ന്യൂഡൽഹി: മാറ്റമാണ് അധികാരത്തിലെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിച്ചത്. എന്നാൽ റിസർവ്വ് ബാങ്കിന്റെ നയങ്ങൾ മൂലം അത് സാധ്യമാകുന്നില്ലെന്ന് മോദിക്ക് പരാതിയുണ്ട്. രാജ്യം സാമ്പത്തികമായി സുസ്ഥിതിയിലാണ്. പക്ഷേ ഇങ്ങനെ പോയാൽ പറ്റില്ല. എന്തെങ്കിലും ചെയ്‌തെന്ന് വരുത്തിയാലേ രക്ഷയുള്ളൂ. അതുകൊണ്ട് തന്നെ എല്ലാത്തിനും കാരണം റിസർവ്വ് ബാങ്കാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. എന്നാൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലി സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആളാണ്. അതുകൊണ്ട് തന്നെ റിസ്സർവ്വ് ബാങ്കിന്റെ നയങ്ങളിൽ ഇടപെടാറുമില്ല.

ഇതോടെ പുതു തന്ത്രം പുറത്തെടുക്കുകയാണ് ബിജെപി. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത് വന്നത് ഇതിന്റെ ഭാഗമാണ്. രഘുറാം രാജന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്ത് ഒരു മാറ്റങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും പരാജയമാണെന്നും സ്വാമി ആരോപിച്ചു. രാജന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തിന് അനുയോജ്യമല്ല. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് രഘുറാം രാജന്റെ സാമ്പത്തിക നയങ്ങൾ മൂലമാണ്. വിലക്കയറ്റവും നാണയപെരുപ്പവും നിയന്ത്രിക്കാമെന്ന് ചൂണ്ടിക്കാട്ടി പലിശ നിരക്ക് കുത്തനെ വർധിപ്പിക്കുകയാണ് ചെയ്തതെന്നും സ്വാമി കുറ്റപ്പെടുത്തി. രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവച്ച് ഷിക്കാഗോയിലേക്ക് പോകണമെന്നും സ്വാമി ആവശ്യപ്പെട്ടു.

2013ൽ റിസർവ് ബാങ്ക് ഗവർണർ ആകുന്നതിന് മുമ്പ് രഘുറാം രാജൻ ഷിക്കാഗോയിൽ ബൂത്ത് സ്‌കൂൾ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരുന്നു. നിലവിൽ ജോലിയിൽ നിന്ന് അവധി എടുത്താണ് അദ്ദേഹം റിസർവ് ബാങ്ക് ഗവർണർ പദവി വഹിക്കുന്നത്. മന്മോഹൻസിംഗാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ദിശാ ബോധം നൽകാൻ രഘുറാമിനെ എത്തിച്ചത്. അത് ഫലം കാണുകയും ചെയ്തു. ആഗോളാ സാമ്പത്തിക മാന്ദ്യത്തിൽ പല വമ്പന്മാരും തകർന്നു. അപ്പോഴും ഇന്ത്യ മാത്രം കുലുക്കമില്ലാതെ നിന്നു. ഇതിന് കാരണം റിസർവ്വ് ബാങ്കിന്റെ നയവും ഇടപെടലുമായിരുന്നു. അങ്ങനെ രാജ്യത്തിന് സാമ്പത്തിക കരുത്ത് നൽകിയ വ്യക്തിയെയാണ് സുബ്രഹ്മണ്യം സ്വാമി അപമാനിക്കുന്നത്.

സുബ്രഹ്മണ്യം സ്വാമിയെ ഈയിടെ രാജ്യസഭയിലേക്ക് പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തിരുന്നു. ജെയ്റ്റ്‌ലിയെ മാറ്റി സ്വാമിയെ ധനമന്ത്രിയാക്കുമെന്ന അഭ്യൂഹവും ഉണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടാക്കുന്നത്. 2008ൽ അമേരിക്ക ഉൾപ്പെടെയുള്ള മുതലാളിത്തരാജ്യങ്ങൾ അഭിമുഖീകരിച്ച സാമ്പത്തിക തകർച്ച 2005ൽതന്നെ പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലെ ബൂത്ത് ബിസിനസ് സ്‌കൂൾ പ്രൊഫസർകൂടിയായിരുന്ന രഘുറാം രാജൻ. അഹമ്മദാബാദ് ഐഐഎം, ഡൽഹി ഐഐടി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം അമേരിക്കയിലെ പ്രശസ്തമായ എംഐടിയിൽനിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

1990കളിലെ സാമ്പത്തികസ്ഥിതിയോട് താരതമ്യംചെയ്യാൻ കഴിയുന്ന ധനപ്രതിസന്ധി രാജ്യത്ത് പ്രത്യക്ഷപ്പെട്ട ഘട്ടത്തിലാണ് രഘുറാം രാജൻ റിസർവ്വ് ബാങ്കിന്റെ തലപ്പത്ത് എത്തിയത്. ഈ ഘട്ടത്തെ ഇന്ത്യ അതിജീവിച്ചത് ഈ ധനശാസ്ത്രജ്ഞന്റെ കരുത്തിലാണ്.