തിരുവനന്തപുരം: ക്ലോക്കിൽ പത്തടിക്കുംമുമ്പ് ഓഫീസിലെത്താൻ ജീവനക്കാരുടെ തിരക്ക്. ജീവനക്കാരെപ്പോലും തിരിച്ചറിയൽ കാർഡു നോക്കി മാത്രം അകത്തേക്കു കയറ്റിവിടുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. പെട്ടെന്നു തീർക്കേണ്ട ജോലികളുള്ളവർ രാവിലെ എട്ടരയ്ക്കു തന്നെ ഓഫീസിൽ സ്ഥാനം പിടിക്കുകയും ചെയ്തു. പറഞ്ഞുവരുന്നതു ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിലെ കാര്യമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ എത്തേണ്ടിടത്തുതന്നെ എത്തിയെന്ന തരത്തിലാണു കാര്യങ്ങളുടെ പോക്ക്. സെക്രട്ടേറിയേറ്റിൽ എല്ലാം ശരിയാകുമെന്ന വിശ്വാസത്തിലാണ് ജീവനക്കാർ. രാഷ്ട്രീയഭേദമില്ലാതെ ഉദ്യോഗസ്ഥർ അത് വിശ്വസിക്കുന്നുമുണ്ട്.

മുഖ്യമന്ത്രിയുടെ പ്രസ്താവനകളും വാക്കുകളും ശുഭപ്രതീക്ഷ നൽകുന്നതായി സെക്രട്ടറിയറ്റ് ജീവനക്കാർ മറുനാടൻ മലയോളിയോട് വ്യക്തമാക്കുകയും ചെയ്തു. മുഖ്യന്റെ വാക്കുകൾ ഉൾക്കൊണ്ട് തന്നെയാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത് എന്നതിന്റെ ആദ്യ സൂചനകളാണ് സെക്രട്ടേറിയേറ്റിൽ കാണാനായത്. രാവിലെ ഒൻപതരയോടെ തന്നെ പലരും ഓഫീസിൽ എത്തിതുടങ്ങിയിരുന്നു. സമയബന്ധിതമായി തീർക്കാനുള്ള ജോലികളുള്ളതിനാൽ രാവിലെ എട്ടരയോടെ പണിക്കെത്തിയവരും ഉണ്ടായിരുന്നുവെന്ന് ചില ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഗതാഗതക്കുരുക്കിനെ പഴിച്ചുകൊണ്ടും മഴയെകുറ്റം പറഞ്ഞും പത്ത് മണിക്ക് മുൻപ് പഞ്ച് ചെയ്യുന്നതിനായി ധൃതിയിൽ ഓടുന്നവരേയും സൗത്ത് ഗേറ്റിനുമുന്നിൽ കാണാമായിരുന്നു. ജീവനക്കാരെപ്പോലും ഐഡന്റിറ്റി കാർഡുകൾ പരിശോധിച്ച് അകത്തേക്ക് വിടുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും കണ്ടു.

മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പോസിറ്റിവ് എനർജി നൽകുന്നുവെന്നു പലരും അഭിപ്രായപ്പെട്ടു. ജീവനക്കാരെ കൂടെ നിർത്തി അവരുടെ അഭിപ്രായത്തിനും അവകാശങ്ങലൾക്കും സംരക്ഷണം നൽകുന്ന സർക്കാരാണിതെന്ന വിശ്വാസം ജീവനക്കാർക്കിടയിൽ ഉണ്ടായിട്ടുണ്ടന്നും അവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ജീവനക്കാർ തിരുത്തേണ്ട ചില നയങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപാതിച്ചത്. പലരും പഞ്ച് ചെയ്ത് ഡ്യൂട്ടിയിൽ പ്രവേശിച്ച ശേഷം കറങ്ങി നടക്കുകയും ട്രെയിനുകളുടെ സമയം നോക്കി നേരത്തെ പോകുന്നതും ഇനി ആവർത്തിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനകളെകുറിച്ചുള്ള ജീവനക്കാരുടെ പ്രതികരണം ആരാഞ്ഞപ്പോഴാണ് ഭൂരിഭാഗം ജീവനക്കാരും നയത്തോട് യോജിക്കുന്നതായി മനസിലാക്കാനായത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് പൂർണമായും യോജിപ്പാണുള്ളതെന്നും നല്ല രീതിയിലുള്ള സഹകരണമുണ്ടാകുമെന്നും ജീവനക്കാരുടെ സംഘടനാ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഏത് സർക്കാർ ഭരിക്കുമ്പോഴും തങ്ങളുടെ നയം ഇത് തന്നെയാണെന്ന് ഇടത് സംഘടനയായ കേരളാ സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധി വ്യക്തമാക്കി. മന്ത്രിതലത്തിലെ അഴിമതി കഴിഞ്ഞ സർക്കാറിൽ നടന്നിരുന്നുവെങ്കിലും ജീവനക്കാർക്ക് അത്തരം വിഷയങ്ങളിൽ ബന്ധമുള്ളതായി കണ്ടിട്ടില്ലെന്നും എന്‌നാൽ ഏതെങ്കിലും ജീവനക്കാരന് അഴിമതിയുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ അത് സംഘടനയുടെ അംഗമാണെങ്കിലും നടപടിയുണ്ടാകും. അത് സർക്കാറിന്റെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുന്നതിനായി സംഘടന ശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഫയലുകൾ ചില സമയത്ത് വൈകുന്നത് താഴെ തട്ടുകളിൽ നിന്നുമുള്ള റിപ്പോർട്ടുകളിലെ അപാകത കാരണമാണെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ആരോഗ്യ വകുപ്പിലും വിദ്യാഭ്യാസ വകുപ്പിലുമാണ് ഇത്തരം കാലതാമസം രൂക്ഷമായി അനുഭവപ്പെട്ടിരുന്നതെന്നും സംഘടനാ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെങ്കിലും മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പ്രതീക്ഷയോടെ തന്നെയാണ് തങ്ങളും നോക്കികാണുന്നതെന്ന് യുഡിഎഫ് അനുകൂല സംഘടനയായ കേരളാ സെക്രട്ടേറിയേറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ജീവനക്കാർ സർക്കാറിനുവേണ്ടിയും സർക്കാർ സംവിധാനത്തിനുവേണ്ടിയും ഉള്ളതാണെന്ന പ്രസ്താവനയോട് പൂർണമായ യോജിപ്പാണുള്ളത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കും എന്ന നിലപാട് സ്വാഗതാർഹമാണ്. അഴിമതി തടയാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും ഇതിൽ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും കെഎസ്എ അഭിപ്രായപ്പെട്ടു.

സാധാരണയായി എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ നല്ല രീതിയിലല്ല ജീവനക്കാരോട് പെരുമാറിയിരുന്നതെന്നും എന്നാൽ തുടക്കം കണ്ടതിൽ നിന്നും മനസ്സിലാകുന്നത് പിണറായി സർക്കാരിൽ നിന്നും അത്തരം അനുഭവം ഉണ്ടാവില്ലെന്നാണെന്നും കെഎസ്എ ഭാരവാഹികൾ മരുനാടൻ മലയാളിയോട് പറഞ്ഞു. അഴിമതിയോട് ജീവനക്കാർക്കും ഒത്ത്‌പോകാനാകില്ല. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും അത് മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും ശ്രദ്ധയിൽപെടുത്തുമെന്നും കൂട്ടിച്ചേർത്തു. എന്നാൽ ജീവനക്കാരോട് പ്രതികാര നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പൊതുഭരണ വകുപ്പിലെ സീക്രട്ട് സെൽ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം തൃശ്ശൂരിലേക്ക് അനധികൃതമായി സ്ഥലംമാറ്റിയെന്നും ഭാരവാഹികൾ ആരോപിച്ചു.

എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ ഇത്തരം പ്രതികാര നടപടികൾ ഇനിയും ഉണ്ടാകില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ഫയലുകളിലെ കാലതാമസം എന്നത് ചിലപ്പോൾ മന്ത്രിയുടെ ഓഫീസിൽ നിന്നും സംഭവിക്കാറുണ്ടെന്നും എന്നാൽ ഒരോ ഫയലും ഓരോ വ്യക്തിയുടെ ജീവിതങ്ങളായി പരിഗണിക്കണമെന്ന പ്രസ്താവന എല്ലാവരും ഉൾക്കൊള്ളുമെന്നും കെഎസ്എ ഭാരവാഹികൾ കൂട്ടിച്ചേർത്തു.