ന്യൂയോർക്ക്: താനൊരു വഞ്ചകിയല്ലെന്നും യു.എസ് ഓപ്പൺ ഫൈനലിൽ താൻ ആരേയും ചതിച്ചിട്ടില്ലെന്നും അമേരിക്കൻ ടെന്നീസ് താരം സെറീന വില്ല്യംസ്. ജപ്പാൻ താരം നവോമി ഒസാക്കയ്ക്കെതിരായ ഫൈനലിൽ മൂന്ന് പെനാൽറ്റി പോയിന്റുകൾ സെറീനക്ക് കിട്ടിയിരുന്നു. കളിക്കിടയിൽ കോച്ചിങ് സ്വീകരിച്ചതിനും റാക്കറ്റ് എറിഞ്ഞുടച്ചതിനും പെനാൽറ്റി പോയിന്റും അമ്പയർ കാർലോസ് റാമോസിനെ കള്ളനെന്ന് വിളിച്ചതിന് പെനാൽറ്റി ഗെയിമുമാണ് സെറീനക്ക് ശിക്ഷയായി ലഭിച്ചത്. ഈ നാടകീയതകൾക്കുള്ളിൽ ഒസാക്കയുടെ ചരിത്ര വിജയം മുങ്ങിപ്പോവുകയും ചെയ്തു.

എന്നാൽ താൻ ആരേയും ചതിച്ചിട്ടില്ലെന്നും വനിതാ താരങ്ങൾ വിവേചനം നേരിടുന്നുണ്ടെന്നും സെറീന മത്സരശേഷം പ്രതികരിച്ചു. പുരുഷ താരമാണെങ്കിൽ പെനാൽറ്റി പോയിന്റ് ലഭിക്കില്ലായിരുന്നുവെന്നും താൻ ഒരു വനിതാ താരമായതിനാലാണ് അമ്പയറിൽ നിന്ന് ഇത്തരം നടപടി നേരിട്ടതെന്നും സെറീന വ്യക്തമാക്കി.

അതേസമയം മത്സരത്തിനിടയിൽ തനിക്ക് കോച്ചിങ് നൽകിയിട്ടുണ്ടെന്ന് പരിശീലകൻ പാട്രിക് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സെറീന ചൂണ്ടിക്കാട്ടി. മത്സരശേഷം ഇ.എസ്‌പി.എന്നിന് നൽകിയ അഭിമുഖത്തിലാണ് താൻ സെറീനക്ക് കോച്ചിങ് നൽകിയെന്നും എന്നാൽ സെറീന അത് കണ്ടില്ലെന്നും പാട്രിക് വ്യക്തമാക്കിയത്. കളിക്കിടയിൽ കോച്ചിങ് നൽകുന്നത് നിയമ ലംഘനമായതിനാൽ അമ്പയർ സെറീനക്ക് ആദ്യ പെനാൽറ്റി വിധിക്കുകയും ചെയ്തു.

'പാട്രികിന് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്. അയാൾ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല. ഞങ്ങൾ സിഗ്‌നലുകൾ കൈമാറിയിട്ടില്ല.' സെറീന പറയുന്നു. അമ്പയർമാരെ ചീത്ത വിളിക്കുന്ന നിരവധി പുരുഷ താരങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവർക്കെതിരെയൊന്നും ഇതുവരെ നടപടിയെടുത്ത് കണ്ടിട്ടില്ല. ഞാൻ സ്ത്രീകളുടെ സമത്വത്തിനും അവകാശത്തിനും വേണ്ടിയാണ് പോരാടുന്നത്' സെറീന വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം യു.എസ് ഓപ്പണിനിടെ നടന്ന സംഭവവും സെറീന ചൂണ്ടിക്കാട്ടി. കോർട്ടിൽ വെച്ച് വസ്ത്രം മാറിയിട്ടതിന് ഫ്രഞ്ച് താരം അലീസ കോർനെറ്റിനെ താക്കീത് ചെയ്തിരുന്നു. ഇതും സ്ത്രീ ആയതുകൊണ്ടാണെന്നും പുരുഷ താരങ്ങളെ ഈ വിഷയത്തിലും താക്കീത് ചെയ്യാറില്ലെന്നും സെറീന ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കുവേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും സെറീന കൂട്ടിച്ചേർത്തു.