തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വിഡി സതീശൻ എത്തിയത് തലമുറ മാറ്റത്തിന്റെ ഭാഗമായാണ്. ഇതേ നയം പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും തുടരാൻ വിഡി സതീശൻ. പുതമുഖങ്ങളാകും പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഉണ്ടാവുക. ഇതിന്റെ ഭാഗമായി മാതൃഭൂമി ന്യൂസിലെ ബ്യൂറോ ചീഫ് സീജി കടയ്ക്കൽ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായേക്കും.

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ നിയമനത്തിനായി അഞ്ഞൂറിലേറെ അപേക്ഷകൾ വിഡി സതീശന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും. സ്റ്റാഫിലെത്തുന്നവരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ പരിശോധിക്കും. ആരോപണവിധേയർ എത്തുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിനെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് സീജിയെ പ്രസ് സെക്രട്ടറിയാക്കുന്നത്. ഇതിന് സമാനമായ നിയമനമാകും മറ്റ് പദവികളിലും ഉണ്ടാവുക.

സീജിയെ പ്രസ് സെക്രട്ടറിയാക്കുന്നതിലൂടെ തന്റെ ഓഫീസിന് കൂടുതൽ ചലനാത്മക കൈവരുമെന്നാണ് വിഡിയുടെ പ്രതീക്ഷ. സീജിയുടെ നിയമനത്തിൽ വിഡി സതീശൻ ഏതാണ്ട് തീരുമാനം എടുത്തു കഴിഞ്ഞു. വൈകാതെ തന്നെ ഉത്തരവിനായി ശുപാർശ സർക്കാരിന് കൈമാറും. സതീശന്റെ ഓഫീസിന്റെ ഭാഗമാകാൻ സീജിക്കും താൽപ്പര്യമുണ്ട്. പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള പദവികളിൽ ജനകീയരായ ആളുകളെ നിയമിക്കാനാണ് വിഡിയുടെ തീരുമാനം.

വിഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മാതൃഭൂമി ന്യൂസാണെന്ന് ചാനൽ അവകാശപ്പെട്ടിരുന്നു. ഈ വാർത്ത നൽകിയതും സീജി കടയ്ക്കലാണ്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും തന്നെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫായി പരിഗണിക്കുന്നുണ്ടെന്ന് സീജി തന്നെ അടുപ്പക്കാരോട് അറിയിച്ചിട്ടുണ്ട്. എന്നാൽ മാതൃഭൂമി ന്യൂസിൽ നിന്ന് രാജിവച്ചിട്ടുമില്ല.

കോൺഗ്രസ് പാരമ്പര്യമുള്ള മാധ്യമ പ്രവർത്തകനാണ് സീജി. കെ എസ് യുവിൽ പ്രവർത്തിച്ചിരുന്ന സീജി കോൺഗ്രസ് ചാനലായ ജയ്ഹിന്ദിലൂടെയാണ് മാധ്യമ പ്രവർത്തനത്തിൽ സജീവമാകുന്നത്. പിന്നീട് ഇന്ത്യാവിഷനിലേക്ക് മാറി. അവിടെ നിന്നാണ് മാതൃഭൂമിയുടെ ഭാഗമാകുന്നത്. കോൺഗ്രസിലെ വാർത്തകളാണ് കൈകാര്യം ചെയ്തതിൽ ഏറെയും.

നിലവിൽ തിരുവനന്തപുരം ബ്യൂറോ ചീഫാണ് സീജി. വൈകാതെ തന്നെ സീജിയുടെ നിയമന ഉത്തരവ് പുറത്തു വരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളും നൽകുന്ന സൂചന.