- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീമാസിനു കാവലായി ബ്ലാക്ക് ക്യാറ്റ് ഗുണ്ടകൾ; കട തുറന്നെങ്കിലും തുണി വാങ്ങാൻ തിരക്കില്ല; ഓണത്തിനു മുമ്പു സമരം അവസാനിപ്പിക്കാനുള്ള സാധ്യത തേടി മുതലാളി; വിട്ടുവീഴ്ചയ്ക്കില്ലെന്നു ജീവനക്കാരും; ഗുണ്ടകളെ ഉപയോഗിച്ചു സമരക്കാരെ നേരിടാനുള്ള സാധ്യത തിരിച്ചറിഞ്ഞു പ്രതിരോധം തീർത്ത് സിപിഎമ്മും
ആലപ്പുഴ : തൊഴിൽ പീഡനങ്ങളെത്തുടർന്നു കഴിഞ്ഞ എട്ടുദിവസമായി സമരം നടക്കുന്ന സീമാസ് വസ്ത്രശാലയ്ക്ക് 'അദ്്ഭുതദ്വീപിലെ രാക്ഷസന്മാർ' കാവൽക്കാരായി. ഇന്നലെ കോടതി ഉത്തരവുമായി ഉടമകൾ കട തുറക്കാനെത്തിയത്് സിനിമയിലെ വില്ലന്മാരുമായാണ്. ഓണമെത്തിയതോടെ സാധനങ്ങൾ വാങ്ങാനെത്തിയവർ ബ്ലാക്ക് കാറ്റുകളെ വെല്ലുന്ന തരത്തിൽ വേഷമിട്ട് കടയ്ക്കുമുന്നിൽ ന
ആലപ്പുഴ : തൊഴിൽ പീഡനങ്ങളെത്തുടർന്നു കഴിഞ്ഞ എട്ടുദിവസമായി സമരം നടക്കുന്ന സീമാസ് വസ്ത്രശാലയ്ക്ക് 'അദ്്ഭുതദ്വീപിലെ രാക്ഷസന്മാർ' കാവൽക്കാരായി. ഇന്നലെ കോടതി ഉത്തരവുമായി ഉടമകൾ കട തുറക്കാനെത്തിയത്് സിനിമയിലെ വില്ലന്മാരുമായാണ്. ഓണമെത്തിയതോടെ സാധനങ്ങൾ വാങ്ങാനെത്തിയവർ ബ്ലാക്ക് കാറ്റുകളെ വെല്ലുന്ന തരത്തിൽ വേഷമിട്ട് കടയ്ക്കുമുന്നിൽ നിലയുറപ്പിച്ചത് കണ്ട് ഞെട്ടിച്ചു. വില്ലന്മാർ എത്തിയതോടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് സി പി എം പ്രവർത്തകരും എത്തി. ഇതോടെ വൻപൊലീസ് സംഘവും കടയ്ക്കുമുന്നിൽ നിലയുറപ്പിച്ചു. ഇതോടെ ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗം യുദ്ധഭൂമിയുടെ പ്രതീതി ജനിപ്പിച്ചു.
കഴിഞ്ഞ എട്ടു ദിവസങ്ങളായി വസ്ത്രശാലയിൽ സമരം തുടങ്ങിയിട്ട്. ആകെയുള്ള 90 തൊഴിലാളികളിൽ 62 പേരും സമരത്തിലാണ്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ പണിയെടുക്കുന്നത്. അതേസമയം കടയുടെ പ്രവർത്തനം തടസപ്പെടുത്തുന്നതിനെതിരേയുള്ള കോടതി ഉത്തരവെത്തി കട തുറന്നതോടെ മുതലാളിമാർ ഏതുതരം ചർച്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ച് ഇന്നലെ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിലെത്തി. കടയുടമ കെ പി കുഞ്ഞുമോനാണ് പത്രക്കാരെ കണ്ടത്. ഏതായാലും തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ സമരക്കാർ നിലപാട് കടുപ്പിച്ചിട്ടുണ്ട്. കടയുടമയുടെ ഏത് വെല്ലുവിളിയേയും നേരിടാൻ തയ്യാറാണെന്നാണ് സമരക്കാരുടെ പക്ഷം.
