കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയെ തുടക്കം മുതൽ എതിർത്തിരുന്ന ശീമാട്ടി ടെക്‌സ്റ്റെയിൽസ് വീണ്ടും മെട്രോയ്‌ക്കെതിരെ രംഗത്തെത്തി. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് കലക്ടർ വഴി ഭൂമി ഏറ്റെടുക്കാൻ കെഎംആർഎൽ തീരുമാനിച്ചത് ശീമാട്ടി ഉടമ ബീനാ കണ്ണനുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതുകൊണ്ടായിരുന്നു. 20 തവണ ബീനാ കണ്ണനുമായി സംസാരിച്ചെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ പ്രത്യേക വകുപ്പ് ഉപയോഗിച്ച് 32 സെന്റ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ തനിക്കെതിരെ ആരോപണങ്ങൾ നീളുന്ന സാഹചരത്യത്തിൽ ബീനാ കണ്ണൻ തന്നെ കെഎംആർഎലിനെതിരെ രംഗത്തെത്തി. ലക്ഷങ്ങൾ മുടക്കി പത്രപരസ്യം നൽകിയാണ് ബീനാ കണ്ണന്റെ തന്നെ നിലപാട് വിശദീകരിച്ചത്.

കൊച്ചി മെട്രോ റെയിലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ബീനാ കണ്ണൻ രംഗത്തെത്തിയത്. തന്റെ കുഴപ്പംകൊണ്ടല്ല മെട്രോയുടെ സ്ഥലം ഏറ്റെടുപ്പ് നീളുന്നതെന്ന് സമർത്ഥിക്കാനാണ് ബീന കണ്ണൻ ലക്ഷങ്ങൾ മുടക്കി പത്രപരസ്യം നൽകിയതിലൂടെ ശ്രമിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലയെ ചൊല്ലിയുള്ള തർക്കങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ബീന കണ്ണൻ പറയുന്നു. മെട്രോ ഏറ്റെടുക്കുന്നതിൽ സ്വകാര്യസ്ഥാപനമെന്ന് പറഞ്ഞ് റിപ്പോർട്ട് ചെയ്ത് മനോരമ പത്രത്തിലൂടെയാണ് ബീന കണ്ണന്റെ വിശദീകരണം. പരസ്യരൂപത്തിൽ പിൻപേജിലാണ് ശീമാട്ടി വിശദീകരിച്ചിരിക്കുന്നത്.

കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ശീമാട്ടി സിൽക്‌സ് ഉടമ പരസ്യത്തിൽ ആരോപിക്കുന്നത്. ശീമാട്ടിയുമായി ആദ്യം നടത്തിയ ചർച്ചകളിൽ മെട്രോ പദ്ധതിക്കായി കെ.എം.ആർ.എൽ 32 സെന്റ് സ്ഥലം ആവശ്യപ്പെട്ടിരുന്നുവെന്ന് ഇതിൽ ബീനാ കണ്ണൻ വ്യക്തമാക്കുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന് സെന്റിന് 52 ലക്ഷം രൂപ എന്ന നിലയിൽ നൽകാമെന്നും സമ്മതിച്ചിരുന്നതാണ്. ഇതനുസരിച്ച് 16 കോടി രൂപ നൽകേണ്ടി വരുമായിരുന്നു. എന്നാൽ പിന്നീടുള്ള ചർച്ചകളിൽ പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുന്ന തൂണുകൾക്ക് വേണ്ടി വരുന്ന 2.7 സെന്റ് സ്ഥലത്തിന് മാത്രം വില നൽകിയാൽ മതിയെന്നായിരുന്നു ധാരണയിലെത്തിയതെന്ന് ബീനാ കണ്ണൻ പറയുന്നു.

