മുംബൈ: രാജ്യം കാത്തിരുന്ന തെരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. പ്രത്യേകിച്ചു ഇന്ത്യൻ വ്യവസായ ലോകം. കോർപ്പറേറ്റുകളുടെ ഇഷ്ടക്കാരനായ പ്രധാനമന്ത്രി മോദിയും ബിജെപിയും വിജയിക്കാനാണ് വൻ വ്യവസായികൾ ആഗ്രഹിച്ചിരുന്നത്. ആഗ്രഹം അനുസരിച്ചു തന്നെ ഗുജറാത്തിൽ റിസൽട്ട് വന്നു. ഇതിന്റെ പ്രതിഫലം ഓഹരി വിപണിയിലും ഉണ്ടായി. കോർപ്പറേറ്റുകൾ ആഗ്രഹിച്ചിരുന്നത് ബിജെപി വിജയമായിരുന്നു. എന്നാൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ ചിത്രം വ്യത്യസ്തമായിരുന്നു. കോൺഗ്രസ് മുന്നേറുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണി ഇടിഞ്ഞു. പിന്നാലെ ബിജെപി അധികാരം ഉറപ്പിച്ചതോടെ കുതിച്ചു കയറുകയും ചെയ്തു.

കോൺഗ്രസിന് നേട്ടമെന്ന വാർത്തകൾ വന്നതോടെ 850 പോയിന്റ് വരെ ഇടിഞ്ഞ സെൻസെക്‌സ തിരിച്ചുവരവിന്റെ പാതയി. രാവിലെ ഒൻപതരയോടെയായിരുന്നു ബിഎസ്ഇ സെൻസെക്‌സ് 850 പോയിന്റ് കുറഞ്ഞത്. നിഫ്റ്റി 200 പോയിന്റും കുറഞ്ഞിരുന്നു. ഗുജറാത്തിൽ ബിജെപിയുടെ ലീഡ് നില 100 തൊട്ടപ്പോൾ സെൻസെക്‌സും നിഫ്റ്റിയും കരകയറി. ഇരു പാർട്ടികളും തമ്മിൽ രണ്ടു സീറ്റിന്റെ വരെ വ്യത്യാസം വന്നതാണ് ഓഹരി വിപണിയെ ഭീതിയിലാഴ്‌ത്തിയത്. കോൺഗ്രസ് ശക്തിപ്രാപിക്കുന്നതിനെ കോർപ്പറേറ്റുകൾ ഭയക്കുന്നു എന്ന വികാരമായിരുന്നു വിപണിയിൽ പ്രതിഫലിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പു ഫലം രൂപയുടെ മൂല്യത്തെയും ബാധിച്ചിട്ടുണ്ട്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 68 പൈസ കുറഞ്ഞ് 64.72ൽ എത്തി. എക്‌സിറ്റ് പോളിനെത്തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രൂപയുടെ മൂല്യം 30 പൈസ മെച്ചപ്പെട്ട് 64.04ൽ എത്തിയിരുന്നു. നേരത്തെ, എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന വിലയിരുത്തലിൽ ഓഹരി വിപണിയിൽ നേട്ടങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 33,462.97 പോയിന്റിലും നിഫ്റ്റി 10,333.25 പോയിന്റിലുമായിരുന്നു.

കോർപ്പറേറ്റ് ലോകത്തിന് സഹായകരമാകുന്ന പദ്ധതികളുമായാണ് ബിജെപി മുന്നോട്ടു പോകുന്നത്. എണ്ണവിലയുടെ കാരത്തിൽ അടക്കം കോർപ്പറേറ്റുകൾക്ക് അനുകൂലമായാണ് അവർ തീരുമാനം കൈക്കൊണ്ടത്. ലോകത്താകമാനം എണ്ണവില കുറഞ്ഞപ്പോഴും അതിന്റെ ഫലം അനുഭവിക്കാൻ ഇന്ത്യക്കാർക്ക് സാധിച്ചില്ല. റിലയൻസ് അടക്കമുള്ള പെട്രോളിയം കമ്പനികൾ അതിന്റെ നേട്ടമുണ്ടാക്കുകയും ചെയ്തു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ നരേന്ദ്ര മോദി കൂടുതൽ ഭരണപരിഷ്‌ക്കരണ നടപടികളിലേക്ക് കടക്കുമെന്നതും വ്യക്തമാണ്. ഇത് കോർപ്പറേറ്റുകൾക്കും അനുകൂലമായി മാറും.