മുംബൈ: രാജ്യത്തെ ഓഹരിവിപണിയിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് ഒരുഘട്ടത്തിൽ 28,000 പോയിന്റ് ഭേദിച്ചു. നിലവിൽ സെൻസെക്‌സ് 100 പോയിന്റും നിഫ്റ്റി 20 പോയിന്റിലേറെയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഇൻഫ്ര, ഓയിൽ ആൻഡ് ഗ്യാസ് കമ്പനികളാണ് ബുധനാഴ്ച നേട്ടമുണ്ടാക്കിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വൻതോതിൽ താഴുന്നതാണ് ഓഹരി വിപണിയിലെ മുന്നേറ്റത്തിന് മുഖ്യകാരണം.

ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ ബാരലിന് 82 ഡോളറാണ്. നാണ്യപ്പെരുപ്പ് നിരക്ക് താഴുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും വിപണിക്കുണ്ട്. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന ക്രിയാത്മക നടപടികൾ വരുന്ന ബജറ്റിൽ ഉണ്ടാകണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് നൽകിയെന്ന വാർത്തയും വിപണിക്ക് പ്രതീക്ഷയേകുന്നുണ്ട്.