ഓണമെത്തിയതോടെ കനത്ത കച്ചവടം നടക്കേണ്ട കട അടച്ചിടുന്നത് കോടികൾ നഷ്ടപ്പെടുത്തുമെന്ന തിരിച്ചറിവാണ് മാനേജ്‌മെന്റിനെ പുതിയ നീക്കത്തിനു പ്രേരിപ്പിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ തുണിത്തരങ്ങളാണ് വിറ്റഴിക്കാനായി കടയിൽ എത്തിച്ചിട്ടുള്ളത്. ഇതു വിറ്റഴിക്കുന്നതിനോടൊപ്പം കട നടത്തിക്കൊണ്ടു പോകുന്നതിന്റെ ചെലവും വഹിക്കേണ്ടിവരും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കട പ്രതിമാസം നടത്തിക്കൊണ്ടുപോകാൻ ഏകദേശം 15 ലക്ഷം രൂപയാണ് ആവശ്യമായി വരിക. ഏതായാലും നാളെ നടക്കുന്ന ലേബർ ഓഫീസറുമായുള്ള ചർച്ച ഇരു കൂട്ടർക്കും നിർണായകമാണ്. അതേസമയം ഗതികെട്ടാലും തുണിക്കടയിൽ പണിക്കു പോകരുതെന്ന് പറയുകയാണ് ആലപ്പുഴ സീമാസ് ടെക്സ്റ്റയിൽസിലെ ജീവനക്കാർ.
എട്ടുദിവസമായിസമരം തുടരുന്ന ടെക്സ്റ്റയിൽസിലെ ജീവനക്കാർക്ക് പറയാനുള്ളത് പീഡനങ്ങളുടെ കഥമാത്രം. ഒന്നിരിക്കാൻപോലും അനുവദിക്കാതെ പത്തുമണിക്കൂർ പണിയെടുപ്പിക്കും. അഞ്ചു മിനിട്ട് വൈകിയാൽ അരദിവസത്തെ കൂലി പിടിച്ചുവാങ്ങും. രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെ ജോലി സമയം. കുറഞ്ഞവേതനം 12,500 ഉം ട്രെയിനികൾക്കു 6500 ഉം കൊടുക്കുന്നുവെന്ന് മാനേജ്‌മെന്റ് പറയുമ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്നത് 7500 മാത്രം. അഞ്ചു വർഷം പിന്നിട്ട തൊഴിലാളിക്കും നൽകുന്ന വേതനം ഇതുതന്നെ. മാനേജ്‌മെന്റിന്റെ കടുംപിടുത്തം പ്രശ്‌നങ്ങൾ വഷളാക്കുന്നുവെന്ന് യൂണിയൻ.
ആദ്യമൊക്കെ തൊഴിൽ സ്ഥിരതയ്ക്കായി സമരം ചെയ്ത തൊഴിലാളികൾക്ക് ഇപ്പോൾ പറയാനുള്ളത് പീഡനങ്ങളുടെ നീണ്ടചരിത്രം മാത്രം. വസ്ത്രശാലയിലെ ആസ്ഥാന കേന്ദ്രത്തിൽനിന്നും കൊണ്ടുവന്ന തൊഴിലാളികളെ പാർപ്പിക്കാൻ വനിതാജീവനക്കാരെ ഹോസ്റ്റലിൽനിന്നും ഉടതുണിയുമായി ഇറക്കിവിട്ടു. ഇറക്കുമതി ചെയ്യപ്പെട്ടവരെ ജോലിക്കെടുത്ത് അന്യജില്ലകളിൽനിന്നും പണിക്കെത്തിയ ജീവനക്കാരെ പിരിച്ചുവിടാനുള്ള മാനേജ്‌മെന്റിന്റെ തന്ത്രം പൊളിച്ചത് പീഡനങ്ങളുടെ ആക്കം വർദ്ധിപ്പിച്ചു. കമ്പനി ആവശ്യങ്ങൾക്കായി രാവിലെ ഫർണസിൽ തീയിട്ട് തൊഴിലാളികളെ പുകച്ചു പുറത്തുചാടിക്കും. ആരെങ്കിലും വിശ്രമത്തിനായി മുറിക്കുള്ളിലെത്തിയാൽ ശ്വാസതടസവും ബോധക്ഷയവും ഉറപ്പ്. എന്നാൽ അത്തരത്തിലൊരു ഫർണസിന്റെ ആവശ്യമോ തീയുടെ ഉപയോഗമോ കമ്പനിക്ക് ആവശ്യമില്ലെന്നിരിക്കെ തീയിടൽ ദിവസവും തുടരുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.
