തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അതീവ ജാഗ്രതാ നിർദ്ദേശം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നൽകി. പതിവിന് വിപരീതമായി കേരളം പോലുള്ള തീവ്രവാദ ആക്രമണങ്ങൾ നടക്കാത്ത സംസ്ഥാനങ്ങളോടാണ് കരുതൽ കൂടുതലെടുക്കാൻ കേന്ദ്രം നിർദ്ദേശിക്കുന്നത്. രാജ്യത്തിന്റെ ഏത് ഭാഗത്തും ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഡൽഹി, മുംബൈ, ബംഗ്ലുരുവു പോലുള്ള വൻ നഗരങ്ങളിൽ കർശന നിരീക്ഷണങ്ങൾ പതിവുള്ളതാണ്. ഈ സാഹചര്യത്തിൽ കേരളം പോലുള്ള സ്ഥലങ്ങളെ ഐസിസും അൽഖൈയ്ദയും നോട്ടമിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം കേരളത്തിലെ വിമാനത്താവളത്തിലൂടെ തീവ്രവാദികൾ രാജ്യത്ത് എത്താനുള്ള സാഹചര്യവും രഹസ്യന്വേഷണ വിഭാഗങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.

തീവ്രവാദിയാക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അതീവജാഗ്രതാ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി വിമാനത്താവള സുരക്ഷാസേനയായ സിഐഎസ്.എഫ്. വിമാനത്താവളത്തിൽ കൂടുതൽ കമാൻഡോകളെയും കോൺസ്റ്റബിൾമാരെയും നിയോഗിച്ചു. യാത്രക്കാരുടെ ലഗേജുകളും ഹാൻഡ്ബാഗുകളും പരിശോധിക്കണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തരഅന്താരാഷ്ട്ര ടെർമിനലുകളിലെ പ്രവേശന കവാടത്തിലെത്തുന്ന വാഹനങ്ങൾ, യാത്രക്കാർ വരുന്നതും പോകുന്നതുമായ വാഹനങ്ങൾ എന്നിവ പരിശോധിക്കാൻ സുരക്ഷാസേനയുടെ ക്യു.ആർ.ടി. കമാൻഡോകളെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്.

അധികൃതരുടെ ഉത്തരവിനെത്തുടർന്ന് വിമാന കമ്പനികളുടെ സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. നെടുമ്പാശ്ശേരി, കോഴിക്കോടും വിമാനത്താവളത്തിലും കർശന നിരീക്ഷണമുണ്ട്. സംസ്ഥാനത്തുടനീളം അതീവ ജാഗ്രതിയിലാകും ഇനിയുള്ള അഞ്ച് ദിവസം. റെയിൽവേ സ്‌റ്റേഷനുകളിലും സുരക്ഷ കർശനമാക്കും. സുരക്ഷാ ക്രമീകരണം ഡിജിപയുടെ നേതൃത്വത്തിൽ അവലോകനം ചെയ്യും. ഏത് സാഹചര്യവും നേരിടാൻ കരുതിയിരിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയിട്ടുള്ള നിർദ്ദേശം. ഐസിസും അൽഖൈയ്ദയും പോലുള്ള തീവ്രവാദ സംഘങ്ങളിൽ മലയാളികൾ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. അതുകൊണ്ട് തന്നെ കേരളത്തിലെ സാമൂഹിക സാഹചര്യത്തെ കുറിച്ച് ഇത്തരം സംഘടനകൾക്ക് വ്യക്തമായ ചിത്രമുണ്ട്. അതിനാലാണ് ജാഗ്രത കർശനമാക്കാൻ നിർദ്ദേശം.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധ ശിക്ഷ ഈയിടെയാണ് നടപ്പാക്കിയത്. ഇതിൽ തിരിച്ചടിയുണ്ടാകുമെന്ന് ടൈഗർ മേമൻ ഭീഷണി മുഴക്കിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് സ്വാതന്ത്ര്യ ദിനത്തിൽ കരുതൽ കൂട്ടുന്നത്. അധോലോകവും തീവ്രവാദികളും തിരിച്ചടിക്ക് കോപ്പുകൂട്ടുന്നതിന്റെ വ്യക്തമായ സൂചന സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഏത് വിധേനേയും രാജ്യത്തെ ഭീതിയിലാക്കാനാണ് ഇവരുടെ ശ്രമം. അതിന് മുംബൈ തെരഞ്ഞെടുക്കണമെന്നില്ല. അവിടെ കർശന നിരീക്ഷണ സംവിധാനമുണ്ടാകുമെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വമ്പൻ സ്‌ഫോടനങ്ങളാണ് മേമൻ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യാന്വേഷണ വിവരം.

