ന്യൂയോർക്ക്: കലണ്ടർ സ്ലാം നേട്ടത്തിന്റെ പടിവാതിൽക്കൽ നിന്ന് സെറീനാ വില്ല്യംസിന് കണ്ണീരോടെ മടക്കം. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് സെമിയിൽ ഇറ്റലിയുടെ സീഡില്ലാ താരം റോബർട്ട വിൻസിക്കുമുന്നിൽ കീഴടങ്ങിയ സെറീന ടെന്നിസിലെ അതുല്യനേട്ടത്തിന് പടിവാതിൽക്കലകലെ കീഴടങ്ങി.

43ാം റാങ്കുകാരിയായ റോബർട്ട ടെന്നിസ് ലോകം കണ്ട ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നിലൂടെയാണ് ഫൈനലിൽ പ്രവേശനം നേടിയിരിക്കുന്നത്. മറ്റൊരു അട്ടിമറിയിലൂടെ ഫൈനലിലെത്തിയ നാട്ടുകാരി ഫ് ലാവിയ പെന്നേറ്റയെയാണ് റോബർട്ട ഫൈനലിൽ നേരിടേണ്ടത്.

ആദ്യ സെറ്റ് ജയിച്ച് കരുത്തറിയിച്ചെങ്കിലും പാദത്തിലെ പരിക്ക് അമേരിക്കൻ താരത്തിന്റെ അടിതെറ്റിച്ചു. രണ്ടും മൂന്നും സെറ്റുകളിൽ തീർത്തും ദയനീയമായിപോയ സെറീനക്ക് 27 വർഷത്തിനുശേഷം കലണ്ടർ സഌമെന്ന മോഹം ഫൈനലിനുമുമ്പേ ഉപേക്ഷിക്കേണ്ടിവന്നു. സ്‌കോർ: 2-6, 6-4, 6-4.

ലോകറാങ്കിങ്ങിൽ 43ാം സ്ഥാനക്കാരിയായിരുന്ന വിൻസിയുടെ ആദ്യ ഗ്രാൻഡ്‌സഌം സെമി ഫൈനൽ മത്സരമായിരുന്നു ആർതർ ആഷെയിൽ സെറീനക്കെതിരെ. ദുർബലയായ എതിരാളിക്കുമുന്നിൽ അനായാസ ജയം മോഹിച്ചായിരുന്നു ഒന്നാംനമ്പർ താരത്തിന്റെ പടയിറക്കം. ആദ്യ സെറ്റിൽ, പ്രതീക്ഷകൾപോലെ അനായാസമായി ജയം. എന്നാൽ, രണ്ടാം സെറ്റിൽ കാര്യങ്ങൾ കൈവിട്ടുതുടങ്ങി. കരുത്തുറ്റ സർവും ടാക്ടികൽ റിട്ടേണുകളുമായി കളംവാണ വിൻസി സെറീന തിരിച്ചുവരവിന് ശ്രമിച്ചപ്പോഴെല്ലാം ശക്തമായി പ്രതിരോധിച്ചാണ് മത്സരം സ്വന്തമാക്കിയത്.

സീസണിൽ ആസ്‌ട്രേലിയൻ ഓപൺ, ഫ്രഞ്ച് ഓപൺ, വിംബ്ൾഡൺ എന്നിവ സ്വന്തമാക്കിയാണ് സെറീന കലണ്ടർ സഌമിനായി നാട്ടിലിറങ്ങിയത്. 1988ൽ സ്റ്റെഫി ഗ്രാഫിന്റെ നേട്ടത്തിനുശേഷം കലണ്ടർ സഌം അണിയുന്ന ആദ്യ താരമാവാനുള്ള ഒരുക്കമാണ് ഇറ്റാലിയൻ താരം തച്ചുടച്ചത്.

യുഎസ് ഓപ്പൺ ടെന്നിസിൽ പ്രായം കൊണ്ടു ചരിത്രമെഴുതി ഫൈനലിലെത്തിയ ഫ്‌ലാവിയ പെന്നേറ്റയെ വിൻസി നേരിടും. രണ്ടാം സീഡ് സിമോണ ഹാലെപിനെ കീഴടക്കിയാണ് മുപ്പത്തിമൂന്നുകാരി പെന്നേറ്റ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോർഡും പേരിലാക്കിയത്. 61, 63. സ്‌കോർ സൂചിപ്പിക്കുന്ന പോലെ ഏകപക്ഷീയമായിരുന്നു കളി. രണ്ടു സെറ്റുകളും അനായാസം കീഴടക്കിയാണ് ഇറ്റലിക്കാരി പെന്നേറ്റ റുമേനിയൻ താരമായ ഹാലെപിനെ അട്ടിമറിച്ചത്.