പലപ്പോഴും ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് വിഷബാധയേറ്റ് തൊഴിലാളികൾ പലരും ആശുപത്രിയിലായിട്ടുണ്ട്. പകൽമുഴവൻ പണിയെടുത്ത് രാത്രിയെത്തുന്ന വനിതാ ജീവനക്കാർക്ക് നൽകിയിരുന്നത് പുലർച്ചെ ഉണ്ടാക്കിയ വളിച്ചുപുളിച്ച ചോറും മുളക് പൊട്ടിച്ചതും. ഇതു കഴിച്ച് നേരം വെളുപ്പിക്കുന്ന തൊഴിലാളി ഉറപ്പായും ആശുപത്രിയിലെത്തും. ഇത്തരത്തിൽ ജോലിക്കിടയിൽ വയറിളക്കവും ഛർദ്ദിയും ബാധിച്ച് വനിതാജീവനക്കാർ യൂണിഫോം ധരിച്ച ആശുപത്രിയിലെത്തുന്നത് പതിവായപ്പോൾ ആശുപത്രിയിൽ സന്നദ്ധ സേവനം ചെയ്യുന്ന ഡി വൈ എഫ് ഐ പ്രവർത്തകർ കാര്യങ്ങൾ തിരക്കിയിറങ്ങി.
സംഭവം വഷളാകുമെന്നു കണ്ടപ്പോൾ മാനേജ്‌മെന്റ് നിലപാടുമാറ്റി. രോഗം ബാധിക്കുന്ന ജീവനക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കാൻ തുടങ്ങി. ആശുപത്രിയിൽ ചെലവിടുന്ന മുഴുവൻ തുകയും ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പിടിച്ചെടുക്കും. ഇതോടെ രോഗം വന്നാലും ആശുപത്രിയിലേക്ക് പോകാൻ ജീവനക്കാർ വിസമ്മതിച്ചു തുടങ്ങി. അങ്ങനെ രോഗത്തെ പീഡനം കൊണ്ട് അകറ്റി മാനേജ്‌മെന്റ് മികവ് കാട്ടി. ഇപ്പോൾ പീഡനത്തോടൊപ്പം നിയമ സഹായവും നേടി മുതലാളിമാർ ഉത്തരവുമായെത്തി കടതുറന്നിരിക്കുകയാണ്. പൂർവ്വാധികം ശക്തിയോടെ സമരം തുടരുമെന്ന് ഉറപ്പിച്ച് തൊഴിലാളി സംഘടനകളും രംഗത്തുണ്ട്.
എന്നാൽ ഓണക്കാലത്ത് കച്ചവടം മുടങ്ങുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന് സീമാസിന്റെ മുതലാളിക്ക് അറിയാം. ഈ സാഹചര്യത്തിൽ എങ്ങനേയും സമരം ഒത്തുതീർപ്പാക്കാനാണ് നീക്കം. അതിന് സമരക്കാരെ കിട്ടാത്ത സാഹചര്യത്തിലാണ് ഗുണ്ടകളുടെ സംരക്ഷണയിൽ കടതുറക്കാനുള്ള തീരുമാനം.