തിരുവനന്തപുരം:ഒരിടവേളയ്ക്ക് ശേഷം സോളാർ കേസ്വീണ്ടും കേരളത്തെ ചൂടുപിടിപ്പിക്കുമ്പോൾ,ചാരം മൂട്ി കിടക്കുന്ന രഹസ്യങ്ങൾ ഇനിയുമേറെ. സരിത എസ്.നായർ വെളിപ്പെടാത്താതോ, മനഃപൂർവം മറച്ചുവച്ചതോ ആയ രാഷ്ട്രീയക്കാർ ഇനിയുമേറെയുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.ഇതിന് പിന്നിലെ കളികൾക്ക് പൊലീസിലെ ഒരുവിഭാഗവും ചുക്കാൻ പിടിച്ചെന്നും തെളിഞ്ഞുവരുന്നുണ്ട്. സരിതയുടെ മന: സാക്ഷി സൂക്ഷിപ്പുകാരനെ ത്ന്ത്രപൂർവം നാടുകടത്തിയതോടെ കെ.ബി.ഗണേശ് കുമാറിന്റേതടക്കമുള്ള പേരുകൾ സോളാർ കമ്മീഷന് മുന്നിലെത്തിയില്ല.പെരുമ്പാവൂർ ഡിവൈ.എസ്‌പിയായിരുന്ന കെ. ഹരികൃഷ്ണനാണ ഈ തന്ത്രം മെനഞ്ഞത്.

സോളാർ കേസ് അന്വേഷണത്തിനിടെ, ബിജു രാധാകൃഷ്ണന്റെ ഉറ്റബന്ധുവും ടീം സോളാറിന്റെ പർച്ചേസിങ് മാനേജരുമായിരുന്ന തിരുവല്ല തുകലശേരി ഇടക്കുളഞ്ഞിയിൽ മോഹൻദാസിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മോഹൻദാസിന്റെ മൊഴി പല പ്രമുഖരെയും വെള്ളത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ് ഇയാളെ തന്ത്രപൂർവം വിദേശത്തേക്കു മടക്കി അയയ്ക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ, സരിത മുൻകൈയെടുത്ത ഇയാൾക്ക് ഖത്തറിലെ കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തു. സളാർ കേസ് ചൂടുപിടിച്ചതോടെ, മോഹൻദാസിനെ ഖത്തറിൽനിന്ന് അന്വേഷണസംഘം വിളിച്ചുവരുത്തി. മന്ത്രി എ.പി. അനിൽകുമാറിന്റെ വസതിയിൽ, അന്നത്തെ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ തന്നെ കടന്നുപിടിച്ചെന്നും അതിന്റെ ഫോേേട്ടായും, വീഡിയോ ദൃശ്യങ്ങളും മോഹൻദാസിന്റെ കൈവശമുണ്ടെന്നുമായിരുന്നു സരിതയുടെ മൊഴി. ഇതനുസരിച്ച് ചെങ്ങന്നൂർ ഡിവൈ.എസ്‌പി: പ്രസന്നൻ നായർ ഖത്തറിലുള്ള മോഹൻദാസിനോട് നാട്ടിലെത്താൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ പക്കൽ ഇത്തരമൊരു വീഡിയോ തന്റെ കൈയിലില്ലെന്നും അതേപ്പറ്റി സരിത സൂചിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മോഹൻദാസ് മൊഴി നൽകി. തളിപ്പറമ്പ് ഡിവൈ.എസ്‌പി: കെ.എസ്. സുദർശനൻ, താമരശേരി ഡിവൈ.എസ്‌പി: ജയ്‌സൺ കെ. ഏബ്രഹാം, പെരുമ്പാവൂർ ഡിവൈ.എസ്‌പി: കെ. ഹരികൃഷ്ണൻ എന്നിവരും മോഹൻദാസിനെ ചോദ്യംചെയ്ത സംഘത്തിലുണ്ടായിരുന്നു.

