വെസ്റ്റ്മിൻസ്റ്ററിൽ ഭീകരാക്രമണമുണ്ടായതിനെ തുടർന്ന് ആളുകൾ പ്രാണൻ രക്ഷിക്കാൻ പരക്കം പായുന്നതിനിടെ അതിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനും ചിലർ തിക്കും തിരക്കും കൂട്ടിയെത്തിയെന്ന് റിപ്പോർട്ട്. ഏത് ദുരന്തവും ആഘോഷമാക്കുന്ന ആധുനികലോകത്തിന്റെ തനത് സ്വഭാവമാണിവിടെ ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ദുരന്തത്തെപ്പോലും തത്സമയം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ട് ആഘോഷമാക്കുന്ന നാണക്കേടിന്റെ ചിത്രങ്ങളാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇതിലൊരാൾ സെൽഫി സ്റ്റിക്കുപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയിരുന്നത്.

മതഭീകരനെന്ന് സംശയിക്കുന്ന ആൾ അപകടകരമായ രീതിയിൽ വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിലൂടെ കാറോടിക്കുകയും നിരവധി പേർക്ക് പരുക്കേൽപ്പിക്കുകയും അഞ്ച് പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത ഭീകരാക്രമണം നടത്തുന്നതിനിടെയാണ് ഈ സെൽഫി ആഘോഷവും നടന്നിരിക്കുന്നത്. സംഭവത്തിൽ 40 പേർക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിലുണ്ടായ സംഭവവികാസങ്ങൾ ഒരു ഹോളിവുഡ് സിനിമയ്ക്ക് സമാനമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. ആളുകൾ പരുക്കേറ്റ് നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുമ്പോഴും അതിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനും ചിലർ തിരക്ക് കൂട്ടിയെത്തിയിരുന്നു.

സൺഗ്ലാസ് ധരിച്ച ഒരാളാണ് സെൽഫിസ്റ്റിക്കുപയോഗിച്ച് ഇവിടെ നിന്നും ചിത്രങ്ങളെടുത്തിരുന്നത്. ഇത്തരമൊരു സന്ദർഭത്തിൽ എങ്ങനെയാണ് ആളുകൾക്ക് ഇത്തരത്തിൽ പ്രവർത്തിക്കാനാവുന്നതെന്നാണ് ഒരാൾ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പരുക്കേറ്റവരെ സഹായിക്കുന്നതിന് പകരം സെൽഫിയെടുത്ത നടപടി കടുത്ത നാണക്കേടുണ്ടാക്കുന്നുവെന്നാണ് പ്രവീൺ അഗ്‌നിഹോത്രിയെന്നയാൾ പ്രതികരിച്ചിരിക്കുന്നത്. ഇതിനെ മനുഷ്യത്വമില്ലാത്ത നടപടിയെന്നാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.