തിരുവനന്തപുരം: മുൻ ഡിജിപി: ടി.പി.സെൻകുമാർ വ്യാജരേഖ ഹാജരാക്കി അവധിയെടുത്തെന്ന പരാതിയിൽ കേസ് എടുക്കാൻ പൊലീസ് ആസ്ഥാനത്തെ എഐജി: വി.ഗോപാലകൃഷ്ണൻ പലവട്ടം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിർദ്ദേശം നൽകിയെന്നു വ്യക്തമാക്കി വിവരാവകാശ രേഖ. ഇതു ഡിജിപി അറിയാതെ അതിനു മുകളിലൂടെയാണു വന്നിട്ടുള്ളതെന്നും നടപടി സ്വീകരിക്കണമെന്നും എഐജി നിർദ്ദേശിച്ചെന്നു മ്യൂസിയം സ്റ്റേഷനിലെ ജനറൽ ഡയറിയിൽ(ജിഡി) എസ്‌ഐ: ജി.സുനിൽ രേഖപ്പെടുത്തിയതു പുറത്തായി. സെൻകുമാറിനെതിരെ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരാവകാശ രേഖ.

വിവരാവകാശ നിയമപ്രകാരം ഈ കേസിലെ ജിഡി രേഖകൾ ആവശ്യപ്പെട്ട് 114 ദിവസം മുൻപാണു മ്യൂസിയം എസ്‌ഐക്ക് അപേക്ഷ നൽകിയത്. അദ്ദേഹം അതു തള്ളി. അപ്പീൽ അധികാരിയായ സിഐയും അപേക്ഷ തള്ളി. തുടർന്നു വിവരാവകാശ കമ്മിഷനിൽ പരാതി എത്തി. തിങ്കളാഴ്ചയായിരുന്നു അന്തിമവാദം. രേഖകൾ ഉടൻ നൽകണമെന്നും ഇല്ലെങ്കിൽ എസ്‌ഐക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം.പോൾ ഉത്തരവിട്ടു. തുടർന്ന് ഇന്നലെ രേഖകൾ നൽകി. അങ്ങനെയാണ് സെൻകുമാറിനെതിരെ നടന്ന ഗൂഢാലോചന വ്യക്തമാകുന്നത്.

സെൻകുമാറിനെതിരെ പാച്ചല്ലൂർ സ്വദേശി എ.ജെ.സുക്കാർനോയാണു ആദ്യം സെൻകുമാറിനെതിരെ പരാതി നൽകിയത്. സിപിഎം നേതാവാണ് സുക്കാർനോ. ഓഗസ്റ്റ് 14ന് ആണു സുക്കാർനോ വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിലും നൽകിയത്. പരാതി കിട്ടിയതു ജിഡിയിൽ എസ്‌ഐ രേഖപ്പെടുത്തി. പരാതിയുടെ ഉള്ളടക്കം മേലധികാരികളുമായി സംസാരിച്ചു. അപ്പോൾ വിജിലൻസ് ഡയറക്ടറായിരുന്ന ലോക്‌നാഥ് ബെഹ്‌റ പരാതി തള്ളിയിരുന്നു.

മ്യൂസിയം സ്റ്റേഷനിലെ ജിഡി ചാർജുകാരനായ എഎസ്‌ഐ 14നു രാത്രി 9.24നു ജിഡിയിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. സെൻകുമാർ സാറിനെതിരെ കിട്ടിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തോയെന്ന് ഐഐജി ചോദിച്ചു. പരാതി എസ്‌ഐയെ ഏൽപിച്ചെന്നും അദ്ദേഹം സിഐയുമായി ചർച്ച ചെയ്തുവെന്നും മേലധികാരികളെ ഫോണിൽ വിളിക്കുന്നതു കണ്ടുവെന്നും അറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ ആണോയെന്നു ചോദിച്ചു. എസ്‌ഐ ആണെന്നു പറഞ്ഞു.

രാത്രി 9.45ന് എസ്‌ഐ സുനിൽ ജിഡിയിൽ രേഖപ്പെടുത്തിയത്: എന്റെ ഔദ്യോഗിക ഫോണിലേക്ക് എഐജി വിളിച്ചു മുൻ ഡിജിപി സെൻകുമാറിനെതിരെ പരാതി ഉണ്ടെന്നും അതിൽ എഫ്‌ഐആർ എടുക്കണമെന്നും നിർദ്ദേശിച്ചു. എഫ്‌ഐആർ എടുത്തില്ലെങ്കിൽ അവർ ഹൈക്കോടതിയിൽ പോകുമെന്നൊക്കെ പറഞ്ഞു. ഡിജിപി അറിയാതെ അതിനു മുകളിലൂടെയാണു പരാതി വന്നിട്ടുള്ളതെന്നും നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. മേലധികാരികളുമായി സംസാരിച്ചു നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു.

എങ്കിലും എസ്‌ഐ കേസ് എടുത്തില്ല. തുടർന്ന്, അന്നത്തെ ചീഫ് സെക്രട്ടറിക്കു നൽകിയ പരാതി വീണ്ടും എസ്‌ഐയുടെ മുൻപിലെത്തി. കേസ് എടുക്കാൻ ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചെങ്കിലും രേഖാമൂലം ഉത്തരവ് വേണമെന്ന് എസ്‌ഐ പറഞ്ഞു. തുടർന്നു ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം 2017 ഓഗസ്റ്റ് 19ന് ആണു കേസ് എടുത്തത്. സുക്കാർനോയ്ക്കു പകരം എഫ്‌ഐആറിൽ ചീഫ് സെക്രട്ടറി പരാതിക്കാരനുമായി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സെൻകുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സെൻകുമാർ പൊലീസ് മേധാവിയായി തിരിച്ചെത്തിയപ്പോൾ പൊലീസ് ആസ്ഥാനത്തെ എഐജിയായിരുന്നു ഗോപാലകൃഷ്ണൻ. സെൻകുമാറുമായി വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.