ബിജെപി. നേതാവ് കെ. സുരേന്ദ്രനുമായി ബന്ധപ്പെട്ടിരുന്നോ രാഷ്ട്രീയക്കാർ ആരെങ്കിലും സമീപിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണു മോഹൻദാസിനോട് അന്വേഷണസംഘം ചോദിച്ചത്. ഇതിനുള്ള മറുപടിക്കൊപ്പം പിന്നീടു പലരെയും കുഴപ്പത്തിലാക്കാവുന്ന നിരവധി കാര്യങ്ങൾ മോഹൻദാസ് വെളിപ്പെടുത്തി. എന്നാൽ, അതൊന്നും അന്വേഷണസംഘം രേഖപ്പെടുത്തിയില്ല. ഇക്കാര്യങ്ങൾ ആരോടും പറയേണ്ടെന്നും ഖത്തറിലേക്കു തിരിച്ചുപൊയ്‌ക്കൊള്ളാനുമായിരുന്നു ഡിവൈ.എസ്‌പി. ഹരികൃഷ്ണന്റെ നിർദ്ദേശം. പുറത്തുപറഞ്ഞാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന ഭീഷണിയും മുഴക്കി.

ടീം സോളാർ തട്ടിയെടുത്ത കോടികൾ മോഹൻദാസ് ഖത്തറിൽ നിക്ഷേപിച്ചെന്നു പിന്നീട് ആരോപണമുയർന്നു. കമ്പനിക്കെതിരേ രജിസ്റ്റർ ചെയ്ത 33 കേസുകളിൽ 25ലും മോഹൻദാസിനു ബന്ധമുണ്ടായിരുന്നു. സരിതയ്ക്കും ബിജുവിനും പിന്നാലെ മൂന്നാംപ്രതിയാകേണ്ടയാളായിരുന്നു മോഹൻദാസ്. ടീം സോളാറിനെതിരേ പരാതിപ്പെട്ടവരെല്ലാം സരിതയും ബിജുവും പണം വാങ്ങുമ്പോൾ മോഹൻദാസ് ഒപ്പമുണ്ടായിരുന്നെന്നു തിരിച്ചറിഞ്ഞിരുന്നു. സോളാർ ഇടപാടിന്റെ ക്രയവിക്രയങ്ങൾ ഇയാളാണു കൈകാര്യം ചെയ്തിരുന്നത്. സരിതയ്‌ക്കൊപ്പം കൊച്ചിയിൽ താമസിച്ചിരുന്ന മോഹൻദാസിന് അവരെ സന്ദർശിച്ച പ്രമുഖരെക്കുറിച്ചെല്ലാം അറിവുണ്ടായിരുന്നു.

കേസിൽ മോഹൻദാസിനു നിർണായകപങ്കുണ്ടെന്നു മനസിലാക്കിയ ഡിവൈ.എസ്‌പി: ജയ്‌സൺ കെ. ഏബ്രഹാം അറസ്റ്റിനുള്ള നടപടിക്രമങ്ങളെല്ലാം കൈക്കൊണ്ടെങ്കിലും ഉന്നത ഇടപെടലിനേത്തുടർന്ന് അവസാനനിമിഷം അട്ടിമറിക്കപ്പെട്ടു. മോഹൻദാസിന്റെ അഭിഭാഷകനും പൊലീസുമായുള്ള ഒത്തുകളിയാണു പിന്നീടു നടന്നത്.  അഭിഭാഷകന്റെ സാന്നിധ്യത്തിൽ, ആർക്കും കുഴപ്പം വരാത്ത രീതിയിൽ തയാറാക്കിയ തിരക്കഥപ്രകാരം വിദേശത്തേക്കു തിരിച്ചുപോകാൻ മോഹൻദാസിനെ അനുവദിച്ചു. പിന്നീടു കേസ് കോടതിയിലും ജുഡീഷ്യൽ കമ്മിഷനു മുന്നിലുമെത്തിയെങ്കിലും മോഹൻദാസിന്റെ കാര്യം മനഃപൂർവം മുക്കിക്കളഞ്ഞു.