കൊച്ചി: കൊച്ചിയിൽ ഗതാഗതം മുടക്കി സീരിയൽ നടിമാരുടെ പരാക്രമം. കൈക്കൂഞ്ഞുമായി ആശുപത്രിയിൽ പോയ ദമ്പതിമാരെ കൈയേറ്റം ചെയ്ത സീരിയൽ നടിമാരാണ് പൊലീസ് സ്‌റ്റേഷൻ കയറിയിറങ്ങിയത്. എറണാകുളം കതൃക്കടവ് പമ്പ് ജംഗ്ഷന് സമീപം ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. ഹൈക്കോടതി അഭിഭാഷകനും വൈറ്റില സ്വദേശിയുമായ പി. പ്രജിത്തിനും ഭാര്യയ്ക്കും നേരെയാണ് മൂന്ന് നടിമാർ ചേർന്ന് കെയേറ്റം നടത്തിയത്. സംഭവത്തിൽ കടവന്ത്ര കുമാരനാശാൻ നഗർ സെന്റ് സെബാസ്റ്റ്യൻ റോഡ് ഗാലക്‌സി വിൻസ്റ്ററിൽ സാന്ദ്ര ശേഖർ (26), തൃശ്ശൂർ മുളങ്കുന്നത്തുകാവ് നങ്ങേത്തിൽ എം. അജിത (25), കോട്ടയം അയ്യർകുളങ്ങര വല്ലകം മഠത്തിൽപ്പറമ്പിൽ ശ്രീല പത്മനാഭൻ (30) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കാർ സഡൻ ബ്രേക്കിട്ടതിനെ ചൊല്ലിയുണ്ടാ തർക്കമാണ് കോടതി കയറിയത്. പിന്നാലെ ഒരേ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവതികൾ പ്രജിത്തിനെ അസഭ്യം പറയുകയും മുൻസീറ്റിൽ ഇരുന്ന ശ്രീജയുടെ കവിളിൽ അടിക്കുകയുമായിരുന്നു. മൂവരും ഒരേ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് മൂന്ന് കുപ്പി ബിയറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്:

പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുപോവുകയായിരുന്നു പ്രജിത്തും ഭാര്യ ശ്രീജയും. പ്രജിത്താണ് കാർ ഓടിച്ചത്. പമ്പ് ജങ്ഷന് സമീപമെത്തിയപ്പോൾ മുന്നിൽ പോയ ഓട്ടോറിക്ഷ ബ്രേക്കിട്ടതിനെ തുടർന്ന് ഇദ്ദേഹവും സഡൻ ബ്രേയ്ക്കിട്ടു. ഇവർക്ക് പിറകിൽ ഒരു സ്‌കൂട്ടറിലായിരുന്നു സാന്ദ്രയും അജിതയും ശ്രീലയും സഞ്ചരിച്ചത്. കാർ സഡൻ ബ്രേക്കിട്ടതോടെ പിന്നാലെ വന്ന ബൈക്ക് കാറിൽ തട്ടാൻ പോയി. ഇതോടെ കോപാകുലയായ സ്ത്രീകളിൽ കാറിന്റെ ഇടതുവശത്ത് കൂടി കയറിവന്ന ശേഷം യുവതികൾ പ്രജിത്തിനെ അസഭ്യം പറഞ്ഞു.

ഇതു കേട്ട് ഡോർ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ച ഇയാളെ ഭാര്യ ശ്രീജ തടഞ്ഞു. ഇതോടെ ശ്രീജയുമായി വാക്കുതർക്കമുണ്ടായ യുവതികൾ അവർക്ക് നേരെ തിരിഞ്ഞു. ശ്രീജയ്ക്ക് നേരെ യുവതികൾ അസഭ്യം പറയുകയും സാന്ദ്ര കൈവീശി ശ്രീജയെ അടിക്കുകയുമായിരുന്നു. ഈ സമയത്ത് കുഞ്ഞ് ശ്രീജയുടെ കൈയിലുണ്ടായിരുന്നു. കൈകൊണ്ട് തടഞ്ഞതിനാലാണ് കുഞ്ഞിന് അടി കൊള്ളാതിരുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

സാന്ദ്രയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. നടുറോഡിൽ നിന്ന് യുവതികൾ തർക്കം തുടങ്ങിയതോടെ ഗതാഗതവും തടസപ്പെട്ടു. യുവതികളുടെ പരാക്രമം കണ്ട് മറ്റ് വാഹനങ്ങളിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങി യുവതികളോട് കയർത്തു. തങ്ങൾ താര സംഘടനയായ 'അമ്മ' യുടെ അംഗങ്ങളാണെന്നും വിവരമറിയുമെന്നും ഇവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ആൾക്കാർ കൂടിയപ്പോൾ പതിയെ മുങ്ങാൻ ഇവർ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും പൊലീസിനെ വിവരം അറിയിച്ചിരുന്നു.

കടവന്ത്ര എസ്.ഐ ടി. ഷാജിയും സംഘവും ഉടൻ സ്ഥലത്തെത്തി മൂവരേയും കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ ഇവർ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും വിശദ പരിശോധനയ്ക്കായി ജനറൽ ആശുത്രിയിലേക്ക് കൊണ്ടുപോയി. ദമ്പതിമാർക്കൊപ്പം കാറിൽ ഇവരുടെ ആദ്യത്തെ കുഞ്ഞും ഉണ്ടായിരുന്നു. സെൻട്രൽ എ.സി.പി കെ.വി. വിജയൻ, സി.ഐ വിജയകുമാർ എന്നിവർ സ്റ്റേഷനിലെത്തി മൂവരെയും ചോദ്യം ചെയ്തു. സിനിമസീരിയൽ അഭിനയത്തിന്റെ ഭാഗമായാണ് ഇവർ കൊച്ചിയിൽ താമസമാക്കിയത്. സാന്ദ്ര കടവന്ത്രയിലും അജിതയും ശ്രീലയും പാലാരിവട്ടത്തെയും ഫ്ളാറ്റിലാണ് താമസം.