വ്യാപക ആക്രമണം ലക്ഷ്യമിട്ട് ഒൻപത് പാക് തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഐ.ബി. റിപ്പോർട്ടിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്. ഡൽഹിയാണു ഭീകരരുടെ പ്രധാന ലക്ഷ്യമെങ്കിലും അവിടെ സുരക്ഷ അതിശക്തമായതിനാൽ ആക്രമണലക്ഷ്യം മാറ്റാനിടയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പഞ്ചാബിലെ ഗുർദാസ്പുരിൽ ആക്രമണം നടത്തിയ ലഷ്‌കറെ തോയ്ബ ചാവേറുകളോടൊപ്പമാണ് ഒൻപത് തീവ്രവാദികളും നുഴഞ്ഞുകയറിയത്. ഇവർ പ്രാദേശിക തീവ്രവാദി സെല്ലുകളുടെ സഹായം തേടിയിട്ടുണ്ടെന്നും ആർ.ഡി.എക്‌സ്. അടക്കമുള്ള സ്‌ഫോടക വസ്തുക്കൾ ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കും സംഘടിപ്പിച്ച് നൽകുന്നുണ്ടെന്നും ഐ.ബി. പറയുന്നു.

ആക്രമണശ്രമത്തിനിടെ പിടിയിലായ തീവ്രവാദി മുഹമ്മദ് നവേദിനെ ചോദ്യം ചെയ്തതിൽനിന്ന് ഒട്ടേറെ വിവരങ്ങൾ ലഭ്യമായി. എൻ.ഐ.എ. ഐ.ജി: എസ്.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. പാക്കിസ്ഥാനിൽ തീവ്രവാദ പരിശീലനം ലഭിച്ചതിനു ശേഷമാണ് മുഹമ്മദ് നവീദ് യാക്കൂബും മുഹമ്മദ് ഹോമൻ എന്ന മോമിനും കഴിഞ്ഞ മെയ്‌ 27ന് പാക്കിസ്ഥാനിലെ ഹലൻ എന്ന അതിർത്തി ഗ്രാമത്തിൽനിന്നു പുറപ്പെട്ടത്. ഇവരോടൊപ്പം ഒകാഷ പക്ത്തൂൺ, മുഹമ്മദ് ബായ് തുടങ്ങി മൂന്നു പേർ കൂടി ഉണ്ടായിരുന്നു. ജൂൺ രണ്ടിന് രാത്രിയിൽ ഇവർ അതിർത്തിയിൽ കാവലില്ലാത്ത ഭാഗത്തു വന്നു. ഓഗസ്റ്റ് മൂന്നിന് ജമ്മു കശ്മീരിലെ ഉദയംപൂർ സാംറോലി എന്ന സ്ഥലത്ത് ഇറങ്ങി ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു. അവിടെ ബി.എസ്.എഫിന്റെ വാഹനങ്ങൾ പതിവായി സഞ്ചരിക്കുന്ന മാർഗം രേഖപ്പെടുത്തിയ ഭൂപടം നവേദിന്റെ പക്കലുണ്ടായിരുന്നു. ഓഗസ്റ്റ് അഞ്ചിന് അവിടെച്ചെന്ന് ആക്രമണം നടത്തിയപ്പോഴാണ് ഹോമൻ വെടിയേറ്റ് മരിച്ചതും ഉസ്മാൻ പിടിയിലായതും.

കഴിഞ്ഞയാഴ്ച പഞ്ചാബിലെ ഗുർദാസ്പുരിൽ സൈനിക വേഷത്തിലെത്തിയ മൂന്നു തീവ്രവാദികൾ ഒരു ബസിനുനേരേയും പൊലീസ് സ്‌റ്റേഷനിലും നടത്തിയ ആക്രമണത്തിൽ ഒരു എസ്‌പി. ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. മൂന്നു തീവ്രവാദികളെയും പൊലീസ് വെടിവച്ചു കൊന്നിരുന്നു. ഈ തീവ്രവാദികളും നവേദുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.