തിരുവനന്തപുരം: കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി സെൽവന്റെ ഭർത്താവും കായിക സംഘാടകനുമായ സെൽവനെ റെയിൽവേ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. കൈക്കൂലിക്കേസിൽ ജോലി നഷ്ടമായ മുൻകായികതാരം കൂടിയായ സെൽവനെ സ്പോർട്സ് കൗൺസിലിൽ നിന്നും പുറത്താക്കും.

യാത്രക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് ചീഫ് ടിക്കറ്റ് എക്‌സാമിനറും സ്പോർട്സ് കൗൺസിലിൽ സൈക്കിളിങ് അസോസിയേഷൻ നോമിനിയുമായ സെൽവനെ സർവ്വീസിൽ നിന്ന് റെയിൽവേ പുറത്താക്കിയത്. ഇതോടെ സ്പോർട്സ് കൗൺസിലിനും സമ്മർദ്ദമായി. ഭാര്യയായ പത്മിനി സെൽവമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ഉടൻ നടപടി എടുത്തേ പറ്റൂ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

ഈ മാസം 31 ന് സർവ്വീസിൽ നിന്ന് വിരമിക്കാനിരക്കേയാണ് പുറത്താക്കൽ. ദക്ഷിണ റെയിൽവേ വിജിലൻസിന്റെ പരിശോധനയിലാണ് സെൽവനെ പിടികൂടിയത്. തുടർന്ന് റെയിൽവേ വിജിലൻസ് വിശദമായ അന്വേഷണം നടത്തിയയാണ് പുറത്താക്കാനും പെൻഷൻ വെട്ടിക്കുറയ്ക്കാനും നിർദ്ദേശിക്കുന്ന റിപ്പോർട്ട് നൽകിയത്. കൈക്കൂലി പിടിച്ച വിജിൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ സസ്‌പെൻഷനിലായിരുന്നു സെൽവൻ.

കൈക്കൂലിക്കേസിൽ പിടച്ചതോടെ തിരുവനന്തപുരം ഹാൻഡ് ബോൾ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് സെൽവനെ മാറ്റും. ഇക്കാര്യത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് അസോസിയേഷൻ നേതൃത്വം സൂചന നൽകി.