ബാക്കിയുള്ള സ്ഥലത്ത് മെട്രോ റെയിലിന്റെ സുരക്ഷാമാനദണ്ഡങ്ങൾക്ക് വിധേയമായി ശീമാട്ടിയിൽ എത്തുന്നവർക്ക് പാർക്കിംഗിന് അനുവദിക്കണമെന്നും വാഗ്ദാനം നൽകുകയുണ്ടായി. കുറച്ച് സ്ഥലം മാത്രം ഏറ്റെടുക്കുന്നതുകൊണ്ട് 1 കോടി 41 ലക്ഷം രൂപ മാത്രമേ മെട്രോ പദ്ധതിക്ക് ബാധ്യത ഉണ്ടാകുമായിരുന്നുള്ളു. എന്നാൽ പിന്നീട് മെട്രോ റെയിൽ 24ന് നടന്ന ചർച്ചയിൽ എറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരമായി തുകയൊന്നും നൽകില്ലെന്നും വസ്തു പൂർണമായും വിട്ട് നൽകണമെന്ന് വാദിക്കുകയുമായിരുന്നു എന്നാണ് ബീനാ കണ്ണൻ ആരോപിക്കുന്നത്. ഇതോടെയാണ് ചർച്ചകൾ വഴിമുട്ടിയതയെന്നുമാണ് അവർ പറയുന്നു.

മുൻ തീരുമാനപ്രകാരം തൂണുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ 2.718 സെന്റ് സ്ഥലം വിട്ടുകൊടുക്കാൻ താൻ തയ്യാറാണെന്നും അവർ പറയുന്നു. ഇത് കെ.എം.ആർ.എല്ലിനും സർക്കാരിനും കോടികളുടെ ലാഭം ഉണ്ടാക്കുന്ന തീരുമാനമാണ്. എന്നാൽ യഥാർത്ഥ വസ്തുതകൾ മറച്ചുവച്ച് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലുള്ള വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ കെഎംആർഎൽ പ്രചരിപ്പിച്ചെന്നും ബീനാ കണ്ണൻ ആരോപിക്കുന്നു.

ഇക്കാര്യങ്ങൾ മറച്ചുവച്ച് സ്ഥലം പൂർണമായും ഏറ്റെടുക്കാൻ 29ന് കെ.എം.ആർ.എൽ എടുത്ത തീരുമാനം തെറ്റിദ്ധാരണകൾക്ക് ഇടയാക്കും. ഇക്കാര്യങ്ങളിന്മേൽ വിശദീകരണം നൽകാൻ കെഎംആർഎൽ തയ്യാറാകുകയാണെങ്കിൽ ചർച്ചകളിലൂടെ തർക്കം പരിഹരിക്കാൻ തയ്യാറാണെന്നും ബീനാ കണ്ണൻ പറയുന്നു. എന്നാൽ ബീനാ കണ്ണൻ പറയുന്നതിന് വിരുദ്ധമായ അഭിപ്രായമാണ് കെഎംആർഎൽ അധികൃതർ നിരത്തുന്നത്. ഓരോ ചർച്ചകളിലും നിലപാട് മാറ്റിയതാണ് പ്രത്യേക വ്യവസ്ഥയിലൂടെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്.

തൊട്ടടുത്തുള്ള ഗാന്ധിഭവൻ ദിവസങ്ങൾക്കകം തന്നെ ഏറ്റെടുത്ത് ഇടിച്ചുനിരത്തിയെങ്കിലും വ്യവസായി എന്ന പരിഗണനയാണ് കെഎംആർഎൽ ശീമാട്ടിക്ക് നൽകിയത്. നഷ്ടപരിഹാരം നൽകാതെയും മെട്രോ റെയിൽയുടെ തൂണുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്തിന്റെ ഉപയോഗം അടിസ്ഥാനമാക്കിയുമാണ് കെ.എം.ആർ.എൽ. ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് രൂപം നൽകിയിരുന്നത്. ഈ ഭാഗത്ത് ശീമാട്ടിക്ക് പാർക്കിംഗിന് അനുമതി നൽകുമെന്നതായിരുന്നു ഒരു ധാരണ. തൂണുകളിൽ പരസ്യം നൽകുമ്പോൾ ശീമാട്ടിക്ക് മുൻഗണന നൽകുമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ.

എന്നാൽ തൂണുകളിൽ പരസ്യം നൽകുന്നതിനുള്ള പൂർണ അവകാശം ശീമാട്ടിക്ക് ലഭിക്കണമെന്ന് ബീനാ കണ്ണൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തൂണുകൾ നിർമ്മിക്കുന്ന ഭൂമിക്ക് വില നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. നിലവിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് കെഎംആർഎൽ നീക്കം. ഭൂമി ഏറ്റെടുക്കണമെന്ന് കാണിച്ച് ജില്ലാ കലക്ടർക്ക് കെഎ്ംആൽഎൽ അധികൃതർ കത്തു നൽകിയിട്ടുണ്ട്.