടേറിയറ്റിലെ പത്രസമ്മേളന ഹാൾ നവീകരിക്കാൻ സർക്കാർ 20 ലക്ഷം രൂപ മുടക്കുകകയാണ്. പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിലെ ചേംബറിൽ ഓഡിയോ, വിഷ്വൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 19,37,310 രൂപയുടെ ഭരണാനുമതി നൽകി പബ്ലിക് റിലേഷൻസ് വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. 2004ൽ എം.എം.ഹസൻ മന്ത്രിയായിരിക്കെയാണു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പത്രസമ്മേളനം നടത്താനായി 49 ലക്ഷം രൂപ മുടക്കി പിആർ ചേംബർ സജ്ജീകരിച്ചത്.

മാധ്യമ പ്രവർത്തകർക്കു വേഗമെത്താനുള്ള സൗകര്യം കണക്കിലെടുത്താണു സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിന്റെ താഴത്തെ നിലയിൽ തന്നെ ചേംബർ ഒരുക്കിയത്. 3600 ചതുരശ്ര അടിയുള്ള ഹാളിൽ ഓട്ടമാറ്റിക് റിക്കോർഡിങ്, കൺട്രോൾ റൂം, കേറ്ററിങ് കോർണർ, ആധുനിക ഓഡിയോ വിഷ്വൽ ഉപകരണങ്ങൾ, ക്യാമറാ സംഘങ്ങൾക്കുവേണ്ടി ഉയർന്ന പ്ലാറ്റ്ഫോം തുടങ്ങിയവയും സജ്ജീകരിച്ചിരുന്നു.

100 പേർക്ക് ഇരിക്കാവുന്ന ഹാൾ അധികം ഉപയോഗിക്കാത്തതിനാൽ വലിയ കോട്ടവും തട്ടിയിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിമാരായിരുന്ന ഉമ്മൻ ചാണ്ടിയോ വി എസ്.അച്യുതാനന്ദനോ ചേംബറിൽ പത്രസമ്മേളനം നടത്താൻ അധികം താൽപര്യം കാട്ടിയിരുന്നില്ല. പിന്നാലെ വന്ന പിണറായി വിജയനും ഇതേ നിലപാടിലാണ്. മന്ത്രി തോമസ് ഐസക് തന്റെ ഓഫിസിലും മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാസ്‌കറ്റ് ഹോട്ടലിലുമാണു പതിവായി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ടും, പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാൻ നെട്ടോട്ടമോടുന്ന സർക്കാരിന് ഈ ഹാൾ നവീകരിക്കാൻ 20 ലക്ഷം രൂപ മുടക്കിയെന്നാണ് വിവാദമാകുന്നത്. ഇതിന്റെ കരാറും ഊരാളുങ്കലിന് നൽകുമെന്നാണ് അറിയുന്നത്.

അതിനിടെ പ്രളയക്കെടുതിയിൽ മറ്റൊരു സംഭവവും അടിച്ചുവിടുന്നത്. മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കു ചെലവഴിക്കുന്ന തുക ഇനി മന്ത്രിമാരുടെ പേരിൽ വേണ്ടെന്നു തീരുമാനം കൈക്കൊണ്ടത്. ഇത് മന്ത്രിമാരുടെ ചെലവിൽ നിന്നു മാറ്റി പൊതുമരാമത്ത് വകുപ്പിന്റെ പേരിൽ നടത്താനാണ് നീക്കം. ഓരോ വർഷവും മന്ത്രി മന്ദിരങ്ങളിൽ ലക്ഷക്കണക്കിനു രൂപയുടെ അറ്റകുറ്റപ്പണി നടക്കുന്നതു മന്ത്രിമാരുടെ പേരിൽ ചെലവായി കാണിക്കാറുണ്ട്. ഇതു വാർത്തയാകുന്ന സാഹചര്യത്തിലാണു മന്ത്രിസഭ ഇത്തരമൊരു തീരുമാനം എടുത്തത്.

മന്ത്രിമന്ദിരങ്ങൾ അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുന്നത് മരാമത്ത് വകുപ്പാണ്. അവരുടെ കീഴിലുള്ള കെട്ടിടങ്ങളാണ് ഇവ. അതിനാൽ അറ്റകുറ്റപ്പണിയും അവരുടെ ചെലവിൽത്തന്നെ ഉൾപ്പെടുത്തിയാൽ മതി. മരാമത്തു വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങൾക്കു പുറമെ മന്ത്രിമാർ അധിക മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അതിന്റെ ചെലവു മാത്രം മന്ത്രിമാരുടെ പേരിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ പാവപ്പെട്ടവർക്ക് വീടു നിർമ്മിച്ചു നൽകാനുള്ള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാർട്മെന്റ് നിർമ്മാണത്തിനു കരാർ ഊരാളുങ്കലിന് നൽകുന്നതിന്റെ പേരിലാണ് ഉദ്യോഗസ്ഥർ തമ്മിലും ഭിന്നതയുണ്ടായിരുന്നു. സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി വമ്പൻ ചരട് വലികളാണ് ഇതിനായി നടത്തിയത്.

14 ജില്ലകളിൽ 14 അപ്പാർട്ട്മെന്റുകൾക്കായി 75 കോടി രൂപയാണു സർക്കാർ ചെലവ് കണക്കാക്കിയിരുന്നത്. പെരിന്തൽമണ്ണയിലെ 48 ഫ്ളാറ്റുകൾക്ക് ഊരാളുങ്കല്ഡ സൊസൈറ്റി 11.11 ലക്ഷം വെചത്ച് 5.33 കോടിയാണ് ക്വോട്ട് ചെയ്തത്. സർക്കാർ 15 ലക്ഷം കണക്കാക്കിയിടത്താണ് സൊസൈറ്റി നാല് ലക്ഷം കുറച്ചത്. ഇതിലും താഴ്ന്ന നിരക്ക് മറ്റ് ഏജൻസികൾക്ക് ക്വോട്ട് ചെയ്യാനാകൂ. ഊരാളുങ്കലിന്റെ നിരക്ക് മറ്റ് ഏജൻസികൾ അംഗീകരിച്ചില്ലെങ്കിൽ മുഴുവൻ ജോലികളും അവർക്ക് നൽകേണ്ടി വരും. എല്ലാം ഊരാളുങ്കലിന് കൊടുക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് ഉയരുന്ന ആക്ഷേപം ഉയർന്നിരുന്നു.